2018-01-29 19:17:00

ഒരു ആരാധനക്രമഗീതത്തിന്‍റെ പൊതുവായ അവലോകനം


പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 24, ആരാധനക്രമഗീതത്തിന്‍റെ പൊതുവായ അവലോകനമാണിന്ന്.

പഴയനിയമത്തില ഒരു സ്തുതിപ്പാണെന്ന് നാം പഠിച്ചതാണ്. വിശ്വാസജീവതത്തിന്‍റെ ഭാഗമാണ് ആരാധക്രമം. അത് ജീവിത മഹൂര്‍ത്തമാണ്. പ്രാര്‍ത്ഥന മുഹൂര്‍ത്തമാണ്. അരാധനക്രമ ഗീതങ്ങള്‍ക്ക് മുഹൂര്‍ത്തമുണ്ടെന്ന് ഈ ഗീതം സങ്കീര്‍ത്തനം 24 നമുക്ക് മനസ്സിലാക്കിത്തരുന്നു. സ്രഷ്ടാവായ ദൈവത്തിന്‍റെ സാന്നിദ്ധ്യാവബോധം ഉണര്‍ത്തുന്ന ഗീതമാണിത്. ദൈവം മോശയ്ക്കു നല്കിയ
10 കല്പനകള്‍ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവികസാന്നിദ്ധ്യമായി മെല്ലെ പരിണമിച്ചു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവം തങ്ങളുടെ കൂടെയുണ്ട്, തങ്ങളെ നയിക്കുന്നു, പരിപാലിക്കുന്ന എന്നതിന്‍റെ അടയാളമായിരുന്നു കല്‍ഫലകങ്ങളില്‍ കൊത്തിയ ദൈവകല്പനകള്‍. അതുകൊണ്ടാണ് ഇസ്രായേല്‍ ആദ്യംതന്നെ വളരെ ശാസ്ത്രീയമായും, വാസ്തുഭംഗിയിലും കല്‍പനകളുടെ ഫലകങ്ങള്‍ക്കായി ഒരു കൂടാരം നിര്‍മ്മിച്ചത്. വാഗ്ദത്തഭൂമിയിലേയ്ക്കുള്ള ഇസ്രായേലിന്‍റെ പ്രയാണത്തിനിടെ കൂടാരിത്തിനുള്ളില്‍ പേടകത്തില്‍ സൂക്ഷിച്ചിരുന്ന കല്‍ഫലകങ്ങള്‍ അവര്‍ ആഘോഷമായി വഹിച്ചുകൊണ്ടുപോവുകയും, കൂടാരം മാറ്റിസ്ഥാപിക്കുകയും ചെയ്തുപോന്നു. ചരിത്രഘട്ടത്തില്‍ ദാവീദു രാജാവാണ് ആരാധനമുഹൂര്‍ത്തങ്ങളും, മുഹൂര്‍ത്തങ്ങള്‍ക്ക് ഇണങ്ങുന്ന  ഗീതങ്ങളും എഴുതി ഉണ്ടാക്കിയെന്നതിന് പാരമ്പര്യവും ചരിത്രവുമുണ്ട്. പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആലയത്തിലേയ്ക്കുള്ള പ്രവേശന പ്രഭണിതമെന്നപോലെ സങ്കീര്‍ത്തനം 24 ഇസ്രായേല്‍ ജനം ആലപിച്ചിരുന്നതാണത്രേ! കര്‍ത്താവിന്‍റെ കല്പനകള്‍ വഹിച്ചുകൊണ്ടു പോകുമ്പോള്‍ ഗായകന്‍ പ്രഘോഷിക്കുന്നത്, കര്‍ത്താവ് ആഗതനാകുന്നു. മഹത്വത്തിന്‍റെ രാജാവ്. വരുന്നു!! കമാനങ്ങളേ, കവാടങ്ങളേ... ഉയര്‍ന്നു നില്ക്കുവിന്‍...!! അങ്ങനെ, കര്‍ത്തൃസാന്നിധ്യത്തിന്‍റെ ശ്രേഷ്ഠമുഹൂര്‍ത്തം പ്രഘോഷിക്കുന്നതാണ് സങ്കീര്‍ത്തനം 24!

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും...
Musical Version of Ps.24
കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.

