2018-01-12 15:46:00

സാഗര്‍രൂപതയ്ക്ക് പുതിയ മെത്രാന്‍: റവ. ഡോ. ജെയിംസ് അത്തിക്കളം


സീറോമലബാര്‍ സഭയുടെ, മെത്രാന്‍ സിനഡ്, ഇടുക്കി, സാഗര്‍ രൂപതകള്‍ക്ക് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. സീറോമലബാര്‍ സഭയുടെ മിഷന്‍ പ്രദേശമായ സാഗര്‍ രൂപതയുടെ മെത്രാനായി റവ. ഡോ. ജെയിംസ് അത്തിക്കളം MST, ഇടുക്കി രൂപതയുടെ മെത്രാനായി റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരാണ് നിയുക്തരായിരിക്കുന്നത്.

സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍റണി ചിറയാത്ത് വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് ഫാ. ജെയിംസ് അത്തിക്കളം നിയമിതനായിരിക്കുന്നത്. 1984-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ജെയിംസ് അത്തിക്കളം, ജറുസലെമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബൈബിള്‍വിജ്ഞാനീയത്തില്‍ ലൈസന്‍ഷിയേറ്റും, റോമിലെ അഗുസ്തീനിയാനും യൂണിവേഴ്സിറ്റിയില്‍ നിന്ന് പാട്രിസ്റ്റിക് തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ സെമിനാരികളില്‍ പ്രൊഫസര്‍, റെക്ടര്‍,  സഭാസ്ഥാപനങ്ങളില്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം, 2008-2013 കാലയളവില്‍ MST (Missionary Society of St. Thomas) സഭയുടെ ഡയറക്ടര്‍ ജനറലായിരുന്നു.  ഭോപ്പാലിലെ നിര്‍മല്‍ ജ്യോതി മാനസികാരോഗ്യ പദ്ധതിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരവെയാണ് പുതിയ നിയമനം.

മെത്രാന്‍ സിനഡിന്‍റെ തെരഞ്ഞെടുപ്പ്, പരിശുദ്ധ പിതാവ് അംഗീകരിച്ചുകൊണ്ടുള്ള നിയമനവാര്‍ത്ത, വത്തിക്കാന്‍ ജനുവരി 12-ാംതീയതി 12 മണിക്ക് പ്രസിദ്ധപ്പെടുത്തി.

 








All the contents on this site are copyrighted ©.