2018-01-08 13:33:00

''മാമ്മോദീസത്തീയതി ഓര്‍മദിനമാക്കുക!'' ത്രികാലജപസന്ദേശം


2018, ജനുവരി ഏഴാം തീയതി, കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുനാളില്‍, വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുകയും അതോടനുബന്ധിച്ച് 34 ശിശുക്കള്‍ക്ക് മാമോദീസയും നല്‍കിയ ശേഷമാണ്, പരിശുദ്ധ പിതാവു  മധ്യാഹ്നത്തോടെ, ത്രികാലജപം നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്നതിനുമായി എത്തിയത്.  മാര്‍പ്പാപ്പാ ത്രികാലജപം നയിക്കുന്ന പതിവു ജാലകത്തിങ്കലണഞ്ഞപ്പോള്‍, തീര്‍ഥാടകസഹസ്രങ്ങള്‍ കൈകളുയര്‍ത്തി വീശി, കരഘോഷവും ആഹ്ലാദാരവവും മുഴക്കി, പാപ്പായോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി.

ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം, ലത്തീന്‍ ആരാധനക്രമമനുസരിച്ച് യേശുവിന്‍റെ ജ്ഞാനസ്നാനത്തിന്‍റെ ഓര്‍മ ആചരിക്കുന്ന തിരുനാളിനോടനുബന്ധിച്ചുള്ള വി. കുര്‍ബാനയിലെ വായനയെ (മര്‍ക്കോ 1:7-11) അടിസ്ഥാനമാക്കിയായിരുന്നു.  യേശുവിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട്, ദൈവം പാപികളോടൊത്ത് എണ്ണപ്പെടാന്‍ തയ്യാറായ ആ വലിയ വിനയത്തെ അനുസ്മരിപ്പിച്ചും, നമ്മുടെ മാമോദീസ സ്വീകരണത്തിന്‍റെ പ്രാധാന്യത്തെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്തും ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു.

പ്രിയസഹോദരീസഹോദരന്മാരെ, സുപ്രഭാതം!

ക്രിസ്തുമസ് കാലത്തിനു സമാപനം കുറിക്കുന്ന കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിന്‍റെ അനുസ്മരണ ഇന്നു നാം ആചരിക്കുമ്പോള്‍ അതു നമ്മെ നമ്മുടെ ജ്ഞാനസ്നാനത്തെക്കുറിച്ചു ചിന്തിക്കുന്നതിനു ക്ഷണിക്കുകയാണ്.  സ്നാപകയോഹന്നാന്‍ പ്രഘോഷിക്കുകയും ജോര്‍ദാന്‍ നദിയില്‍ വച്ചു നല്‍കുകയും ചെയ്തിരുന്ന മാമോദീസ സ്വീകരിക്കാന്‍ യേശുവും ആഗ്രഹിക്കുന്നു.  അത് അനുതാപത്തിന്‍റെ മാമോദീസ ആയിരുന്നു. യോഹന്നാനെ സമീപിച്ചിരുന്നവര്‍, അവര്‍ ചെയ്തിട്ടുള്ള പാപത്തില്‍ നിന്നുള്ള വിശുദ്ധീകരണവും, ദൈവത്തിന്‍റെ സഹായത്താല്‍ ഒരു നവജീവിതം നയിക്കുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചവരായിരുന്നു.

ഇവിടെ യേശുവിന്‍റെ മഹത്തായ എളിമയെ നാം മനസ്സിലാക്കുകയാണ്.  ഒരിക്കലും പാപം ചെയ്യാനാകാത്തവന്‍, അനുതാപികളോടൊത്ത്, അവരുടെയിടയില്‍ ജോര്‍ദാന്‍ നദിയില്‍  ഊഴം കാത്തു നില്‍ക്കുകയാണ് ജ്ഞാനസ്നാനപ്പെടാന്‍.  എത്രമാത്രം വിനയപൂര്‍ണനാണവിടുന്ന്! അങ്ങനെ ചെയ്തതുവഴി, നാമെന്താണോ ക്രിസ്തുമസ്സില്‍ ആഘോഷിച്ചത്, അതു പ്രകടമാക്കുകയാണവിടുന്ന്. മാനവരുടെ ബലഹീനതകളും പാപങ്ങളും ഏറ്റെടുക്കുകയാണവിടുന്ന്, വിമോചനത്തിനും, ദൈവത്തില്‍നിന്നു നമ്മെ അകറ്റുന്ന,  സഹോദരങ്ങള്‍ക്കു നമ്മെ അന്യരാക്കുന്ന എല്ലാറ്റിനെയും അതിജീവിക്കുന്നതിനും ഉള്ള നമ്മുടെ ആഗ്രഹത്തില്‍  പങ്കുചേരുകയാണവിടുന്ന്. ബെതലേഹമിലെന്നപോലെ, ജോര്‍ദാന്‍ നദിയുടെ തീരത്തും ദൈവം മനുഷ്യന്‍റെ വിധിയില്‍ പങ്കുപറ്റാമെന്നുള്ള വാഗ്ദാനം പാലിക്കുകയാണ്.  അവിടുന്നു നമ്മെ എല്ലാവരെയും രക്ഷിച്ചു.  നമ്മെയെല്ലാവരെയും ജീവിതത്തിലും, എല്ലാ ദിനങ്ങളിലും പരിപാലിച്ചുകൊണ്ടുമിരിക്കുന്നു.

