2018-01-15 13:31:00

''യേശുവിനെ അന്വേഷിക്കുക, കണ്ടെത്തുക, അനുഗമിക്കുക'': പാപ്പാ


2018, ജനുവരി പതിനാലാം തീയതി, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അനുസ്മരിക്കുന്ന ആഗോളദിനത്തില്‍, അവരോടൊത്ത് വി. പത്രോസിന്‍റെ ബസിലിക്കയില്‍ രാവിലെ പത്തുമണിക്ക് ദിവ്യബലി അര്‍പ്പിച്ചതിനുശേഷമാണ് മധ്യാഹ്നത്തില്‍ ത്രികാലജപം നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്‍കുന്നതിനുമായി എത്തിയത്. ഭാരതീയരുള്‍പ്പെടെ പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പാപ്പാ നയിക്കുന്ന ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും സന്ദേശം ശ്രവിക്കുന്നതിനുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിനായി പതിവു ജാലകത്തിങ്കലണഞ്ഞപ്പോള്‍ വിശ്വാസികള്‍ കൈകളുയര്‍ത്തി വീശി, കരഘോഷവും ആഹ്ലാദാരവവും മുഴക്കി, പരിശുദ്ധ പിതാവിനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി.

ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് വി. കുര്‍ബാനയിലെ വായനയെ (യോഹ 1:35-42) അടിസ്ഥാനമാക്കിയാണു നല്‍കിയത്.  സ്നാപകയോഹന്നാന്‍ യേശുവിനെ ശിഷ്യര്‍ക്കു പരിചയപ്പെടുത്തുന്നതും അതുകേട്ട് അവരില്‍ രണ്ടുപേര്‍ യേശുവിനെ അനുഗമിക്കുന്നതുമായ കാര്യങ്ങള്‍ വിവരിക്കുന്ന ഈ സുവശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ട്, യേശുവുമായുളള കണ്ടുമുട്ടലും തുടര്‍ന്നുള്ള അനുഗമനവുമാണ് നമ്മുടെ ജീവിതത്തെ പൂര്‍ണമാക്കുന്നതും, നമ്മുടെ ജീവിതപദ്ധതികളെ വിജയകരവും ഫലപ്രദവുമാക്കുന്നതും എന്നും സന്ദേശത്തില്‍ പാപ്പാ പ്രബോധിപ്പിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ ഈ പ്ര ബോധനത്തിന്‍റെ പരിഭാഷ കൊടുക്കുന്നു:

പ്രിയസഹോദരീസഹോദരന്മാരെ, സുപ്രഭാതം!

     എപ്പിഫനിയുടെയും ഈശോയുടെ മാമോദീസയുടെയും തിരുനാളുകളിലെന്നപോലെ, ഇന്നത്തെ സുവിശേഷഭാഗവും (യോഹ 1:35-42) കര്‍ത്താവിനെ വെളിപ്പെടുത്തുന്ന വിഷയമാണ് അവതരിപ്പിക്കുന്നത്.  ഇപ്രാവശ്യം, സ്നാപകയോഹന്നാല്‍ തന്‍റെ ശിഷ്യന്മാരെ യേശുവിനെ, ദൈവത്തിന്‍റെ കുഞ്ഞാടായിട്ട് (വാ 36), ചൂണ്ടിക്കാണിക്കുകയും, അവിടുത്തെ അനുഗമിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.  അതുകൊണ്ട്, അതു നമുക്കുവേണ്ടിയുള്ള ക്ഷണവുമാണ്.  ആരെയാണോ, ക്രിസ്തുമസ് രഹസ്യത്തില്‍ നാം ധ്യാനിച്ചത്, ആ ക്രിസ്തുവിനെ നമ്മുടെ അനുദിനജീവിതത്തില്‍ അനുഗമിക്കാന്‍ നാം വിളിക്കപ്പെടുകയാണ്.  അതുകൊണ്ട്, ആരാധനാക്രമവത്സരത്തിലെ ഈ സാധാരണകാലത്തില്‍, ഈ സുവിശേഷഭാഗം നമ്മുടെ പൊതുവായ ജീവിതത്തില്‍ നമ്മുടെ വിശ്വാസയാത്രയെ സജീവമാക്കാനും, പരിശോധിക്കാനും ഉപകരിക്കുന്നു.  അതായത്, പ്രത്യക്ഷീകരണത്തിന്‍റെയും അനുഗമിക്കലിന്‍റെയും, വെളിപ്പെടുത്തലിന്‍റെയും വിളിയുടെയും ഇടയില്‍ നമ്മില്‍ ചലനം സൃഷ്ടിക്കുന്നു.

