2018-01-18 09:42:00

ക്രൈസ്തവൈക്യവാരത്തിന് തുടക്കമായി


സമാപന പരിപാടികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വംവഹിക്കും.
ക്രൈസ്തവൈക്യവാരം 18-25 ജനുവരി 2018.

1. ക്രൈസ്തവര്‍ ഐക്യപ്പെടാന്‍ 
2018-Ɔമാണ്ടിലെ ക്രൈസ്തവൈക്യവാരം ജനുവരി 18-Ɔ൦ തിയതി വ്യാഴാഴ്ച ആരംഭിച്ചു.   ജനുവരി 25-ന് അനുവര്‍ഷം ആചരിക്കപ്പെടുന്ന വിശുദ്ധ പൗലോസ്ശ്ലീഹായുടെ മാനസാന്തരത്തിരുനാള്‍വരെയുള്ള 8 ദിവസങ്ങളാണ് ക്രൈസ്തവര്‍ സഭകളുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നത്. “പിതാവും താനും ഒന്നായിരിക്കുന്നതുപോലെ, ക്രൈസ്തവര്‍ ഐക്യപ്പെട്ടു ജീവിക്കാനുള്ള ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയെ അധികരിച്ചാണ് ലോകമെമ്പാടും ക്രൈസ്തവസഭകള്‍ ഒന്നുചേര്‍ന്ന് ഐക്യവാരം ആചരിക്കുന്നത് (യോഹ. 17, 21-23).

2. പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വം വഹിക്കുന്ന സമാപനപരിപാടി  
ജനുവരി 25-Ɔ൦ തിയതി, വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തിലുള്ള സഭൈക്യ സായാഹ്നപ്രാര്‍ത്ഥനയോടെയാണ് ക്രൈസ്തവൈക്യവാരത്തിന് സമാപനം കുറിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതര ക്രൈസ്തവസഭകളുടെ പ്രതിനിധികളും പ്രതിനിധി സംഘങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും റോമിലെത്തി സമാപന പരിപാടിയില്‍ പങ്കെടുക്കുന്നതും, പാപ്പായുമായി കൂടിക്കാഴ്ച നടത്തുന്നതും ക്രിസ്തുവില്‍ എന്നും നിലനില്ക്കേണ്ട സഭകളുടെ ഐക്യത്തിന്‍റെ പ്രതീകമാണ്.

3. “മഹത്വമാര്‍ന്ന കര്‍ത്താവിന്‍റെ കരങ്ങള്‍...”  
ഈ വര്‍ഷത്തെ ഐക്യവാരത്തിന് ക്രൈസ്തവസമൂഹങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം പുറപ്പാടു ഗ്രന്ഥത്തിലെ സവിശേഷമായ ചിന്തയാണ് :  കര്‍ത്താവേ, അങ്ങേ വലതുഭുജം ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു (പുറ. 15, 6). ക്രൈസ്തവൈക്യവാരത്തിനുള്ള ആഗോള കമ്മിറ്റി നിര്‍ണ്ണയിക്കുന്ന പ്രത്യേക സംഘമാണ് അതിന്‍റെ വിഷയവും പ്രാര്‍ത്ഥനകളും എഴുതിയുണ്ടാക്കുന്നത്. ഈ വര്‍ഷം കരീബിയന്‍ സഭൈക്യകൂട്ടായ്മയിലെ അംഗങ്ങള്‍, അവിടത്തെ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലും, കിങ്സ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് കെന്നത്ത് റിചാര്‍ഡ്സണിന്‍റെ (Caribbean Conference of Churches (CCC)  നേതൃത്വത്തിലാണ് വിഷയവും അതിന്‍റെ പ്രാര്‍ത്ഥനകളും ഒരുക്കിയത്.

