2018-01-21 14:03:00

രാത്രിയെ പ്രകാശിപ്പിക്കുന്നത് ചെറുതാരങ്ങളാണ്!


പെറുവില്‍ തദ്ദേശജനതയ്ക്കിടയില്‍ അനാഥരാക്കപ്പെട്ട കുട്ടികളുടെ പുവേര്‍ത്തോ മള്‍ദൊനാദോയിലുള്ള മന്ദരം (L’Hogar Principito) പാപ്പാ ഫ്രാന്‍സിസ്  ജനുവരി 19-Ɔ൦ തിയതി വെള്ളിയാഴ്ച സന്ദര്‍ശിച്ചു. അവിടെ നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1. കുട്ടികള്‍ നല്കുന്ന ആനന്ദം! 
ക്രിസ്തുമസ്കാലം കഴിഞ്ഞതേയുള്ളൂ! ഹൃദയങ്ങള്‍ ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയാല്‍ തരളിതമാണ്. അവിടുന്നു നമ്മുടെ നിധിയാണ്. ആ ദിവ്യഉണ്ണിയുടെ മറുരൂപങ്ങളാണ് ഈ സ്ഥാപനത്തിലെ കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളായ നിങ്ങളുടെ സംരക്ഷകരും കാവല്‍ക്കാരുമാണ് ഞങ്ങള്‍ മുതിര്‍ന്നവര്‍. നിങ്ങള്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ സംരക്ഷണം നല്കാതെപോയ അവസരങ്ങള്‍ക്ക് മാപ്പപേക്ഷിക്കുന്നു. നിങ്ങളുടെ നിഷ്ക്കളങ്കമായ മുഖം ഞങ്ങളുടെ സമര്‍പ്പണത്തെ ഊര്‍ജ്ജിതപ്പെടുത്തുന്നു. രാത്രിയുടെ യാമങ്ങളില്‍ നിങ്ങള്‍ സങ്കടപ്പെടുന്നതു കാണുമ്പോള്‍ മനസ്സു വേദനിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഇളംജീവിതങ്ങള്‍ പ്രത്യാശ പകരുന്നുണ്ട്. എന്‍റെ ഈ ചെറിയ സന്ദേശം സകലര്‍ക്കും പ്രത്യാശ പകരണമെന്ന് ആഗ്രഹിന്നുണ്ട്. അതുപോലെ നിങ്ങളുടെ പാട്ടും കളിയും, ചുവടും നൃത്തവുമെല്ലാം പ്രത്യാശയുടെ പ്രതീകമാണ്. നിങ്ങളുടെ ജീവിതത്തില്‍നിന്നും അവ എപ്പോഴും ചുറ്റും പ്രസരിക്കുന്നുമുണ്ട്. അതിന് നന്ദിപറയുന്നു.

2. രാജകുമാരന്‍റെ ഭവനം 
നിങ്ങളെ സ്നേഹിക്കുകയും, സംരക്ഷിക്കുകയും, പരിചരിക്കുകയും വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഈ നല്ല സ്ഥാപനത്തെക്കുറിച്ച് ഏറെ സന്തുഷ്ടിയുണ്ട്, അതില്‍ അഭിമാനിക്കുന്നു. ദൈവം ഇനിയും നിങ്ങളെയും എന്നെയും സ്നേഹിക്കുന്നുവെന്നും പരിപാലിക്കുന്നുവെന്നും ഉറപ്പുതരുന്നതാണ് ഈ “രാജകുമാരന്‍റെ ഭവനം,” The Little Prince home ഇതെന്നും പാവങ്ങളായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ദൈവസ്നേഹത്തിന്‍റെ സ്രോതസ്സായി തെളിയട്ടെ!

3. ഓര്‍മ്മയിലെ അച്ഛനും അമ്മയും - ഒരു ജീവിതദുഃഖം
പ്രിയ കുട്ടികളേ, ഈ ഭവനത്തില്‍ പാര്‍ക്കുന്ന നിങ്ങളും, അതുപോലെ മറ്റു വീടുകളിലെ കുട്ടികളും രാത്രിയുടെ യാമങ്ങളില്‍ ചിലപ്പോള്‍ ഏറെ ക്ലേശിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. കാരണം നിങ്ങളുടെ അച്ഛനമ്മമാര്‍ ഇവിടെ ഇല്ലെന്ന് നിങ്ങള്‍ അറിയുമ്പോഴാണത്. ഇതാണ് നിങ്ങളെ ഏറെ വേദനിപ്പിക്കുന്നത്. നിങ്ങളുടെ കൂട്ടുകാരില്‍ ഒരാള്‍ അത് നിങ്ങളോടും എന്നോടും തുറന്നുപറയാന്‍ ധൈര്യം കാണിച്ചു! എന്‍റെ സന്ദേശം നിങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചം പകരുമെന്നു വിശ്വസിക്കുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ പറയട്ടെ. നിങ്ങളുടെ ജീവിതവും, വാക്കുകളും പ്രത്യാശ പകരുന്നതാണ്. പ്രകാശം പരത്തുന്നതാണ്. നിങ്ങളുടെ പ്രത്യാശപൂര്‍ണ്ണമായ ജീവിതങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നു. നിങ്ങളുടെ ജീവിതസാക്ഷ്യത്തിനും നിങ്ങള്‍ പരത്തുന്ന പ്രത്യാശയുടെ വെളിച്ചത്തിനും നന്ദിയര്‍പ്പിക്കുന്നു.

