2018-01-19 13:29:00

പാപ്പായുടെ ഇടയസന്ദര്‍ശനം- ചിലിയില്‍ നിന്ന് പെറുവിലേക്ക്


പതിനഞ്ചാം തിയതി തിങ്കളാഴ്ച തന്‍റെ ഇരുപത്തിരണ്ടാം വിദേശ അജപാലനസന്ദര്‍ശനം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പായുടെ ആദ്യഘട്ടം വ്യാഴാഴ്ച (18/01/18) സമാപിച്ചു. തെക്കെ അമേരിക്കയിലെ പടിഞ്ഞാറെ തീരരാജ്യമായ ചിലിയായിരുന്നു പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ ആദ്യ വേദി. അന്നാട്ടില്‍ പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ സന്ധ്യാഗൊ, തെമൂക്കൊ, ഇക്കീക്കെ എന്നീ പട്ടണങ്ങളിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം പാപ്പാ ചിലിയുടെ ഉത്തരഭാഗത്തുള്ള അയല്‍ തീരനാടായ പെറുവില്‍ എത്തി.          പെറുവും ഇന്ത്യയും തമ്മിലുള്ള സമയ വിത്യാസം:- പെറു ഇന്ത്യയെക്കാള്‍ 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. അതായത് പെറുവില്‍ പാപ്പാ  രാവിലെ 8 മണിക്ക് ഇടയസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അന്നു വൈകുന്നേരം 6 മണികഴിഞ്ഞ് 30 മിനിറ്റ് ആയിട്ടുണ്ടാകും.

ഇനി നമുക്കു പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ ചിലിയിലെ അവസാനത്തെയും പെറുവിലെ ആദ്യത്തെയുമായിരുന്ന ദിനത്തിലെ, അതായത്, വ്യാഴാഴ്ചത്തെ (18/01/18) പരിപാടികളിലൂടെയൊന്നു കണ്ണോടിക്കാം.

ഇക്കീക്കെ രൂപതയില്‍ ലോബിത്തൊ മൈതാനിയില്‍ ദിവ്യപൂജ, ചിലിയിയില്‍ നിന്നുള്ള യാത്രയപ്പ് വിടവാങ്ങല്‍ ചടങ്ങ്, പെറുവിന്‍റെ തലസ്ഥാനമായ ലീമയിലെ വിമാനത്താവളത്തില്‍ സ്വാഗതസ്വീകരണച്ചടങ്ങ് എന്നിവയായിരുന്നു പാപ്പായുടെ പരിപാടികള്‍ വ്യാഴാഴ്ച.

ചിലിയില്‍, സന്ധ്യാഗൊ നഗരത്തില്‍, താന്‍ അന്തിയുറങ്ങിയിരുന്ന അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച(18/01/18) രാവിലെ പ്രാദേശികസമയം 7 മണിയ്ക്ക് വിടചൊല്ലി. അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 3.30 ആയിരുന്നു. അപ്പസ്തോലിക് നണ്‍യേച്ചറില്‍ നിന്ന് 20 ലേറെ കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് കാറിലായിരുന്നു പാപ്പായുടെ യാത്ര. വ്യോമയാനത്തില്‍ കയറുന്നതിനു മുമ്പ് പാപ്പാ സംഘാടകസമിതിയിലെ 20 അംഗങ്ങളെ വ്യക്തിഗതമായി അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ലാറ്റാം എയര്‍ലൈന്‍സിന്‍റെ വ്യോമയാനത്തില്‍ പാപ്പാ 1450 കിലോമീറ്റര്‍ അകലെ, തരപക്കാ പ്രദേശത്തിന്‍റെ തലസ്ഥാനമായ ഇക്കിക്കെയിലേക്ക് യാത്രയായി. 2 മണിക്കൂറും 20 മിനിറ്റും ആയിരുന്നു യാത്രാസമയം. സന്ധ്യാഗൊയില്‍നിന്ന് ഇക്കീക്കെയിലേക്കുള്ള യാത്രാവേളയില്‍ അസാധാരണമായ ഒരു സംഭവമുണ്ടായി. വിമാനത്തില്‍ ഒരു വിവാഹം. ഈ വിവാഹം ആശീര്‍വ്വദിച്ചതാകട്ടെ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പായും. വിമാനത്തിലെ ജീവനക്കാരായ 39 വയസ്സുള്ള പാവുള പൊദെസ്താ റൂയിസ് 41 വയസ്സുകാരനായ കാര്‍ലോസ് കുഫാന്തൊ എലൊറിയാഗ എന്നിവരായിരുന്നു വധൂവരന്മാര്‍. മതപരമായ ചടങ്ങുകളില്ലാതെ പൗരനിയമമനുസരിച്ച് വിവാഹിതരായിരുന്ന ഇവര്‍ ദേവാലയത്തില്‍ വച്ച് വിവാഹിതരാകുതിന് തീരുമാനിച്ചിരുന്നെങ്കിലും ചിലിയില്‍ 2010 ലുണ്ടായ വന്‍ ഭൂമികുലുക്കമുള്‍പ്പടെയുള്ള പലവിധ പ്രതിബന്ധങ്ങളാല്‍ അത് നീട്ടിക്കൊണ്ടുപോകേണ്ടി വന്നു. അവരുടെ കഥകേട്ട പാപ്പാ, അപ്പോള്‍ത്തന്നെ അവരുടെ ആ ആഗ്രഹം നിറവേറ്റിക്കൊടുക്കുകയായിരന്നു. അങ്ങനെ 36000 അടി ഉയരത്തില്‍ വച്ച് പാപ്പാ ഈ ദമ്പതികളുടെ വിവാഹം ആശീര്‍വ്വദിച്ചു. വിവാഹസാക്ഷിപത്രത്തില്‍ പാപ്പാ ഒപ്പുവയ്ക്കുകയും ചെയ്തു.  