4. ഒരു ജനത്തെ വിളിച്ച ദൈവം  രക്ഷാകര ചരിത്രത്തില്‍ ഉടനീളം ശ്രദ്ധേയമാകുന്നൊരു വസ്തുതയാണ്, ദൈവം തന്നോടു ചേര്‍ത്തു നിര്‍ത്താന്‍ ഒരു ജനത്തെ എന്നും വിളിക്കുന്നതും നയിക്കുന്നതും. ഐക്യമുള്ളൊരു ജനത്തിന്‍റെ രൂപീകരണവും നിലനില്പും അങ്ങനെ ചരിത്രത്തിലെ ദൈവിക പദ്ധതിയാണെന്നു കാണാം. അതുകൊണ്ടാണ് ഇസ്രായേലില്‍ ജനങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ഐക്യത്തെക്കും, അവരില്‍ വളരേണ്ട നീതി, കാരുണ്യം, സ്നേഹം എന്നീ ഗുണഗണങ്ങളെക്കുറിച്ചും പ്രവാചകന്മാര്‍ ആവര്‍ത്തിച്ചു പ്രബോധിപ്പിക്കുന്നത്. അനുരഞ്ജനം, അനുതാപം, ദാനം, പങ്കുവയ്ക്കല്‍ എന്നീ മൂല്യങ്ങളും ഈ ജനത്തിന്‍റെ സവിശേഷതകളായിരിക്കണമെന്ന് പ്രവാചകന്മാര്‍ നിഷ്ക്കര്‍ഷിക്കുന്നത് ശ്രദ്ധേയമാണ്.

5. സഭയാകുന്ന നവജനം    പുതിയ നിയമത്തിലേയ്ക്കു കടക്കുമ്പോഴും, ക്രിസ്തു തന്‍റെ രക്തത്താല്‍ ഊട്ടിയുറപ്പിക്കുന്ന നവമായ ഉടമ്പടി ഒരു ജനവുമായുള്ള ആത്മീയ ഐക്യത്തിന്‍റേതാണെന്നും കാണാം. തന്‍റെ മഹത്വകരണം ക്രിസ്തു യാഥാര്‍ത്ഥ്യമാക്കുന്നത് പിതാവുമായുള്ള ഐക്യത്തിന്‍റെ സാമീപ്യത്തിലൂടെയാണ്. ആ മഹത്വീകരണം യാഥാര്‍ത്ഥമാക്കുന്ന രക്ഷയുടെ വാഗ്ദാനങ്ങള്‍ ചരിത്രത്തില്‍ പൂവണിയുന്നത് ക്രിസ്തുവില്‍ വിമോചിരായ ഒരു ജനതയുടെ ആത്മീയ ഐക്യത്തിലുള്ള ജീവിതം വഴിയാണ്. അതിനാല്‍ ദൈവവുമായുള്ള ജനത്തിന്‍റെ ഉടമ്പടി എന്നും അനുരജ്ഞിതമായി ഐക്യപ്പെട്ടു ജീവിക്കുന്നവരുടെ ജീവിത സാക്ഷ്യമാണെന്നാണ് ക്രൈസ്തവൈക്യവാരം പഠിപ്പിക്കുന്നത്. ഇന്ന് ദൈവവുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന ജനം ഫലവത്തായ സാക്ഷ്യംനല്കുന്നത് പരസ്പരം അനുരഞ്ജിതരായി രമ്യതപ്പെട്ടു ദൈവരാജ്യത്തിന്‍റെ നീതിക്കും സത്യത്തിനും സ്നേഹത്തിനുംവേണ്ടി ജീവിക്കുമ്പോഴാണ്.

ബൈബിള്‍ ഇന്നും ജനതകള്‍ക്ക് സ്വാതന്ത്ര്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും ഗ്രന്ഥമാണ്. ഭൂമുഖത്ത് മനുഷ്യര്‍ എങ്ങനെ ഐക്യത്തിലും സ്നേഹത്തിലും, നീതിയിലും സമാധാനത്തിലും ജീവിക്കണമെന്ന് അത് പഠിപ്പിക്കുന്നു. സഭ ഇന്ന് ഇസ്രായേലിനെപ്പോലെ ദൈവിക ഐക്യത്തിന്‍റെ അനുരഞ്ജനത്തിന്‍റെയും സജീവ സാക്ഷ്യമാകുന്ന നവസമൂഹമാണ്. ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍‍സിലിന്‍റെ പ്രസ്താവനയാണ് (Pontifical Council of Christian Unity)
ഈ വിവരങ്ങള്‍ നല്കുന്നത്.








All the contents on this site are copyrighted ©.