2018-01-20 22:14:00

പീഡിതരുടെ വേദനയില്‍ കണ്ണുനീര്‍പൊഴിച്ച വലിയ ഇടയന്‍


ചിലിയില്‍ നടന്നിട്ടുള്ള ബാലപീഡനക്കേസുകളില്‍ അപ്പസ്തോലിക യാത്രയ്ക്കിടെ പാപ്പാ ഫ്രാന്‍സിസ് അതിയായ ദുഃഖം പ്രകടമാക്കി. ഇരകളായവരുമായി കൂടിക്കാഴ്ച നടത്തി.

ജനുവരി 16-Ɔ൦ തിയതി ചൊവ്വാഴ്ച ചിലിയുടെ രാഷ്ട്രപ്രതിനിധികളെ അഭിസംബോധന ചെയ്യവെ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള കുട്ടികളുടെ ലൈംഗികപീഡന കേസുകള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് പരസ്യമായി ദുഃഖം രേഖപ്പെടുത്തുകയും, അവയെ അപലപിക്കുകയും ചെയ്തു. ലൈംഗിക പീഡനത്തിനു വിധേയരായവരുടെ വേദനയും വിഷമങ്ങളും മനസ്സിലാക്കി അവരുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പാ ഫ്രാന്‍സിസ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനകേസുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഹാന്‍സ് സോള്‍നര്‍ എസ്.ജെ.യാണ് റോമില്‍ വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ലൈംഗിക പീഡനത്തിന് ഇരയായവരുമായി സാന്തിയാഗോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍വച്ച് ജനുവരി 17-Ɔ൦ തിയതി ബുധനാഴ്ച നടന്ന, സമയമെടുത്ത കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായ കാരുണ്യവര്‍ഷമായിരുന്നെന്നും, അതിനാലാണ് തന്‍റെ മുന്നില്‍ കണ്ണുനിറഞ്ഞ നിര്‍ദ്ദോഷികളെ നോക്കി പാപ്പാ ഫ്രാന്‍സിസ് വികാനിര്‍ഭരനായി കരഞ്ഞതെന്ന് ഫാദര്‍ സോള്‍നര്‍ പറഞ്ഞു.

പീഡിതരോടുകൂടെ ആയിരിക്കാനും, അവരെ ശ്രവിക്കാനും അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനും തുറവു കാണിച്ച പാപ്പാ അവരുടെ വേദനയില്‍ പങ്കുകാരനായെന്ന്, പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്ന വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കിനെ ഉദ്ധരിച്ചുകൊണ്ട്  ജനുവരി 17-Ɔ൦ തിയതി ബുധനാഴ്ച വാത്തിക്കാന്‍റെ മാധ്യങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഫാദര്‍ സോള്‍നര്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.