ഇക്കീക്കെയിലെ “ദ്യേഗൊ അരസേന” വിമാനത്താവളത്തില്‍ പ്രാദേശികസമയം രാവിലെ 10.30 കഴിഞ്ഞപ്പോള്‍ പാപ്പാ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഇന്ത്യയില്‍ സമയം വ്യാഴാഴ്ച രാത്രി 7 മണി കഴിഞ്ഞിരുന്നു. പാപ്പായെ സ്വീകരിക്കുന്നതിന് ഔപചാരിക ചടങ്ങുകളൊന്നുമില്ലായിരുന്നു. ഇക്കീക്കെ രൂപതാമെത്രാന്‍ ഗില്ലേര്‍മൊ പത്രീസിയൊ വേര സോത്തൊ, തരപക്കാ പ്രദേശത്തിന്‍റെ  പ്രസിഡന്‍റ്, ഇക്കീക്കെ നഗരാധിപന്‍ എന്നിവരും ഒരുകൂട്ടം വിശ്വാസികളും കുഞ്ഞുങ്ങളും ഒരു ഗായഗസംഘവും സന്നിഹിതരായിരുന്നു. പാരമ്പര്യവേഷമണിഞ്ഞ കുട്ടികള്‍ നാടന്‍ പാട്ടിനൊത്തു ചുവടുവച്ച് പാപ്പായെ വരവേറ്റു. പാപ്പാ കഞ്ഞുങ്ങളുള്‍പ്പടെ ​എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കുകയും കുട്ടികളുടെ  ചാരെ അല്പസമയം ചിലവഴിക്കുകയും അവരുമൊത്തു ഫോട്ടൊ എടുക്കുകയും ചെയ്തു.                  

ചിലിയുടെ ഉത്തരഭാഗത്തുള്ള ഒരു പട്ടണമാണ് ഇക്കീക്കെ. 150 മുതല്‍ 500 മീറ്റര്‍ വരെ ഉയരമുള്ളതും 4 കിലോമീറ്ററോളം നീളമുള്ളതുമായ കടല്‍ക്കരമണല്‍ മലയായായ “സേറൊ ഡ്രഗോണ്‍” ഇക്കീക്കെയുടെ സവിശേഷതയാണ്. ഭൂമിയുടെ മൂന്നിലൊന്നു ഭാഗത്തോളം വ്യാപിച്ചുകിടക്കുന്നതും 16 കോടി 62 ലക്ഷത്തിലേറെ ചതുരശ്രകിലോമീറ്റര്‍ വിസ്ത‍ൃതിയുള്ളതും മഹാസമുദ്രങ്ങളില്‍ ഏറ്റം ആഴമേറിയതുമായ ശാന്തമഹാസമുദ്രത്തിന്‍റെ തീരപട്ടണമായ ഇക്കീക്കെയിലെ നിവാസികളുടെ സംഖ്യ 1 ലക്ഷത്തി 99000 ത്തിലേറെയാണ്. മഴകുറവും ചൂടു കൂടുതലും അനുഭവപ്പെടുന്ന ഒരു പ്രദേശമാണിത്. പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായതാണ് ഈ നഗരം. ചെമ്പ് ഉള്‍പ്പടെയുള്ള ധാതുക്കളാല്‍ സമ്പന്നമാണ് നികുതി രഹിത പ്രദേശമുള്‍ക്കൊള്ളുന്ന തുറമുഖപട്ടണമായ ഇക്കീക്കെ അതിനാല്‍ത്തന്നെ വ്യവസായകേന്ദ്രവുമാണ്. ഭിന്നസംസ്കാരങ്ങളില്‍പ്പെട്ടവരുടെ ഒരു സമ്മേളനസ്ഥാനവുമാണ് ഇക്കീക്കെ

