2018-01-24 19:57:00

ലോക മാധ്യമദിന സന്ദേശം വ്യാജവാര്‍ത്തകളെക്കുറിച്ച്


ജനുവരി 24, ബുധനാഴ്ച ആശയവിനിമയ ലോകത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം പ്രകാശനംചെയ്യപ്പെട്ടത്. 

സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8, 32).  വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനവും…” 
എന്നതാണ് 2018-Ɔമാണ്ടിലേയക്ക് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സന്ദേശം.

ആശയവിനിമയം ദൈവിക പദ്ധതിയുടെ ഭാഗമാണ്. അത് കൂട്ടായ്മയുടെ അനുഭവത്തിന് അനിവാര്യവുമാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമുക്ക് അവിടുത്തെ യഥാര്‍ത്ഥമായ നന്മയും സത്യവും മനോഹാരിതയും പ്രതിഫലിപ്പിക്കാനാകും. നമ്മുടെ ചുറ്റമുള്ള ലോകവും അതിന്‍റെ അനുഭവങ്ങളും സത്യസന്ധമായി വിവരിക്കാനാവുന്നത് അതിന്‍റെ ചരിത്രസ്മൃതിയും സംഭവങ്ങളുടെ മനസ്സിലേറ്റലുമാണ്. കായേന്‍റേയും ആബേലിന്‍റെയും, ബാബേല്‍ ഗോപുരത്തിന്‍റെയും ബൈബിള്‍ പറയുന്ന കഥമുതല്‍ നമുക്കത് കാണാനാകും (ഉല്പത്തി 4:4-16, 11:1-9).  സത്യം വളച്ചൊടിക്കാനുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും കഴിവ് ഇന്ന് രോഗസൂചകമാണ്. എന്നാല്‍ മറുഭാഗത്ത് നാം ദൈവികപദ്ധതിയോടു വിശ്വസതയുള്ളവരായാല്‍ ആശയവിനിമയം സത്യത്തിനും നന്മയ്ക്കുമായുള്ള ഫലവത്തായ അന്വേഷണമായി മാറും.

ധൃതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നിന്‍റെ ഡിജിറ്റല്‍ ലോകത്ത്, “വ്യാജവാര്‍ത്ത”യ്ക്ക് ഏറെ പ്രചുരപ്രചാരം സിദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ലോകമാധ്യമ ദിന സന്ദേശത്തിന് താന്‍ ഈ വിഷയം തിരഞ്ഞെടുത്തെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വിശദമാക്കുന്നുണ്ട്. തന്‍റെ മുന്‍ഗാമികള്‍ കാലാകാലങ്ങളില്‍ പ്രബോധിപ്പിച്ചൊരു വിഷയത്തിലേയ്ക്കാണ് താന്‍ തിരിച്ചുവരുന്നത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1972-ലെ മാധ്യമദിനത്തിന് ഉപയോഗിച്ച സന്ദേശം “സമ്പര്‍ക്കമാധ്യമങ്ങള്‍ സത്യത്തിന്‍റെ സേവനത്തിന്…” എന്ന വിഷയമായിരുന്നു. അങ്ങനെ വ്യാജവാര്‍ത്തയുടെ പ്രചാരണത്തില്‍നിന്നും സത്യത്തിന്‍റെ പ്രയോക്തക്കളാകാനുള്ള മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിഗത ഉത്തരവാദിത്ത്വവും വീണ്ടെടുക്കാനുള്ള കൂട്ടുത്തരവാദിത്വത്തില്‍ പങ്കുചേരാന്‍ നമുക്കു പരിശ്രമിക്കാം. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപത്തിന്... www.vatican.va cf. messages

ആഗോളതലത്തില്‍ പൊതുവെ മെയ് 13-Ɔ൦ തിയതിയാണ് ലോകമാധ്യമദിനമായി ആചരിക്കുന്നത്. എന്നാല്‍ കേരളത്തിലും ഭാരതത്തില്‍ പൊതുവെയും വര്‍ഷാവസാനത്തില്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുള്ള ഞായറാഴ്ചയാണ് അജപാലനകാരണങ്ങളാല്‍ ആചരിക്കപ്പെടുന്നത്.    








All the contents on this site are copyrighted ©.