4. രാത്രിയെ പ്രകാശിപ്പുന്ന ചെറുതാരകള്‍  
‘രാജകുമാര’ന്‍റെ ഈ ഭവനത്തില്‍  ഒരു കുടുംബംപോലെ നിങ്ങള്‍ക്ക്  സ്നേഹവും സൗഹൃദവും പകര്‍ന്നുതരുന്ന ഒരു ഇടവും വ്യക്തികളുമുണ്ടെന്ന കാര്യത്തില്‍ അതിയായി സന്തോഷിക്കുന്നു. കുട്ടികള്‍ക്ക് ഇവര്‍ ദൈവത്തെ കാണിച്ചു കൊടുക്കുന്നവരാണ്. നിങ്ങളെ ദൈവസന്നിധിയിലേയ്ക്ക് അവര്‍ നയിച്ച്, നിങ്ങളുടെ മനസ്സുകളില്‍ നന്മയുടെ സ്വപ്നം പൂവണിയിക്കുന്നത് ഇവരാണ്. ഇതേ വഴിയില്‍ സഞ്ചരിച്ച് വീടുകളിലെ സ്നേഹം ആസ്വദിച്ചിട്ടുള്ള കുട്ടികളായ മറ്റു ധീരസാക്ഷികളേ, നിങ്ങളുടെയും ഭാവി കരുപ്പിടിപ്പിക്കുക! ഒരോ വ്യക്തിയിലും ഒളിഞ്ഞിരിക്കുന്ന വലിയ വികസന സാദ്ധ്യതകളാണ് കുഞ്ഞുങ്ങളായ നിങ്ങള്‍ വെളിപ്പെടുത്തുന്നത്. ലോകത്തുള്ള മറ്റു കുട്ടികള്‍ക്കും നിങ്ങള്‍ പ്രചോദനവും പാഠവുമാണ്. ജീവിതത്തില്‍ നമുക്കെല്ലാം മാതൃകകള്‍ അനിവാര്യമാണ്. ഭാവിയെ പ്രത്യാശപൂര്‍ണ്ണമാക്കുന്നത് മാതൃകകളാണ്. നല്ല മാതൃകകളാണ്. കുട്ടികള്‍ക്ക് ആലോചിച്ചു തിരഞ്ഞെടുക്കാനും തീരുമാനിക്കാനും മാതൃകകള്‍ വേണം. എന്നിട്ട് പറയാം, എനിക്ക് അവനെപ്പോലെ അല്ലെങ്കില്‍ അവളെപ്പോലെ ആകണമെന്ന്! ആ ചെറിയ രാജകുമാരന്‍ പറയുന്നത് കേള്‍ക്കാം, “കൂട്ടുകാരേ, ചെറുതാരങ്ങളാണ് നമ്മുടെ രാത്രികളെ പ്രകാശിപ്പിക്കുന്നത്!”

5. നശിക്കുന്ന കാടും കാട്ടാറും 
തദ്ദേശസംസ്ക്കാരങ്ങളില്‍നിന്നും തദ്ദേശ സമൂഹങ്ങളില്‍നിന്നും വരുന്ന കുട്ടികള്‍ ഇവിടെയുണ്ട്. നിങ്ങളുടെ
വനാന്തരങ്ങളെ നശിപ്പിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. നിങ്ങള്‍ക്ക് ഔഷധവും ഭക്ഷണവും തിന്നിരുന്ന കാടുകളാണ് ഇന്നു തരിശുകളാക്കപ്പെട്ടിരിക്കുന്നത്. വികസനത്തിന്‍റെ ദുരന്തരൂപങ്ങളാണ് തല്‍സ്ഥാനത്ത് ഉയര്‍ന്നുവരുന്നത്. ശുദ്ധജലവുമായി ഒഴുകിയ നദികള്‍ ഇന്ന് മലീമസമാക്കപ്പെട്ടിരിക്കുകയാണ്. അവയിലൂടെ അഴുക്കും മാലിന്യങ്ങളും മരണവുമാണ് ഒഴുകുന്നത്. ഇന്നു നടക്കുന്ന ഈ അനീതിക്ക് യുവജനങ്ങള്‍ കൂട്ടുനില്ക്കരുത്. നിങ്ങളുടെ കാരണവന്മാരില്‍നിന്നു സ്വീകരിച്ച പൈതൃകത്തിനും ജീവനും നന്മയുടെ സ്വപ്നങ്ങളും നിങ്ങള്‍ കുരുതികഴിക്കരുത്...!  








All the contents on this site are copyrighted ©.