1929 ഡിസംബര്‍ 20 നാണ് ഇക്കീക്കെ രൂപത സ്ഥാപിതമായത്. ഈ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന മൂന്നുലക്ഷത്തിമുപ്പത്തിയേഴായിരത്തോളം വരുന്ന ജനങ്ങളില്‍ കത്തോലിക്കര്‍ 1 ലക്ഷത്തി 89000 ത്തോളമാണ്. 21 ഇടവകളുള്ള ഈ രൂപതയിലെ രൂപതാവൈദികരുടെ സംഖ്യ 12 മാത്രമാണ്.  23 കന്യാസ്ത്രികളും 13 സ്ഥിരശെമ്മാശന്മാരും 26 സമര്‍പ്പിതകളും 49 സമര്‍പ്പിതരും ഈ രൂപതയുടെ അജപാലന ശുശ്രൂഷയില്‍ സഹായിക്കുന്നു. 19 വിദ്യഭ്യാസസ്ഥാപനങ്ങളും 24 ഉപവിപ്രവര്‍ത്തന കേന്ദ്രങ്ങളും ഇക്കീക്കെ രൂപതയ്ക്കുണ്ട്. 60 വയസ്സു പ്രായമുള്ള ബിഷപ്പ് ഗില്ലേര്‍മൊ പത്രീസിയൊ വേര സോത്തൊ ആണ് രൂപതാദ്ധ്യക്ഷന്‍.     

വിമാനത്താവളത്തില്‍ നിന്ന് പാപ്പാ നേരെ പോയത് 18 കിലോമീറ്റര്‍ അകലെയു 20 ഹെക്ടറുള്ള, അതായത്, നാല്പ്പത്തിയൊമ്പതിലേറെ  ഏക്കറിലായി പരന്നുകിടക്കുന്ന, ലോബിത്തൊ മൈതാനിയിലേക്കാണ്- “കാമ്പുസ് ലോബിത്തൊ” യിലേക്കാണ്. അര്‍തൂറൊ പ്രാത്ത് സര്‍വ്വകലാശാലയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഇവിടെയാണ് പാപ്പായുടെ ദിവ്യബലിയര്‍പ്പണത്തിനുള്ള വേദി ഒരുക്കിയിരുന്നത്. “സേറൊ ഡ്രഗോണ്‍” കടല്‍ക്കരമണല്‍ക്കുന്നുകള്‍ക്കു താഴെ ശാന്തമഹാസമുദ്ര പശ്ചാത്തിലായിരുന്നു മനോഹരമായ ബലവേദി തീര്‍ത്തിരുന്നത്. 3 ലക്ഷം പേര്‍ക്ക് സൗകര്യമുള്ള 12 ഏക്കറിലേറെപ്രദേശമാണ് ഈ ദിവ്യബലിക്കായി ഒരുക്കിയത്. ചിലിയുടെ പ്രസിഡന്‍റ്   ശ്രീമതി മിഷേല്‍ ബച്ചെലേത്തുള്‍പ്പടെ നരിവധി വിശ്വാസികള്‍ സന്നിഹിതയായിരുന്നു. ജനതകളുടെ ഐക്യം എന്നതായിരുന്നു ദിവ്യബലിയുടെ നിയോഗം.

“കാമ്പുസ് ലോബിത്തൊ”യിലെത്തിയ പാപ്പാ, തന്നെ എല്ലാവര്‍ക്കും കാണത്തക്കവിധം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന പേപ്പല്‍ വാഹനത്തിലേറി വിശ്വാസികളുടെ സമൂഹത്തെ വലംവച്ചു.  ജനസഞ്ചയം പാട്ടുപാടിയും കരഘോഷം മുഴക്കിയും കൊടികള്‍ വീശിയും മറ്റും തങ്ങളുടെ ആനന്ദമറിയിച്ചു, പാപ്പായെ വരവേറ്റു.