ദാവീദ് രാജാവ് രചിച്ച, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദൈവികസാന്നിദ്ധ പ്രഘോഷണഗീതം, സ്രഷ്ടാവായ ദൈവത്തിന്‍റെ സാന്നിധ്യമാണ് ഏറ്റുപാടുന്നത്. സഭയുടെ അരാധനക്രമഗീതങ്ങള്‍ ആരാധനയുടെ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമാം വിധത്തില്‍ ദൈവവചനവും സഭാപാര്യമ്പര്യങ്ങളും കോര്‍ത്തിണക്കിയ വളരെ ഗഹനവും സമ്പന്നവുമായ രചനകളാണ്. സൂക്ഷ്മപരിശോധനയില്‍നിന്നും മനസ്സിലാക്കാം. ദാവീദുരാജാവ് ഇസ്രായേലിന്‍റെ പരമ്പര്യവും ഉല്പത്തി പുസ്തകത്തില്‍നിന്നും ദൈവം സ്രഷ്ടാവ്, ആകാശവും ഭൂമിയും, വാനവിതാനങ്ങളും തീര്‍ത്തവന്‍ എന്ന വചനവും കോര്‍ത്തിണക്കിക്കൊണ്ടാണ് സങ്കീര്‍ത്തനം ആരംഭിക്കുന്നത്. അത്, ഉല്‍പത്തിപ്പുസ്തകം വിവരിക്കുന്ന സൃഷ്ടിയുടെ ഭാഗമാണ്. തീര്‍ന്നില്ല പുറപ്പാടിലെ രംഗങ്ങളും, മോശയുടെ പാരമ്പര്യവും ദാവീദ് രാജാവ്, സങ്കീര്‍ത്തകന്‍ രചനയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ദൈവം നല്കിയ പത്തുകല്പനകളും, അതുവഴി അവിടുന്നു പ്രകടമാക്കിയ തന്‍റെ ജനത്തോടുളള സ്നേഹവും, വാത്സല്യവും സങ്കീര്‍ത്തകന്‍ വരികള്‍ക്കിടയില്‍ അനുസ്മരിക്കുന്നു.

Musical Version Ps. 24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ!


പിന്നെയും മുന്നോട്ടു പോകുമ്പോള്‍ ഗീതം കര്‍ത്താവിന്‍റെ ഭക്തനുള്ള യോഗ്യതയെക്കുറിച്ചും പ്രതിപാദിക്കുന്നു. നിര്‍മ്മലമായ ഹൃദയമുള്ളവനാണ് കര്‍ത്താവിന്‍റെ സന്നിധ്യത്തില്‍ നില്ക്കാന്‍ യേഗ്യതയുള്ളത്, എന്ന് ഗീതം വ്യക്തമാക്കുന്നു. സങ്കീര്‍ത്തനം 24-ന്‍റെ പഠനപശ്ചാത്തലത്തില്‍ ആധുനികകാലത്തെ ദേവാലയഗീതങ്ങളിലേയ്ക്ക് ഈ അവലോകം തിരിക്കുന്നതില്‍ തെറ്റില്ലെന്നു ധരിക്കുന്നു.
സഭയുടെ ആരാധനക്രമഗീതങ്ങള്‍ക്ക് അതിന്‍റേതായ ചരിത്രവും പാരമ്പര്യവും, ഘടനയും മുഹൂര്‍ത്തവും, ഭാഷാഭംഗിയും നിയമങ്ങളും ഉണ്ട്. പൗരസ്ത്യ സുറിയാനി ഗീതങ്ങളോ, പശ്ചാത്യ ലത്തീന്‍ ഈണങ്ങളോ ഏതു പരിശോധിച്ചാലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ആരാധനയും അവയുടെ മുഹൂര്‍ത്തങ്ങളും, വചനാധിഷ്ഠിതമായ ഉള്‍ക്കാമ്പും, സഭയുടെ പാരമ്പര്യങ്ങളില്‍ ഊന്നിയുള്ള വളര്‍ച്ചയും, പഠനവിഷയമാക്കേതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം പ്രാദേശീകവത്ക്കരണത്തിന് അനുവാദം ലഭിച്ചതിന്‍റെ വെളിച്ചത്തില്‍ ആരാധനക്രമഗീതങ്ങളുടെ ശാസ്ത്രീയമായ വശങ്ങള്‍... സഭാപാരമ്പര്യത്തിന്‍റെയും, വചനത്തിലുള്ള അതിന്‍റെ മൂലങ്ങളുടെയും മുഹൂര്‍ത്തം മനസ്സിലാക്കാതെ, അവ ശരിയായി പഠിക്കാതെയുള്ള രചനകള്‍ നമ്മുടെ ദേവാലയങ്ങളില്‍ കഴിഞ്ഞ 50 വര്‍ഷമായി കടന്നു കൂടുകയും... ആരാധനക്രമമുഹൂര്‍ത്തങ്ങളുടെ അന്തസ്സും, അര്‍ത്ഥവും, അതിന്‍റെ സാഹിതീഭംഗിയും പരിഗണിക്കാതെ, ഗീതങ്ങള്‍ കടന്നുകൂടിയെന്നതാണ് സത്യം... സങ്കീര്‍ത്തനം 24-ന്‍റെ പൊതുഅവലോകത്തിന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷിക്കാവുന്നതാണ്.

