2018-01-16 18:43:00

ചിലി അപ്പസ്തോലികയാത്ര പ്രഥമദിനം റിപ്പോര്‍ട് ശബ്ദരേഖ


ഒരുയാത്രയും രണ്ടു രാജ്യങ്ങളും

ചിലി – പെറു തെക്കെ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പര്യടനം.
ഇത് പാപ്പായുടെ 22-Ɔ൦ രാജ്യാന്തര പര്യടനമാണ്. രണ്ടു ഘട്ടങ്ങളായുള്ള ഈ പ്രേഷിതയാത്രയില്‍ ആദ്യഘട്ടം ജനുവരി 15-മുതല്‍ 18-വരെ തിയതികളാണ് പാപ്പാ ചിലിയില്‍ ചെലവഴിക്കുന്നത്. രണ്ടാംഘട്ടം പെറുവില്‍ 18-മുതല്‍ 21-വരെയും. ജനുവരി 15-തിയതി തിങ്കളാഴ്ച പ്രാദേശീക സമയം രാവിലെ 7.50-ന്  പേപ്പല്‍ വസതി സാന്തമാര്‍ത്തയില്‍നിന്നും കാറില്‍ പുറപ്പെട്ട പാപ്പാ രാവിലെ 8.30-ന് ആല്‍ ഇത്താലിയ ബി777 വിമാനത്തില്‍ ഒരാഴ്ച നീളുന്ന ചിലി-പെറു അപ്പസ്തോലിക പര്യടനത്തിനായി റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍നിന്നുമാണ് പറന്നുയര്‍ന്നത്.

ഞായറാഴ്ച രാത്രി സാന്തിയാഗോയില്‍  
ചിലിയുടെ തലസ്ഥാന നഗരമായ സാന്തിയാഗോ ലക്ഷ്യമാക്കിയാണ് പാപ്പായുടെ യാത്ര. വിമാനത്തില്‍ത്തന്നെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രസമയം 15 മണിക്കൂറും 40 മിനിറ്റുമായിരുന്നു. റോമില്‍നിന്നും പറന്നുയര്‍ന്ന്..ഫ്രാന്‍സ്, സ്പെയിന്‍, മൊറോക്കോ, കാപോ വേര്‍ദെ, സെനിഗാല്‍, ബ്രസീല്‍, പരാഗ്വേ, അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര! യാത്രമദ്ധ്യേ മേല്പറഞ്ഞ രാജ്യങ്ങളുടെ തലവന്മാര്‍ക്ക് സൗഹൃദസന്ദേശങ്ങളു ശ്രൈഘ് ടെലിഗ്രാം അയച്ചിരുന്നു. സാന്തിയാഗോ നഗരത്തിലെ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു പാപ്പാ വിമാനം ഇറങ്ങിയത്. ചിലിയിലെ സമയം രാത്രി 8.10-നായിരുന്നു.

സാന്തിയാഗോയിലെ ഔപചാരിക സ്വീകരണം 
സ്വീകരണവേദിയോടു ചേര്‍ത്ത് പാപ്പായുടെ വിമാനം നിര്‍ത്തിയത്. ചിലിയെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവോ സ്കാപ്പളോയും ചിലിയെ സന്ദര്‍ശന പരിപാടികളുടെ അവതാരകനും വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായെ സ്വീകരിച്ച് ആനയിച്ചു.  ആന്‍ഡീസിന്‍റെ തണുപ്പിലും ആയിരക്കണക്കിന് വിശ്വാസികളും പിന്നെ സഭാദ്ധ്യക്ഷന്മാരും, പൗരപ്രതിനിധികളും പാപ്പായെ വരവേല്‍ക്കാന്‍ പ്രസിഡന്‍റ്, മിഷേല്‍ ബാചെലെയോടൊപ്പം വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചിലിയന്‍ നാടോടി സംഗീതത്തിന്‍റെയും നൃത്ത നൃത്യങ്ങളുടെയും അലയടി ആന്‍ഡിസ് താഴ്വാരത്തില്‍ പ്രതിധ്വനിക്കെ സുസ്മേരവദനനായി പാപ്പാ ഫ്രാന്‍സിസ് വിമാനപ്പടവുകള്‍ ഇറങ്ങിവന്നു.  ആദ്യം രാഷ്ട്രത്തിന്‍റെ ഔപചാരിക സ്വീകരണമായിരുന്നു.