ചിലിയുടെ സ്വര്‍ഗ്ഗീയസംരക്ഷകയും അമ്മയും രാജ്ഞിയുമായ കര്‍മ്മലമാതാവിന് സമര്‍പ്പിതമായിരുന്നു വിശുദ്ധകുര്‍ബ്ബാന. ചിലിയുടെ ഉത്തരഭാഗത്ത് ഏറെ വണങ്ങപ്പെടുന്ന തിറാനയിലെ കന്യകാനാഥയുടെ തിരുസ്വരൂപം “കാമ്പുസ് ലോബിത്തൊ” യിലെ ബലിവേദിയില്‍ പ്രതിഷ്ഠിച്ചിരുന്നു. കാനായിലെ കല്ല്യാണ വേളയില്‍ വെള്ളം വീഞ്ഞാക്കി മാറ്റപ്പെടുന്ന സുവിശേഷസംഭവത്തിന്‍റെ പ്രതീകമായി വെള്ളം നിറയ്ക്കപ്പെടുന്ന കല്‍ഭരണികളും ബലിവേദിയുടെ ഒരു വശത്ത് അവതരിപ്പിച്ചിരുന്നു. പ്രവേശനഗീതം ആലപിക്കപ്പെട്ടപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദയിലെത്തുകയും അള്‍ത്താരവണക്കത്തിനുശേഷം വിശുദ്ധകുര്‍ബ്ബാന ആരംഭിക്കുകയും ചെയ്തു.

സകലരും രക്ഷിക്കപ്പെടണമെന്നും സത്യമറിയണമെന്നും ദൈവം ആഗ്രഹിക്കുന്നു എന്ന് പൗലോസപ്പസ്തോലന്‍ സഭയിലെ ഉന്നതസ്ഥാനീയരെ ഉദ്ബോധിപ്പിക്കുന്ന തിമോത്തേയോസിനുള്ള ഒന്നാം ലേഖനം രണ്ടാം അദ്ധ്യായം 1 മുതല്‍ 8 വരെയുള്ള വാക്യങ്ങളും പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഇടപെടല്‍ വഴി വെള്ളം വീഞ്ഞാക്കിമാറ്റി ആദ്യ അത്ഭുതം യേശു പ്രവര്‍ത്തിക്കുന്ന കാനായിലെ കല്ല്യാണവിരുന്നിനെക്കുറിച്ചു പ്രതിപാദിക്കുന്ന യോഹന്നാന്‍റെ സുവിശേഷം രണ്ടാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങളുമായിരുന്നു വചനശുശ്രൂഷാവേളയില്‍ വായിക്കപ്പെട്ടത്. സുവിശേഷ ഗ്രന്ഥം ബലിവേദിയിലേക്കു കൊണ്ടുവന്നത് പാരമ്പര്യവേഷമണിഞ്ഞ നര്‍ത്തകരുടെ മതാകത്മകമായ നൃത്തത്തിന്‍റെ   അകമ്പടിയോടെയായിരുന്നു.

വിശുദ്ധഗ്രന്ഥ വായനകള്‍ക്കു ശേഷം പാപ്പാ സുവിശേഷസന്ദേശം നല്കി.    കാനായിലെ കല്ല്യാണവേളയില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ മറിയം ഇടപെടുന്നതും യേശു വെളളം വീഞ്ഞാക്കിമാറ്റുന്നതും അങ്ങനെ ആ ആഘോഷത്തിന്‍റെ സന്തോഷം നിലനിറുത്തപ്പെടുന്നതുമായ സുവിശേഷ സംഭവം സുവിശേഷമേകുന്ന ആനന്ദത്തിലേക്കുള്ള നിരന്തര ക്ഷണമാണെന്നു പാപ്പാ വിശദീകരിച്ചു.

സുവിശേഷത്തിന്‍റെ സന്ദേശം സന്തോഷമാണ്. പാപ്പാ തുടര്‍ന്നു- തലമുറകളില്‍ നിന്ന് തലമുറകളിലേക്കു പകര്‍ന്നു നല്കപ്പെടുന്നതും നാം അവകാശികളുമായ ആനന്ദമാണിത്. നാം ക്രൈസ്തവരാകയാല്‍ നാം ഈ ആനന്ദത്തിന്‍റെ അവകാശികളാണ്.

