2018-01-19 16:34:00

''ജറുസലെം - തനിമയാര്‍ന്ന വിളിയുള്ള പരിശുദ്ധസ്ഥലം'': പാപ്പാ


ജറുസലെം സംരക്ഷണം എന്ന വിഷയത്തില്‍ അല്‍-അസ്ഹറില്‍ നടത്തുന്ന രാജ്യാന്തര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് അവിടുത്തെ മഹാനായ ഇമാമിന് അയച്ച കത്തിലാണ്, ജറുസലെം - തനിമയാര്‍ന്ന വിളിയുള്ള പരിശുദ്ധസ്ഥലമാണെന്നും  ജറുസലെമിന്‍റെ സാര്‍വത്രികത കണക്കിലെടുത്തു ജറുസലെം പ്രശ്ന പരിഹാരത്തിനു പ്രത്യേകമായ നിയമമുണ്ടാകണം എന്നും പാപ്പാ  പ്രസ്താവിക്കുന്നത്.  അല്‍ അസ്ഹറിലെ  ഇമാം ഡോ. അഹമദ് അല്‍-തായ്യിബിനെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ എഴുതി:

ജറുസലെമിനെ അനുകൂലിച്ചുകൊണ്ട്, 2018 ജനുവരി 17ന് നടക്കുന്ന അല്‍ അസ്ഹര്‍ രാജ്യാന്തര കോണ്‍ഫറന്‍സിനെക്കുറിച്ച് അനുസ്മരിപ്പിക്കുന്ന താങ്കളുടെ ഡിസംബര്‍ 16-ലെ കത്ത് എനിക്കു ലഭിച്ചു. നിങ്ങളുടെ ക്ഷണത്തിനും, എന്നോടു കാണിക്കുന്ന ആദരവിനും, ഞാന്‍ പ്രതിനന്ദിയര്‍പ്പിക്കുന്നു...

ആ ദിനങ്ങളില്‍ തന്‍റെ അപ്പസ്തോലികസന്ദര്‍ശന പരിപാടികളിലാണ് എങ്കിലും, ആ ദിനത്തില്‍ സമാധാനത്തിന്, സത്യമായ സമാധാനത്തിനായി ദൈവത്തോടു യാചിക്കുന്നതില്‍ ഞാന്‍ മറക്കുകയില്ലെന്ന് ഉറപ്പു തരുന്നു. എല്ലാ രാഷ്ട്രങ്ങളുടെയും നേതാക്കള്‍, എല്ലായിടത്തുമുള്ള പൗരാധികാരികള്‍, മത നേതാക്കള്‍ എന്നിവരെല്ലാം, ഈ സങ്കീര്‍ണസാഹചര്യത്തെ, നീതിയുടെയും സ്വരച്ചേര്‍ച്ചയുടെയും സുരക്ഷിതത്വത്തിന്‍റേതുമാക്കി മാറ്റുന്നതിന് പരിശ്രമിക്കുന്നതിനുവേണ്ടി ഞാന്‍ ഹൃദയപൂര്‍വം പ്രാര്‍ഥിക്കുന്നു...

ജറുസലെമിന്‍റെ സവിശേഷപ്രാധാന്യം അതിനെ പ്രാദേശികസംഘര്‍ഷത്തിന് ഉപരിയാക്കുന്നുവെന്നും പരിശുദ്ധ സിംഹാസനം ഇക്കാര്യത്തിലുള്ള പരിഹാരത്തിനായി ഇസ്രയേല്‍, പാലസ്തീന്‍ സംവാദത്തിനായി ആവശ്യപ്പെടുന്നുവെന്നും പാപ്പാ കത്തില്‍ കുറിക്കുന്നുണ്ട്.  ''തനിമയാര്‍ന്ന വിളിയുള്ള ഈ പരിശുദ്ധ സ്ഥലത്തിന്‍റെ, സാര്‍വത്രികമൂല്യം കണക്കിലെടുത്തുകൊണ്ട്, അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നതും അനുരഞ്ജനത്തിന്‍റെയും പ്രതീക്ഷയുടെയും ഭാവിയുളവാക്കുന്നതുമായ പ്രത്യേക നിയമത്തിനുമാത്രമേ ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയൂ'' എന്നു സൂചിപ്പിക്കുന്ന പാപ്പാ, ഈ സമ്മേളനത്തിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

2018 ജനുവരി പത്താംതീയതി പാപ്പാ ഒപ്പുവച്ച ഈ കത്ത്, ജനുവരി 18-ാംതീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 








All the contents on this site are copyrighted ©.