പ്രസിഡന്‍റ് മിഷേലും സംഘവും പാപ്പായെ വരവേറ്റു. തുടര്‍ന്ന് ചിലയന്‍ പരമ്പരാഗത ഈണം പാടിയത് കുട്ടികളായിരുന്നു.ചിലിയുടെ ദേശീയചിഹ്നമായ ചുവന്നമണിപ്പൂക്കളുടെ ചെണ്ട് പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ കുട്ടികള്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചു.  പ്രസിഡന്‍് മിഷേലിനാല്‍ ആനീതനായ പാപ്പാ വിമാനത്താവളത്തിലെ ലോഞ്ചിലേയ്ക്കും... പിന്നെ അവിടെനിന്ന് 24 കി.മി. അകലെയുള്ള സാന്തിയാഗോ നഗരമദ്ധ്യത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് കാറില്‍ പുറപ്പെട്ടു. രാത്രി 9 മണിയോടെ സ്ഥാനപതിയുടെ മന്ദിരത്തില്‍ എത്തിയ പാപ്പാ, അത്താഴം കഴിച്ച് അവിടെ വിശ്രമിച്ചു.

രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 
ജനുവരി 16, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.10-ന് പാപ്പാ ഫ്രാന്‍സിസ് കാറില്‍ യാത്രപുറപ്പെട്ടത്, 5 കി.മീ. അകലെയുള്ള പ്രസിഡിന്‍റെ La Moneda കൊട്ടാരത്തിലേയ്ക്കാണ്. അവിടെവച്ചായിരുന്നു ചിലിയുടെ രാഷ്ട്രപ്രതിനിധികളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്.  La Moneda കൊട്ടാരം, പേരു സൂചിപ്പിക്കുന്നതുപോലെതന്നെ സ്പാനിഷ്‍ സാമ്രാജ്യകാലത്തെ നാണയനിര്‍മ്മാണ ശാലയായി ഇറ്റാലിയന്‍ വാസ്തുഭംഗിയില്‍ ഉണ്ടാക്കിയതാണിത്. 20,000 ചതുരശ്ര അടിയിലധികം വിസ്താരവും, അലംകൃതമായ മുറികളും മട്ടപ്പാവുകളും, തുവാനവും മുറ്റവും തിരുമുറ്റവും നടപ്പാതകളും, ഉദ്യാനവും, ജലധാരകളുമുള്ള ‘ലാ മൊനേദാ’ ഇന്നും വാസ്തുഭംഗികൊണ്ട് കണ്ണഞ്ചിപ്പിക്കുന്നതാണ്.

പ്രസിഡന്‍റും രാഷ്ട്രപ്രിതിനിധികളും നോക്കിനില്ക്കെ പാപ്പാ ഫ്രാന്‍സിസ് കാറില്‍ കൊട്ടാരത്തിന്‍റെ മുന്നില്‍ വന്നിറങ്ങി. എല്ലാവരും ചേര്‍ന്ന് പാപ്പായെ സന്തോഷത്തോടെ വരവേറ്റു.  വത്തിക്കാന്‍റെയും ചിലിയുടെയും ദേശീയഗാനങ്ങള്‍ ആലപിക്കപ്പെട്ടു. വിശിഷ്ടാതിഥിയുടെ ഔപചാരികമായുള്ള “ഗാര്‍ഡ് ഓഫ് ഓണര്‍” പരിശോധന നടത്തി.  തുടര്‍ന്ന് കൊട്ടാരത്തിലെ പ്രഭാഷണവേദിയില്‍ പാപ്പാ എത്തിയപ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി. അവിടെ രാഷ്ട്രപ്രതിനിധികള്‍ക്കൊപ്പം പൗരപ്രതിനിധികളും മത-സാംസ്ക്കാരിക പ്രതിനിധികളും നയതന്ത്രജ്ഞന്‍മാരും സന്നിഹിതാരയിരുന്നു. ചിലിയുടെ വ്യോമസേനാമേധാവി, ആല്‍ബര്‍ത്തോ ബാചലേയുടെ മകള്‍, ഒരു മെഡിക്കല്‍ ഡോക്ടര്‍ രാഷ്ട്രീയത്തിലേയ്ക്കു കടന്നുവന്നതാണ് മിഷേല്‍ ബാചലേ ചിലിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ്. മിഷേല്‍ പാപ്പാ ഫ്രാന്‍സിസിന് സ്വാഗതമാശംസിച്ചു.