ചിലിയുടെ ഉത്തരഭാഗത്തുള്ള പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കിത് നല്ലവണ്ണമറിയാം. ഉത്സവത്തിന്‍റെതായ ഒരന്തരീക്ഷത്തില്‍ വിശ്വാസവും ജീവിതവും ജീവിക്കാന്‍ നിങ്ങള്‍ക്കറിയാം. ഈ മനോഹരമായ വിശ്വാസജീവിതശൈലി നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഒരു തീര്‍ത്ഥാടകനായി ഞാന്‍ വരുന്നു. ഒരാഴ്ചവരെ നീളുന്ന നിങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരുടെ ആഘോഷങ്ങളും നിങ്ങളുടെ മതാത്മക നൃത്തങ്ങളും പാട്ടും വേഷവിധാനങ്ങളും ഈ പ്രദേശത്തെ സാമന്യജനഭക്തിയുടെയും ആദ്ധ്യാത്മകതയുടെയും ഒരു പവിത്രസന്നിധാനമായി മാറ്റുന്നു. കാരണം ദേവാലയത്തിനകത്ത് ഒതുങ്ങുന്നതല്ല ഈ ആഘോഷം, ഗ്രാമത്തെ മുഴുവന്‍ ഉത്സവത്തിലാഴ്ത്താന്‍ നിങ്ങള്‍ക്കു സാധിക്കുന്നു. ദൈവത്തിന്‍റെ പിതൃത്വവും പരിപാലനയും അവിടത്തെ നിരന്തരവും സ്നേഹനിര്‍ഭരവുമായ സാന്നധ്യവും പാട്ടുപാടിയും നൃത്തംചവിട്ടിയും ആഘോഷിക്കാന്‍ നിങ്ങള്‍ക്കറിയാം. ക്ഷമ, അനുദിനജീവിതത്തില്‍ കുരിശിന്‍റെ പൊരുള്‍, വിരക്തി, അപരനോടുള്ള തുറവ്, ഭക്തി എന്നീ ആന്തരികമനോഭാവങ്ങള്‍ക്ക് നിങ്ങള്‍ അങ്ങനെ ജന്മമേകുന്നു. ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാകുകയാണ് " മരുഭൂമി ഉദ്യാനവും ഉദ്യാനം വനവുമായി മാറും” (ഏശയ്യ 32:15). ലോകത്തിലെ ഏറ്റം വരണ്ട ഈ മണലാരണ്യം ഉത്സവത്തിന്‍റെ വസ്ത്രമണിയുന്നു.

സന്തോഷം പ്രബലപ്പെടുന്നതിന് മറിയം നടത്തുന്ന ഇടപെടല്‍ സുവിശേഷം അവതരിപ്പിക്കുന്നത് ഈ ഉത്സവാന്തരീക്ഷത്തിലാണ്. ചുറ്റും സംഭവിക്കുന്നത് അവള്‍ ഒരു നല്ല അമ്മയെപ്പോലെ നിരീക്ഷിക്കുന്നു. അങ്ങനെയാണ് കാനായില്‍ ആ ആഘോഷത്തെ തണുപ്പിക്കുന്നതായ എന്തോ ഒന്നു സംഭവിക്കുന്നവെന്ന് അവള്‍ അറിയുന്നത്. പുത്രന്‍റെ അടുത്തുചെന്ന് അവള്‍ പറയുന്നത് ഇതുമാത്രമാണ് “ അവര്‍ക്ക് വീഞ്ഞില്ല” (യോഹ:2,3)   

അങ്ങനെയാണ് മറിയം , അവള്‍ നമ്മുടെ ഗ്രാമങ്ങളിലൂടെ, വഴികളിലൂടെ, ചത്വരങ്ങളിലൂടെ, ഭവനങ്ങളിലൂടെ, ആതുരാലയങ്ങളിലൂടെ കടന്നുപോകുന്നു. നമ്മുടെ ഹൃദയങ്ങളെ ഞെരുക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയുന്നു, യേശുവിന്‍റെ പക്കല്‍ചെന്ന് അവിടത്തെ കാതില്‍ അവള്‍ മന്ത്രിക്കുന്നു: അവര്‍ക്ക് വീഞ്ഞില്ല. മറിയം പിന്നീട് നിശബ്ദയായി നില്ക്കുന്നില്ല, പരിചാരകരോടു പറയുന്നു: “അവന്‍ പറയുന്നത് ചെയ്യുവിന്‍” (യോഹ:2,5). യേശു വന്നത് തനിച്ച് പ്രവര്‍ത്തിക്കാനല്ല മറിച്ച് നമ്മോടൊപ്പം പ്രവര്‍ത്തിക്കാനാണ്. അവിടന്ന് നമ്മോടൊപ്പമാണ് അത്ഭുതം പ്രവര്‍ത്തിക്കുന്നത്.