     സുവിശേഷത്തിലെ കഥ വിശ്വാസക്രമത്തിന്‍റെ സത്താപരമായ സവിശേഷതകളെ സൂചിപ്പിക്കുന്നു.  വിശ്വാസത്തിനൊരു പദ്ധതിയുണ്ട്, അത് എല്ലാക്കാലത്തെയും വിശ്വാസികള്‍ക്കുള്ള, നമുക്കും കൂടിയുള്ള പദ്ധതിയാണ്. അത് സ്നാപകയോഹന്നാനാല്‍ പ്രചോദിപ്പിക്കപ്പെട്ട ശിഷ്യന്മാരോട്, അവര്‍ യേശുവിനെ അനുഗമിച്ചപ്പോള്‍, ''നിങ്ങള്‍ എന്തന്വേഷിക്കുന്നു?'' (വാ 38) എന്നുള്ള യേശുവിന്‍റെ ചോദ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്.  അതേ ചോദ്യം തന്നെയാണ്, ഈസ്റ്റര്‍ പ്രഭാതത്തില്‍, മഗ്ദലേന മറിയത്തോട് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു ചോദിക്കുന്നതും.  ''സ്ത്രീയേ, നീ എന്താണ് അന്വേഷിക്കുന്നത്'' (യോഹ 20:15).  മനുഷ്യവ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും, സന്തോഷത്തിനായും സ്നേഹത്തിനായും, നന്മയ്ക്കായും, പൂര്‍ണജീവിതത്തിനായും  അന്വേഷിക്കുന്നവരാണ്.  ദൈവപിതാവ്, ഇതെല്ലാം അവിടുത്തെ പുത്രനായ യേശുവില്‍ നമുക്കു നല്‍കിയിട്ടുണ്ട്.

     ഈ അന്വേഷണത്തില്‍ യഥാര്‍ഥസാക്ഷ്യത്തിന്‍റെ, അതായത്, ആദ്യം ഈ യാത്ര തുടങ്ങുകയും കര്‍ത്താവിനെ കണ്ടെത്തുകയും ചെയ്യുന്ന വ്യക്തിയുടെ, പങ്ക് അടിസ്ഥാനപരമാണ്. അതുകൊണ്ടാണ്, സ്നാപകയോഹന്നാന്, യേശുവിന്‍റെ പക്കലേയ്ക്ക്, ''വന്നുകാണുക'' എന്ന നവാനുഭവത്തിലേയ്ക്ക് അവരെ ഉള്‍ച്ചേര്‍ക്കുന്ന യേശുവിലേയ്ക്ക് ശിഷ്യരെ നയിക്കാന്‍ സാധിക്കുന്നത്. ആ കണ്ടുമുട്ടലിന്‍റെ മനോഹാരിത മറക്കാന്‍ കഴിയാത്തവര്‍ക്കായി, സുവിശേഷകന്‍ ആ സമയംപോലും കുറിക്കുന്നുണ്ട്,  അത് ഉച്ചകഴിഞ്ഞ് ഏതാണ്ട് നാലുമണിയായിരുന്നു എന്ന്.  യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലാണ് വിശ്വാസത്തിന്‍റെയും ശിഷ്യത്വത്തിന്‍റെയും ഈ യാത്രയ്ക്ക് ഇടയാക്കുന്നത്.  നമുക്ക് ധാരാളം അനുഭവങ്ങളുണ്ടാകാം.  ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടാകും, അനേകവ്യക്തികളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനുണ്ടാകും.  പക്ഷേ, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ മണിക്കൂറിലാണ്, നമ്മുടെ ജീവിതത്തിനു പൂര്‍ണമായ അര്‍ഥം നല്‍കാനും നമ്മുടെ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും ഫലമുളവാക്കുന്നതിനും ദൈവം ഇടയാക്കുന്നത്.