Musical Version of Ps. 24
കര്‍ത്താവിന്‍റെ മലയില്‍ ആരുപ്രവേശിക്കും
അവിടുത്തെ വിശുദ്ധമന്ദിരത്തില്ആരു നിലനില്ക്കും
കളങ്കമറ്റഹൃദയവും നിര്മ്മല മനസ്സുമുള്ളവര്‍
മിഥ്യയുടെമേല്മനസ്സു പതിക്കാത്തവനും
കള്ളസത്യം പറയാത്തവനും.

പ്രാപിഞ്ചികവും പാരിസ്ഥിതികവുമായ ധ്യാനത്തില്‍നിന്നാണ് ഈ ഗീതം അരംഭിക്കുന്നത്. ഭൂമിയുടെ അടിത്തട്ടിനെയോ അതിന്‍റെ ജലവിതാനത്തെയോ, ആകാശഗോളങ്ങളെയൊ കുറിച്ചുള്ള ധ്യാനമല്ലിവിടെ. മറിച്ച് ഇതി‍ന്‍റെയെല്ലാം അതിനാഥനും സ്രഷ്ടാവുമായ ദൈവത്തെക്കുറിച്ചുള്ള ധ്യാനമാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൗമിക യാഥാര്‍ത്ഥ്യങ്ങളുടെയും സൃഷ്ടിയുടെയും മനോഹാരിതയില്‍നിന്ന്, ധ്യാനം പൊടുന്നനേ പുരോഗമിക്കുന്നത് മഹത്തരവും ശ്രേഷ്ഠവുമായ കാര്യങ്ങളിലേയ്ക്കാണ്. സൃഷ്ടിയില്‍ ആരംഭിക്കുന്ന ഗീതം സ്രഷ്ടാവിലയേക്ക് ഉണരുന്നു, ഉയര്‍ത്തപ്പെടുന്നു. നന്മവര്‍ഷിക്കുന്ന സ്രഷ്ടാവായ ദൈവം, രക്ഷ നല്കുന്ന ദൈവം, പരിപാലിക്കുന്ന ദൈവം.. നീതിനിഷ്ഠനായ ദൈവം എന്നിങ്ങനെ ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളും വിശേഷണങ്ങളും സ്പഷ്ടമായി നിരത്തിക്കൊണ്ടാണ് ഗായകന്‍ അനുവാചകരെ ധ്യാനത്തിലേയ്ക്കും ആരാധനയുടെ സമുന്നത മഹൂര്‍ത്തിത്തിലേയ്ക്കും നയിക്കുന്നത്.

ഈ ചിട്ടകള്‍ ഏത് ആരാധനക്രമഗീതത്തിനും അടിസ്ഥാനമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. ആരാധനക്രമഗീതങ്ങള്‍ മനോഹരമായ പദപ്രയോഗങ്ങളോ, വൈകാരികതയുടെ ഭംഗിവാക്കുകളോ, മുഖസ്തുതിയോ ആലങ്കാരികതയോ അല്ലെന്നു സങ്കീര്‍ത്തനം 24 നമ്മെ പഠിപ്പിക്കുന്നു. ഭൂമിയിലെ മനോഹരമായതെല്ലാം ദൈവം, സ്രഷ്ടാവായ ദൈവം തന്നതാണെന്ന്, അതിനാല്‍ ആ ദൈവത്തെയാണ് നാം സ്തുതിക്കേണ്ടും ആരാധിക്കേണ്ടതും. അവിടുന്നിലേയ്ക്ക് മനസ്സുയര്‍ത്താന്‍, അധരങ്ങള്‍ ഉയര്‍ത്താന്‍ ഗീതം പ്രചോദനമേകുന്നു, മാതൃകയാകുന്നു.

Musical Version Ps. 24
അവരുടെമേല്‍ കര്‍ത്താവെന്നും നന്മ വര്‍ഷിക്കും
രക്ഷകനായ ദൈവം അവര്‍ക്കായ് നീതിനടപ്പാക്കും
ഇവരാണു ദൈവത്തിന്നീതി തേടുന്നവര്‍
യാക്കോബിന്ദൈവത്തെ തേടുന്നവര്‍
ദൈവത്തെ തേടുന്നവര്‍.  