സഹോദരങ്ങളെ ഇക്കീക്കെ സ്വപ്നങ്ങളു‌ടെ ഭൂമിയാണ്. അയ്മാറ ഭാഷയില്‍ ഇക്കീക്കെയുടെ അര്‍ത്ഥം ഇതാണ്. സ്വന്തം നാടുവിട്ടെത്തിയ ഭിന്ന വര്‍ഗ്ഗ   സംസ്കാരങ്ങളില്‍പ്പെട്ടവര്‍ക്ക്   ആതിഥ്യമേകിയ പ്രദേശമാണ് ഇത്. ഭീതിയുടെയും അനിശ്ചതത്വത്തിന്‍റെയും ഭാണ്ഡക്കെട്ടുകള്‍ പേറി മെച്ചപ്പെട്ടൊരു ജീവിതം തേടി എത്തയ ജനങ്ങള്‍. സ്ത്രീപുരുഷന്മാരുടെ മഹത്വത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന കുടിയേറ്റക്കരുടെ ഒരിടമാണ് ഇക്കീക്കെ.

മറിയത്തെപ്പോലെ നമുക്കും സന്തോഷരഹിതമായ ജീവിതം നയിക്കേണ്ടിവരുന്നവരെ തരിച്ചറിയായനും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനും പഠിക്കാം. നമ്മുടെ തനതായ സംസ്കാരം, നമ്മുടെ പാരമ്പര്യം, നമ്മുടെ പൗരാണിക ജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നലകാം. അങ്ങനെ അവര്‍ക്കും ജ്ഞാനവുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കട്ടെ.

ഈ അനുഗ്രഹീത ഉത്തരപ്രദേശത്ത് വിവിധ അഭിധാനങ്ങളില്‍ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയം പുത്രനായ യേശുവിന്‍റെ കാതില്‍ മന്ത്രിക്കുന്നത് തുടരട്ടെ: “അവര്‍ക്കു വീഞ്ഞില്ല” “അവന്‍‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” നമ്മില്‍ നിരന്തരം സമൂര്‍ത്തമാകട്ടെ.

സുവിശേഷപ്രഭാഷണാനന്തരം പാപ്പാ തിറാനയിലെ കര്‍മ്മലനാഥയ്ക്ക് മകുടം ചാര്‍ത്തി.

തദ്ദനന്തരം വിശ്വാസികളുടെ പ്രാര്‍ത്ഥനയോടെ പാപ്പാ വിശുദ്ധകുര്‍ബ്ബാന തുടര്‍ന്നു. ദിവ്യയാഗത്തിന്‍റെ അവസാനം  പാപ്പാ പ്രസിഡന്‍റ് മിഷേല്‍ ബാച്ചെലെത്തിനെയും അഭിവാദ്യം ചെയ്തു. ഇക്കീക്കെയുടെ മെത്രാനും അവിടെ നിശബ്ദം ത്യാഗപൂര്‍വ്വം സേവനമനുഷ്ഠിച്ച സന്നദ്ധസേവകര്‍ക്കുമെല്ലാം പാപ്പാ നന്ദി പറഞ്ഞു.

തന്‍റെ ഈ തീര്‍ത്ഥാടനം  ഇനി താന്‍ പെറുവില്‍ തുടരുമെന്നും ആ ജനതയോടു കരുതലുള്ളവരായിരിക്കാനും അവര്‍ക്ക് സംരക്ഷണമേകാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വിശുദ്ധകുര്‍ബ്ബാനയില്‍ സംബന്ധിച്ച അനേകരായ ബൊളിവിയക്കാര്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.

വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പാപ്പാ അമലോത്ഭവനാഥയ്ക്ക് സമര്‍പ്പിതരായ പ്രേഷിതരുടെ മേല്‍നോട്ടത്തിലുള്ള ലൂര്‍ദ്ദ് നാഥയുടെ ദേവാലായത്തിലേക്കു പോയി. “കാമ്പുസ് ലോബിത്തൊ”യില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ആയിരുന്നു ഈ ദേവാലയം.

