2018-01-08 13:27:00

രാജ്യാന്തര ബന്ധം സത്യം,നീതി എന്നിവയില്‍ അധിഷ്ഠിതമാകണം-പാപ്പാ


പരിശുദ്ധ സിംഹാസനം പൗരാധികാരികളുമായി ബന്ധം പുലര്‍ത്തുന്നതിന്‍റെ ഏക ലക്ഷ്യം മനുഷ്യവക്തിയുടെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയും പൊതുനന്മയും പരിപോഷിപ്പിക്കലാണെന്ന് മാര്‍പ്പാപ്പാ.

ലോകരാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികള്‍ ഉള്‍പ്പടെയുള്ള നയതന്ത്രപ്രതിനിധികളെ പുതുവത്സരാശംസകള്‍ കൈമാറുന്നതിന് വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

താന്‍ 2017 ല്‍ ഈജിപ്ത്, പോര്‍ട്ടുഗല്‍, കൊളൊംബിയ, മ്യന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടത്തിയ ഇടയസന്ദര്‍ശനങ്ങള്‍ പരിശുദ്ധസിംഹാസനത്തിനുള്ള ഈ ഔത്സുക്യത്തിന്‍റെ ആവിഷ്കാരമാണെന്ന് പാപ്പാ പറഞ്ഞു.

യൂറോപ്പിന്‍റെ മുഖച്ഛായയെത്തന്നെ മാറ്റി വരച്ച ഒന്നാം ലോകമഹായുദ്ധത്തിന്‍റെ  ഒന്നാം ശതാബ്ദി ഇക്കൊല്ലമാണെന്നത് അനുസ്മരിച്ച പാപ്പാ ആ യുദ്ധമേകുന്ന രണ്ടു താക്കീതുകളെക്കുറിച്ചു സൂചിപ്പിച്ചു.

പരാജിതനായ ശത്രുവിനെ നിന്ദിക്കലല്ല വിജയംകൊണ്ടര്‍ത്ഥമാക്കുന്നത് എന്നതാണ് ഇതില്‍ ആദ്യത്തേതെന്ന് പാപ്പാ വിശദീകരിച്ചു. കീഴടക്കപ്പെട്ടവന്‍റെ മേല്‍ വിജയിയുടെ ആധിപത്യംകൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാകില്ലയെന്നും, ഭയമല്ല ഭാവി ആക്രമണങ്ങളില്‍ നിന്നു പിന്തിരിപ്പിക്കുക, പ്രത്യുത, ഭിന്നിതകളെ ദൂരികരിക്കുന്നതായ സംഭാഷണത്തിനും പരസ്പരധാരണയ്ക്കും പ്രചോദനം പകരുന്ന സൗമ്യതയാര്‍ന്ന  യുക്തിയുടെ ശക്തിയാണ് അതു ചെയ്യുകയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രങ്ങള്‍ക്ക് സമത്വത്തിന്‍റെതായ ഒരന്തരീക്ഷത്തില്‍ മുഖാമുഖം നില്ക്കാന്‍ കഴിയുമ്പോള്‍ മാത്രമെ സമാധാനം ദൃഢീഭവിക്കുകയുള്ളു എന്നതാണ് രണ്ടാമത്തെ മുന്നറിയിപ്പെന്നും പാപ്പാ പറഞ്ഞു.

രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും, മാനുഷിക ബന്ധങ്ങളെപ്പോലെതന്നെ, സത്യം, നീതി, പ്രവര്‍ത്തനനിരതമായ ഐക്യദാര്‍ഢ്യം, സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായി നയിക്കപ്പെടണമെന്നു പാപ്പാ വ്യക്തമാക്കി.