വിശുദ്ധ ഗ്രന്ഥത്തിലെ മനോഹരവും എന്നാല്‍ അപൂര്‍വ്വവുമായ ആരാധനക്രമഗീത പഠനത്തിന്‍റെ അവലോകനത്തില്‍ പ്രാദേശിക ആരാധനക്രസംഗീതത്തിന്‍റെ ആനുകാലിക ചുറ്റുപാടിലേയ്ക്ക് എത്തിനോക്കുന്നത് ഉചിതമായിരിക്കും. ആരാധനക്രമഗീതങ്ങളുടെ ആലപനരീതിയില്‍ കേരളസഭയെ സംബന്ധിച്ചു പറയുമ്പോള്‍, ഒരു അഴി‍‍‍‍‍‍‍ഞ്ഞാട്ടം, അല്ലെങ്കില്‍ അരാജകത്വം നടക്കുന്ന... total anarchy… സംഭവിക്കുന്ന കാലഘട്ടമാണിതെന്ന് ഖേദപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ!

പ്രാദ്ദേശികവത്ക്കരണത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, മ്ലേച്ഛമാണ്. ഉത്തരവാദിത്വപ്പെട്ടവരും, അറിവുള്ളവര്‍പോലും അറിഞ്ഞില്ലെന്നും നടിക്കുകയാണ്. കണ്ണടച്ച് പാലുകിടിക്കുന്ന അവസ്ഥ! സഭ നല്കിയിട്ടുള്ള നല്ല പാരമ്പര്യങ്ങളും നിര്‍ദ്ദേശങ്ങളും നിയമങ്ങളും തട്ടിത്തെറിപ്പിച്ചിട്ടാണ് ഈ വഴിതെറ്റിയ പ്രയാണം. നവീകരണത്തിന്‍റെയും പരിഷ്ക്കാരത്തിന്‍റെയും പേരില്‍ അന്ധമായൊരു പോക്കാണ്. ‘വളെടുത്തവന്‍ വെളിച്ചപ്പാട്,’ എന്ന അവസ്ഥയാണ്. ആര്‍ക്കും എന്തും ആവാമത്രേ! എല്ലാവരും പാട്ടെഴുതുന്നു ഈണംപകരുന്നു! അത് പള്ളികളില്‍ പാടി അവതരിപ്പിക്കുന്നു! ആരാധനക്രമഗീതങ്ങളും ഭക്തിഗാനങ്ങളും തമ്മില്‍ വ്യത്യാസമില്ലാതായിരിക്കുന്നു.  ആരാധനക്രമകാലഭേദങ്ങള്‍ Liturgical Seasons പോലും മാനിക്കുവാന്‍ വേണ്ടവോളം അറിവില്ലാത്തവരാണ് ആരാധനക്രമഗീതങ്ങള്‍ നമ്മുടെ ദേവാലയങ്ങളില്‍ കൈകാര്യംചെയ്യുന്നതെന്ന് പാടിവിടുന്ന പാട്ടുകളും, അവയുടെ ശൈലിയും, പശ്ചാത്തലകോലാഹലങ്ങളും കേട്ടാല്‍ മനസ്സിലാകും. സഭയുടെ ആരാധനക്രമ പാരമ്പര്യവും, നിലവിലുണ്ടായിരുന്ന നല്ല ഗീതങ്ങളും പഠിച്ച് മനസ്സിലാക്കി പരിഭാഷപ്പെടുത്തി ഉപയോഗിക്കാന്‍ മെനക്കെടാതെ, നവീകരണത്തിന്‍റെ 50 വര്‍ഷത്തില്‍ അതെല്ലാം, നല്ലതെല്ലാം തേയിച്ചു മായിച്ചു കളഞ്ഞിരിക്കുന്നു, നഷ്ടമായിരിക്കുന്നു!

‘പൂച്ചയ്ക്കാരു മണികെ‌ട്ടും...’  “ദീപസ്തംഭം മഹാശ്ചര്യം... എനിക്കും കിട്ടണം പണം!” ഇതാണു മനോഭാവമെങ്കില്‍... ആര്...എന്തുചെയ്യാന്‍! കാലം പൊറുക്കട്ടെ!!  ദാവീദു രാജനോടു ചോദിക്കാം! എങ്ങിനെ ഒരു നല്ല ആരാധനക്രമഗീതം സൃഷ്ടിക്കാം...? അതെങ്ങനെ ആലപിക്കാമെന്ന്... ഈ നല്ല ആരാധനക്രമഗീതം, സങ്കീര്‍ത്തനം 24-ന്‍റെ പഠനം പ്രചോദനമേകട്ടെ... ഉപസംഹരിക്കുന്നു.








All the contents on this site are copyrighted ©.