     ദൈവത്തിന്‍റെ ഒരു രൂപം നിര്‍മിച്ചതുകൊണ്ടുമാത്രമായില്ല.  ദിവ്യഗുരുവിനെ അന്വഷിച്ചുകൊണ്ട് അവിടുന്നു വസിക്കുന്നിടത്തു നാമെത്തണം. യേശുവിനോട് ആ രണ്ടു ശിഷ്യന്മാര്‍ അന്വേഷിച്ചത് ഇതായിരുന്നു:  ''അങ്ങ് എവിടെയാണ് വസിക്കുന്നത്'' (വാ 38). ഇതിനു ശക്തമായ ഒരു ആധ്യാത്മിക തലമുണ്ട്. എവിടെയാണ് ഗുരു വസിക്കുന്നതെന്ന് അറിയുന്നതിനും, ഗുരുവിനോടൊത്തു വസിക്കുന്നതിനും ഉള്ള ആഗ്രഹത്തെ പ്രകടമാക്കുന്നു.  വിശ്വാസജീവിതം കര്‍ത്താവിനോടൊത്തായിരിക്കുന്നതിനുള്ള ജ്വലിക്കുന്ന ആഗ്രഹം ഉള്‍ക്കൊള്ളുന്നുണ്ട്.  അതിനാല്‍, അത് കര്‍ത്താവു വസിക്കുന്നിടം കണ്ടെത്താതനുള്ള നിരന്തരമായ അന്വേഷണമാണ്.  എന്നുപറഞ്ഞാല്‍, സ്വാഭാവികവും പുറമെ കാണപ്പെടുന്നതുമായ മതാത്മകതയെ അതിജീവിക്കുന്നതിനു നാം വിളിക്കപ്പെടുന്നുവെന്ന് അത് അര്‍ഥമാക്കുന്നു.  പ്രാര്‍ഥനയില്‍ യേശുവുമായുള്ള കണ്ടുമുട്ടലിനെ സജീവമാക്കാനും, ദൈവചനത്തിന്മേല്‍ ധ്യാനിച്ചുകൊണ്ടും, കൂദാശകളില്‍ പങ്കുചേര്‍ന്നുകൊണ്ടും, കര്‍ത്താവിനോടു കൂടിയായിരിക്കാനും ഫലം പുറപ്പെടുവിക്കാനും നാം വിളിക്കപ്പെടുന്നു എന്നാണ് അത് അര്‍ഥമാക്കുന്നത്.  അവിടുത്തെ സഹായത്തിനും കൃപയ്ക്കും നമുക്കു കൃതജ്ഞതയര്‍പ്പിക്കാം.

     യേശുവിനെ നോക്കി, അവിടുത്തെ കണ്ടുമുട്ടുന്നതിന്, യേശുവിനെ അനുഗമിക്കുന്നതിന് ഇതു തന്നെയാണ് വഴി:  യേശുവിനെ അന്വേഷിക്കുക, അവിടുത്തെ കണ്ടുമുട്ടുക, അവിടുത്തെ പിഞ്ചെല്ലുക.

യേശുവിനെ അനുഗമിക്കുന്നതിനും, അവിടുത്തോടൊപ്പും നടക്കുന്നതിനും, അവിടുന്ന് ജീവിക്കുന്നി ടത്ത് വസിക്കുന്നതിനും, ജീവന്‍റെ വചനങ്ങള്‍ കേള്‍ക്കുന്നതിനും, ലോകത്തിന്‍റെ പാപം നീക്കുന്നവ നായ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ട്, ആധ്യാത്മികഉണര്‍വും പ്രത്യാശയും കണ്ടെത്തുന്നതിനും കന്യകാമറിയം നമ്മെ സഹായിക്കട്ടെ

     ഈ ആശംസയോടെ, പാപ്പാ സന്ദേശം അവസാനിപ്പിച്ച്, ത്രികാലജപം ചൊല്ലി.. തുടര്‍ന്ന് അപ്പ സ്തോലികാശീര്‍വാദം നല്കുകയും ചെയ്തു.     ത്രികാലജപത്തിനുശേഷം ആനുകാലികസംഭവങ്ങള്‍ അനുസ്മരിക്കുകയും തീര്ഥാടകരെ പ്രത്യേകമായി അഭിവാദ്യം ചെയ്ത പാപ്പാ പിറ്റേന്ന് ആരംഭിക്കുന്ന തന്‍റെ അപ്പസ്തോലികയാത്രയില്‍ ഏവരുടെയും പ്രാര്‍ഥന തന്നെ അനുഗമിക്കണം എന്നു പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു. 

 








All the contents on this site are copyrighted ©.