2018-01-05 09:11:00

പെറു അപ്പസ്തോലിക സന്ദര്‍ശനം : തദ്ദേശജനതയ്ക്കൊരു ആത്മീയ ഉണര്‍ത്ത്!


ജനുവരി 18-മുതല്‍ 21-വരെ പാപ്പാ ഫ്രാന്‍സിസ് പെറു സന്ദര്‍ശിക്കും.
ജനുവരി 15-മുതല്‍ 18-വരെ ചിലിയില്‍ അരങ്ങേറുന്ന ആദ്യഘട്ട സന്ദര്‍ശനത്തെ തുടര്‍ന്നാണ് പാപ്പാ പെറുവില്‍ എത്തിച്ചേരുന്നത്.  

പെറുവിലെ ജനങ്ങളുടെ ആത്മീയ ഉണര്‍ത്തായിരിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനമെന്ന് തലസ്ഥാന നഗരമായ ലീമായുടെ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍‍ ലൂയി ചിപ്രിയാനി തോര്‍ണെ പ്രസ്താവിച്ചു. ബഹുഭൂരിപക്ഷം കത്തോലിക്കരായ പെറൂവിയന്‍ ജനതയുടെ സന്തോഷവും പ്രത്യാശയുമാണ് ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനമെന്ന് ജനുവരി 3-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിനു നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ തോര്‍ണേ പ്രസ്താവിച്ചു.

പ്രകൃതി സമ്പത്ത് ധാരാളമുള്ള ഈ രാജ്യത്ത് ജീവിതവിശുദ്ധിയുടെ സമ്പത്തും സമൃദ്ധമാണെന്ന് കര്‍ദ്ദിനാള്‍ തോര്‍ണെ വിശദീകരിച്ചു. പെറുവിലെ ജനതയുടെ സംസ്ക്കാരത്തനിമയാര്‍ന്ന ആത്മീയതയാണ് റോസ് ദെലീമ, മാര്‍ട്ടിന്‍ ഡി പോറസ് പോലുള്ള പുണ്യാത്മാക്കളും, അവരോടുള്ള തദ്ദേശജനതയുടെ ആഴമായ ഭക്തിയും ആത്മീയതയും. ആഗോള സഭയോട് പെറൂവിയന്‍ ജനതയെ കൂട്ടിയിണക്കുന്നത് ഈ പുണ്യാത്മാക്കളാണെന്നും കര്‍ദ്ദിനാള്‍ തോര്‍ണെ അഭിപ്രായപ്പെട്ടു. 

ആമസോണിയന്‍ തദ്ദേശീയ ജനതയുമായുള്ള കൂടിക്കാഴ്ചയും സംഗമവുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പെറു സന്ദര്‍ശനത്തിലെ ശ്രദ്ധേയമാകുന്ന പരിപാടിയെന്ന് കര്‍ദ്ദിനാള്‍ തോര്‍ണെ വെളിപ്പെടുത്തി. പ്രകൃതിയെ സ്നേഹിക്കുന്ന പാപ്പാ ഫ്രാന്‍സിസ് അതിന്‍റെ കേന്ദ്രമായി ജീവിക്കുന്ന ജനതയെ അതിലേറെ മാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തന്‍റെ ചാക്രിക ലേഖനം, “അങ്ങേയ്ക്കു സ്തുതി!”-യില്‍ (Laudato si) പ്രസ്താവിക്കുന്നുണ്ട്.   പെറുവിന്‍റെ ഭാഗമായ ആമസോണ്‍ വനവും അതിലെ തദ്ദേശീയ ജനതയും പാപ്പാ ഫ്രാന്‍സിസിന് ഹൃദഹാരിയാണെന്നും, അവരുടെ സുസ്ഥിതിയും വളര്‍ച്ചയും നന്മയും മനസ്സിലേറ്റിയാണ് ഈ പ്രേഷിത സന്ദര്‍ശനമെന്നും കര്‍ദ്ദിനാള്‍ തോര്‍ണെ വ്യക്തമാക്കി. പെറുവിലെ തദ്ദേശീയരോടുള്ള പ്രത്യേക വാത്സല്യം കൊണ്ടുതന്നെയാണ് ഈ ലാറ്റിനമേരിക്കന്‍ യാത്ര ഹൃദയത്തിലേറ്റിയ സന്ദര്‍ശനമാണെന്നു താന്‍ കരുതുന്നതെന്ന് കര്‍ദ്ദിനാള്‍ തോര്‍ണെ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.