പാപ്പാ ബലിവേദിയില്‍ നിന്ന് പേപ്പല്‍ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ടു നീങ്ങവേ ചെറിയൊരു അപകടം അശ്വരൂഢ വനിതസുരക്ഷാ പോലീസിനു സംഭവിച്ചു. പേപ്പല്‍ വാഹനം കണ്ടു വിരണ്ട കുതിര കുതറിയപ്പോള്‍ പോലീസ് കുതിരപ്പുറത്തുനിന്നു വീണു. ഉടനെ വാഹനം നിറുത്തി പാപ്പാ ഇറങ്ങി അപകടം പറ്റിയ വനിതാപോലീസിന്‍റെ അടുത്തെത്തുകയും വിവരം അന്വേഷിക്കുകയും ചെയ്തതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.

1923 മെയ് 27 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ലൂര്‍ദ്ദ് നാഥയുടെ ഗ്രോട്ടൊയ്ക്ക് സമീപം 1933 ലാണ് ഈ ദേവാലയം പണികഴിപ്പിക്കപ്പെട്ടത്. അന്ന് അപ്പസ്തോലിക് വികാരി, പിന്നീട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ട ഹൊസെ മരിയ കാരൊയാണ് വിശ്വാസികളുടെ ആവശ്യപ്രകാരം ഈ ദേവാലയം പണികഴിപ്പിച്ചത്. 1949 ലാണ് ഈ മരിയന്‍ ദേവാലയത്തിന്‍റെ ചുമതല  അമലോത്ഭവനാഥയ്ക്ക് സമര്‍പ്പിതരായ പ്രേഷതിരുടെ സമൂഹത്തിന് നല്കപ്പെട്ടത്. ഈ സമൂഹാംഗമായ വൈദികന്‍ ഗര്‍സീയ ലുസ്സിയെര്‍ ആണ് ഇതിന്‍റെ ഇപ്പോഴത്തെ റെക്ടര്‍.

വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പായെ റെക്ടറും മറ്റു രണ്ടു വൈദികരും ചേര്‍ന്ന്  സ്വീകരിച്ച് ദേവാലയത്തിനകത്തേക്കാനയിച്ചു. മൂന്നുകുട്ടികള്‍ പുഷ്മഞ്ജരികള്‍ നല്കി പാപ്പായെ ആദരിച്ചു. എതാനും രോഗികളും 70കളില്‍ ചിലിയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയ നിഷ്ഠൂര അടിച്ചമര്‍ത്തലിന് ഇരകളയാവരുടെ കുടുംബാംഗങ്ങളുടെ ഒരു പ്രതിനിധിയും ദേവാലയത്തില്‍ സന്നിഹിതരായിരുന്നു. അദ്ദേഹം പാപ്പായ്ക്ക് ഒരു കത്തു സമര്‍പ്പിച്ചു. അടിച്ചമര്‍ത്തലിന്‍റെ  അവസരത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനു നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചു വിവരിക്കുന്ന ഈ കത്തില്‍ ചിലിയുടെ സര്‍ക്കാരിന്‍റെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനായി രൂപീകരിച്ചിട്ടുള്ള സംഘടനയുടെ പ്രസിഡന്‍റ് ഹെക്ടര്‍ മരീന്‍ റോസ്സെല്‍ ആണ് പാപ്പായുമായി കൂടിക്കാഴ്ചനടത്തിയത്.

ഉച്ച ഭക്ഷണത്തിനു ശേഷം പാപ്പാ അവിടെനിന്ന് 42 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് യാത്രയായി. ഈ യാത്രയ്ക്കു മുമ്പ് പാപ്പാ ഉച്ചവിരുന്നൊരുക്കി വിളമ്പിയ സെമിനാരിക്കാരും സലേഷ്യന്‍ സന്ന്യാസിനികളു, സംഘാടകരുമൊത്ത് ഫോട്ടൊയെടുത്തു.