ഇന്നത്തെ സുവിശേഷം ഊന്നിപ്പറയുകയാണ്: ''വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും പ്രാവിന്‍റെ രൂപത്തില്‍ ആത്മാവ് തന്‍റെ മേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു'' (മര്‍ക്കോ 1:10).  സൃഷ്ടിയുടെ ആരംഭം മുതല്‍ പ്രവര്‍ത്തനനിരതനായ പരിശുദ്ധാത്മാവ്, മോശയെയും ജനത്തെയും മരുഭൂമിയിലൂടെ നയിച്ച പരിശുദ്ധാത്മാവ്, ഇപ്പോള്‍ യേശുവിന്‍റെ മേല്‍ ഇറങ്ങിവന്നുകൊണ്ട്, അവിടുന്ന് ഈ ലോകത്തില്‍ പൂര്‍ത്തിയാക്കേണ്ട ദൗത്യനിര്‍വഹണത്തിനു ശക്തി നല്‍കുകയാണ്.  പരിശുദ്ധാത്മാവാണ്, സത്യത്തിലേയ്ക്ക്, സത്യത്തിന്‍റെ പൂര്‍ണതയിലേയ്ക്ക് നമ്മുടെ ഹൃദയനേത്രങ്ങളെ തുറക്കുന്നത്.  ഇതേ ആത്മാവാണ്, പിതാവിന്‍റെ വാത്സല്യവും, ക്ഷമയും കൈവരുത്തുന്ന ദാനമായിത്തീരുന്നത്.  ഇതേ ആത്മാവാണ്, ''നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരി ക്കുന്നു'' (1:11) എന്ന പിതാവ് വെളിപ്പെടുത്തിയ വാക്കുകള്‍ മാറ്റൊലിക്കൊള്ളാന്‍ അനുവദിക്കുന്നത്. പുത്രന്‍ പാപികളോട് അനുകമ്പ കാണിക്കുന്ന അതേ നിമിഷത്തില്‍, അവിടുത്തെ തനിമയും ദൗത്യവും സ്ഥിരീകരിക്കുന്ന പിതാവിന്‍റെ സ്വരം കേള്‍ക്കുകയാണ്.

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുനാള്‍ എല്ലാ ക്രൈസ്തവരെയും തങ്ങളുടെ ജ്ഞാനസ്നാനത്തെക്കുറിച്ച് ഓര്‍മിക്കുന്നതിനു ക്ഷണിക്കുന്നു. നിങ്ങളുടെ മാമോദീസാ ദിനം നിങ്ങള്‍ ഓര്‍മ്മിക്കുന്നുവോ? എന്നെനിക്കു ചോദിക്കാന്‍ കഴിയില്ല, കാരണം, എന്നെപ്പോലെ, നിങ്ങളില‍ ഭൂരിഭാഗവും ശിശുക്കളായിരുന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ചവരാണ്. എന്നാല്‍, ഞാന്‍ നിങ്ങളോടു മറ്റൊരു കാര്യം ചോദിക്കുകയാണ്.  നിങ്ങള്‍ മാമ്മോദീസ സ്വീകരിച്ച തീയതി നിങ്ങള്‍ക്കറിയാമോ?  ഏതു ദിവസമാണ് നിങ്ങള്‍ ജ്ഞാനസ്നാനപ്പെട്ടതെന്നു നിങ്ങള്‍ക്കറിയാമോ? ഓരോരുത്തരും അതെക്കുറിച്ചൊന്നാലോചിക്കുക.  നിങ്ങള്‍ക്ക് ആ ദിനം നിങ്ങള്‍ക്ക് അറിയില്ലെങ്കിലോ, അല്ലെങ്കില്‍ മറന്നുപോയെങ്കിലോ, വീട്ടില്‍ ചെന്ന് അമ്മയോടോ വല്ല്യമ്മയോടോ അമ്മാവനോടോ, അമ്മായി യോടോ, വല്ല്യപ്പനോടോ, തലതൊട്ടമ്മ, തലതൊട്ടപ്പോന്‍ എന്നിവരോടോ ചോദിക്കുക. ഏതാണാ ദിവസം?  ആ ദിവസം നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കണം, അത് ആഘോഷത്തിന്‍റെ ദിവസമാകണം.  അത്, നമ്മുടെ ആദ്യവിശുദ്ധീകരണത്തിന്‍റെ ദിനമാണ്. ആ ദിനത്തിലാണ് പിതാവു നമുക്കു നമ്മെ നടക്കാന്‍ പ്രേരിപ്പിക്കുന്ന പരിശുദ്ധാത്മാവിനെ നല്‍കിയത്.  ആ ദിനത്തിലാണ്, വലിയ പാപമോചനം നമുക്കു ലഭിച്ചത്.  മറക്കരുതേ. ഏതാണ് മാമ്മോദീസാതീയതി?

എല്ലാ ക്രൈസ്തവരും മാമ്മോദീസായെന്ന കൃപാദാനത്തെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും, അതിനു ചേര്‍ന്നവിധത്തില്‍ ജീവിക്കുന്നതിന് പ്രതിജ്ഞാബദ്ധരാകുന്നതിനും, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സ്നേഹത്തിനു സാക്ഷ്യമേകുന്നതിനും, എത്രയും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസംരക്ഷണം നമുക്കു യാചിക്കാം.

ഈ ആഹ്വാനത്തോടെ മാര്‍പ്പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്ന ത്രികാലജപം ലത്തീന്‍ ഭാഷയില്‍ ചൊല്ലി.  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്കി.








All the contents on this site are copyrighted ©.