ചിലിയിലെ ജനങ്ങളോടും രാഷ്ട്രനേതാക്കളോടും  
തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തെ ഇങ്ങനെ അഭിസംബോധനചെയ്തു. (Discourse published in Web).  പ്രഭാഷണാനന്തരം പാപ്പാ പ്രസിഡ‍ന്‍റുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി കൊട്ടാരത്തിന്‍റെ സ്വീകരണമുറിയിലേയ്ക്കു നീങ്ങി. അവിടെ പരസ്പരം ആശയങ്ങള്‍ സ്വകാര്യമായി കൈമാറിയശേഷം, കുടുംബാംഗങ്ങളുമായി പരിചയപ്പെട്ടു. പിന്നെ സമ്മാനങ്ങള്‍ നല്കി.   കൊട്ടാരത്തിന്‍റെ പ്രധാനകവാടത്തില്‍നിന്നും പാപ്പാ യാത്രയായി... ചിലിയുടെ വിമോചകന്‍   ഓ-ഹിഗിന്‍സിന്‍റെ നാമത്തിലുള്ള പാര്‍ക്കില്‍ പ്രാദേശിക സമയം രാവിലെ 10.30-ന് ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കുന്നതിന്...!

കവികളുടെ നാട്” 
“കവികളുടെ നാട്” എന്ന് അറിയപ്പെടുന്ന ഏറെ സംസ്ക്കാര സമ്പന്നമായ രാജ്യമാണ് ചിലി.  15-Ɔ൦ നൂറ്റാണ്ടിന്‍റെ മദ്ധ്യകാലത്തോളം നീളുന്ന രാഷ്ട്രത്തിന്‍റെ ആദ്യകാല ചരിത്രം കഴിഞ്ഞാല്‍ പിന്നെ സ്പാനിഷ് കൊളോനിയല്‍ ശക്തിയുടെയും രാജഭരണത്തിന്‍റെയും ചരിത്രമുണ്ട്  ഈ ആന്‍ഡീസ് താഴ്വാര രാജ്യത്തിന്...! ഇക്കാലഘത്തില്‍ അടിമവ്യാപാരം നടന്നതായും രേഖകളുണ്ട്.   ബെര്‍ണാര്‍ദോ ഒ’ഹിഗ്ഗിന്‍സാണ് 1818-ല്‍ ചിലിയെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി വളര്‍ത്തുന്നത്.  20-Ɔ൦ നൂറ്റാണ്ടിന്‍റെ ആരംഭം ജനായത്ത ഭരണം വന്നെങ്കിലും ക്രിസ്ത്യന്‍-സോഷ്യന്‍ ഡെമോക്രാറ്റിക-കമ്യൂണിസ്റ്റി കൂട്ടുകക്ഷി ഭരണമായിരുന്നു. 1973-മുതല്‍ 1990 വരെ അഗുസ്തോ പിനോക്കെറ്റിന്‍റെ നേതൃത്വത്തില്‍ ഒരു മിലിട്ടറി മേല്‍ക്കോയ്മയും ചിലിയുടെ രാഷ്ട്രീയ വേദിയില്‍ അരങ്ങേറിയിട്ടുണ്ട്. ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള ചിലിയില്‍ 1993-ല്‍ എഡ്വാര്‍ദോ ഫ്രേയി റൂയിസിന്‍റെ നേതൃത്വത്തില്‍ ഒരു ക്രിസ്ത്യന്‍ ഡെമോക്രാറ്റി പാര്‍ട്ടി ഭരണത്തില്‍ വന്നു. 2006-ല്‍ പ്രഥമ വനിത പ്രസിഡന്‍റ്, മിഷേല്‍ ബാചെലേ ഭരണത്തിലേറി. അടുത്ത തിരഞ്ഞെടുപ്പില്‍ 2010-ല്‍ അട്ടിമറിക്കപ്പെട്ട മിഷേല്‍ 2013-ല്‍ തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തില്‍ വന്നു.

ഇന്ന് ഏറെ സുസ്ഥിതിയും സമ്പത്തുമുള്ള തെക്കെ അമേരിക്കന്‍ രാജ്യമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. ശാന്തസമുദ്രത്തോടു തോളുരുമ്മിയും ആന്‍ഡീസ് പര്‍വ്വതസാനുക്കളെ തഴുകിയും 4300 കി.മി. നീണ്ടുനിവര്‍ന്നു കിടക്കുന്ന ചിലിയ്ക്ക്... “എന്‍റെ സമാധാനം തരുന്നു!” (യോഹ. 14, 27). എന്ന ദൂതുമായിട്ടാണ് പാപ്പാ സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്.  








All the contents on this site are copyrighted ©.