2018-01-26 09:20:00

ജീവിതത്തെ വിഷമയമാക്കുന്ന വ്യാജവാര്‍ത്തകള്‍


“വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമ പ്രവര്‍ത്തനങ്ങളും” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകമാധ്യമദിന സന്ദേശത്തെക്കുറിച്ച് വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ പറഞ്ഞ അഭിപ്രായം :

വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ പ്രസ്താവിച്ചു. ജനുവരി 24-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ സന്ദേശത്തിന്‍റെ പ്രകാശനത്തിനായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍വച്ചാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യാജവാര്‍ത്തകളെ തിന്മയുടെ ശക്തികളാണെന്ന് വിശേഷിപ്പിച്ചത്.  

വ്യക്തിബന്ധങ്ങളെ വിഷമയമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് വ്യാജവാര്‍ത്തകള്‍.
മുന്‍വിധിയോടെ കാര്യങ്ങളെ കാണുകയും, എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണായി ഗ്രഹിക്കാതെയും വരുമ്പോള്‍ വ്യാജവാര്‍ത്തകള്‍ രൂപപ്പെടുന്നു. വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാകുകയും അവ തിന്മയുടെ ശക്തിയായി സമൂഹത്തിലേയ്ക്ക് ഇഴുകിച്ചേരുകയും ചെയ്യുന്നത് ഇന്നിന്‍റെ സാമൂഹികപ്രക്രിയയാണ്. വ്യാജവാര്‍ത്തകള്‍ എപ്പോഴും ദൈവത്തിനും, അയല്‍ക്കാരനും, സൃഷ്ടിജജാലങ്ങള്‍ക്കും തിന്മയായിരിക്കും. ജീവിതപരിസരങ്ങളില്‍ അവയുടെ വരുംവരായ്കകള്‍ തിരിച്ചറിയുക ക്ലേശകരമാണ്. കാരണം അവ നന്മയുടെ പരിവേഷം അണിഞ്ഞുതന്നെയാണ് മാധ്യമങ്ങളിലും സമൂഹത്തിലും വെട്ടിത്തിളങ്ങി നില്ക്കുന്നത്.

ആശയവിനിമയം എന്നത് വാര്‍ത്താപ്രചാരണം മാത്രമല്ല, അത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള സംലഭ്യത, പരിപോഷണം, പാരസ്പരികത എന്നിവയാണ്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥസത്യങ്ങളായി ഒരിക്കലും അവതരിപ്പിക്കരുത്. വസ്തുതകള്‍ സമഗ്രമായും സത്യസന്ധമായും സമൂഹത്തെ ബോധ്യപ്പെടുത്തുമ്പോഴാണ് മാധ്യമധര്‍മ്മം പൂര്‍ണ്ണമാകുന്നതെന്നും മോണ്‍സീഞ്ഞോര്‍ വിഗനോ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.