ദ്യേഗൊ അറസേന വിമാനത്താവളത്തില്‍ യാത്രയയപ്പ് വിടവാങ്ങല്‍ ചടങ്ങായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ പാപ്പായെ ചിലിയുടെ പ്രസിഡന്‍റ് ശ്രീമതി മി,േല്‍ ബച്ചെലെത്ത് ഹെറിയ സ്വീകരിച്ചു. സഭാ പൗരപ്രതിനിധികളും  അവിടെ സന്നിഹിതരായിരുന്നു. പാരമ്പര്യവേഷമണി‍ഞ്ഞ ഒരു സംഘം നൃത്തം ചവിട്ടുന്നുമുണ്ടായിരുന്നു. പ്രസിഡന്‍റ് മിഷേല്‍ ബച്ചെലേത്ത് പാപ്പായ്ക്കൊപ്പം വ്യോമയാനപ്പടവുകള്‍ വരെ പോയി. തുടര്‍ന്ന് പാപ്പാ എല്ലാവരെയും ഒരിക്കല്‍കൂടി അഭിവാദ്യം ചെയ്തുകൊണ്ട് വിമാനം കയറി. പ്രാദേശികസമയം വൈകുന്നേരം 4.50 ന് വിമാനം പറന്നുയര്‍ന്നു. അപ്പോള്‍ ഇന്ത്യയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1മണി കഴിഞ്ഞ് 20 മിനിറ്റ് ആയിരുന്നു.

തനിക്ക് ചിലിയേകിയ ഉഷ്മളവും ഉദാരവുമായ വരവേല്‍പ്പിന് ഒരിക്കല്‍കൂടി നന്ദിപറഞ്ഞുകൊണ്ടും അന്നാട്ടുകാര്‍ക്ക് ദൈവികാനുഗ്രങ്ങള്‍ സമൃദ്ധമായി ലഭിക്കുന്നതിനും നാടിന് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിനു പ്രാര്‍ത്ഥിച്ചുകൊണ്ടും പാപ്പാ, വിമാനം ചിലിയുടെ മുകളിലൂടെ പറക്കവെ, ഒരു കമ്പിസന്ദേശം ചിലിയുടെ പ്രസിഡന്‍റ് ശ്രീമതി മിഷേല്‍ ബച്ചെലേത്തിന് അയച്ചു.

ചിലിയിലെ ഇക്കീക്കെയും പെറുവിലെ ലീമയും തമ്മിലുള്ള 1200 കിലോമീറ്റര്‍ ദൂരം 2 മണിക്കൂറും 10 മനിറ്റുംകൊണ്ട് തരണം ചെയ്ത വിമാനം പ്രാദേശിക സമയം വൈകുന്നരം 4.35 ന് താണിറങ്ങി. ഇന്ത്യയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ആയിരുന്നു സമയം. പെറുവും ഇന്ത്യയും തമ്മിലുള്ള സമയവിത്യാസം, പെറു ഇന്ത്യയെക്കാള്‍ 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. പെറുവിന്‍റെ തലസ്ഥാന നഗരിയായ ലീമയിലെ വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കുന്നതിന് അന്നാടിന്‍റെ പ്രസിഡന്‍റ് പേദ്രൊ പാബ്ലൊ കുഷ്ചിന്‍സ്കിയും പത്നിയും സഭാപ്രതിനിധികളും സന്നിഹിതരായിരുന്നു.വിമാനപ്പടവുകളിറങ്ങിയ പാപ്പായെ പ്രസിഡന്‍റ് സ്വീകരിച്ച് ആനയിച്ചു. പാപ്പാ  സൈനികോപചാരം സ്വീകരിച്ച് ദേശീയ പതാകടെ വന്ദിച്ചു. സൈനികബാ‍ന്‍റ് വത്തിക്കാന്‍റെയും പെറുവിന്‍റെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ഔപചാരിക പരിചയപ്പെടുത്തല്‍ ചടങ്ങായിരുന്നു. ഈ സ്വാഗതസ്വീകരണചടങ്ങുകള്‍ക്കു ശേഷം പാപ്പാ വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറിലേക്ക് കാറില്‍ യാത്രയായി. നണ്‍ഷിയേച്ചറിനടുത്തു വഴിയോരങ്ങളി‍ല്‍ ജനങ്ങള്‍ തന്നെ കാണാന്‍ നിന്നിരുന്നതിനാല്‍ പാപ്പാ പേപ്പല്‍ വാഹനത്തിലേറി എല്ലാവരെയും അഭിവാദ്യം ചെയ്തുകണ്ടാണ് കടന്നു പോയത്. അപ്പസ്തോലിക് നണ്‍യേച്ചറിലെത്തിയ പാപ്പാ തന്നെ കാണാന്‍ നിന്നിരുന്നവരോട് അവരുടെ സാന്നിധ്യത്തിന് നന്ദി പറയുകയും അപ്പസ്തോലികാശീര്‍വ്വാദമേകുകയും അവരുമൊത്ത് നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയുംചെയ്തു. തുടര്‍ന്ന് പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.








All the contents on this site are copyrighted ©.