അണുവായുധ നിരോധനക്കരാറിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഉത്തരകൊറിയ നടത്തുന്ന അണുവായുധ പരീക്ഷണങ്ങള്‍ ലോകമാസകലം ഉളവാക്കിയിരിക്കുന്ന ആശങ്കയെക്കുറിച്ച്  പരോക്ഷമായി പരാമര്‍ശിക്കുകയും പരസ്പരവിശ്വാസവും സമാധാനത്തെക്കുറിച്ചുള്ള പ്രത്യാശയും കൊറിയിയയിലെ ജനങ്ങള്‍ക്കും ലോകം മുഴുവനും പകരുന്നതിനുവേണ്ടി കൊറിയ ഉപദ്വീപില്‍ സംഭാഷണം പുനരാരംഭിക്കുന്നതിന് സകലവിധ ഒത്താശകളും ചെയ്യേണ്ടതിന്‍റെ   പ്രാധാന്യം ചൂണ്ടിക്കാട്ടി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യ, സിറിയ, ഇറാക്ക്, അഫിഖാനിസ്ഥാന്‍, ഇസ്രായേല്‍, പലസ്തീന്‍, വെനെസ്വേല തുടങ്ങിയ ഇടങ്ങളില്‍ നിലവിലുള്ള പ്രശ്നങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ വന്‍ നാശങ്ങള്‍ വിതയ്ക്കപ്പെട്ട ഒരു വേളയ്ക്കു ശേഷം ഇപ്പോള്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമയമായിരിക്കയാണെന്ന് ഓര്‍മ്മിപ്പിച്ചു.

പരിശുദ്ധസിംഹാസനം മനുഷ്യാവകാശങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നതിനെപ്പറ്റി പരാമര്‍ശിച്ച പാപ്പാ മനുഷ്യവ്യക്തിയുടെ ഔന്നത്യത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുക എന്നതാണ് അതിനര്‍ത്ഥമെന്ന് വിശദീരിച്ചു.

കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച്, മ്യന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കുന്ന റൊഹീംഗ്യ മുസ്ലീം ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും പാപ്പാ അനുസ്മരിക്കുകയും അവരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുകയും ചെയ്തു.

കിശോരതൊഴില്‍ എന്ന വ്യാധി പടര്‍ന്നു പിടിച്ചിരിക്കുന്നതിനെ അപലപിച്ച പാപ്പാ ലാഭക്കണ്ണുകളോടു കൂടിയും ബലഹീനരെ ചൂഷണം ചെയ്തും മുന്നോട്ടു പോകുന്ന ഒരു സമ്പദ്ഘടനയ്ക്ക് മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പദ്ധതി മുന്നോട്ടുവയ്ക്കാനാകില്ല എന്നു പറഞ്ഞു.

ആകയാല്‍ ബാലവേല എന്ന വ്യാധിയുടെ ഘടനാപരമായ കാരണങ്ങള്‍ ഇല്ലാതാക്കുയെന്നത് സര്‍ക്കാരുകളുടെയും അന്താരാഷ്ട്രസംഘടനകളുടെയും മുന്‍ഗണനാവിഷയാമാകണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

185 നാടുകള്‍ പരിശുദ്ധസിംഹാസനവുമായി നയതന്ത്രംബന്ധം സ്ഥാപിച്ചിട്ടുണ്ട്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും യൂറോപ്യന്‍ സമിതിയും ഇവയില്‍ ഉള്‍പ്പെടുന്നു. ഭാരതമുള്‍പ്പടെ 14 രാഷ്ട്രങ്ങള്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികളുടെ ഔദ്യോഗിക ആസ്ഥാനം വത്തിക്കാനിലല്ല, പുറം രാജ്യങ്ങളിലാണ്. ഉദാഹരണമായി വത്തിക്കാനുവേണ്ടിയുള്ള ഇന്ത്യയുടെ സ്ഥാനപതിയുടെ ആസ്ഥാനം സ്വിറ്റസര്‍ലണ്ടിലാണ്.

അറബുനാടുകളുടെ സഖ്യം, കുടിയേറ്റക്കാര്‍ക്കായുള്ള അന്താരാഷ്ട്ര സംഘടന, അഭയാര്‍ത്ഥികള്‍ക്കായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിഭാഗമായ യു എന്‍ എച്ച് സി ആര്‍ (UNHCR) എന്നിവയ്ക്കും പരിശുദ്ധസിംഹാസനത്തില്‍ ഔദ്യോഗിക പ്രതിനിധികളുണ്ട്.








All the contents on this site are copyrighted ©.