2018-01-03 12:53:00

അനുതാപശുശ്രൂഷ : പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


പുതുവത്സരത്തിലെ പ്രഥമ ബുധനാഴ്ച (03/01/18) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. രാവിലെ അര്‍ക്കാംശുക്കള്‍ ഒളിവിതറിയെങ്കിലും, ക്രമേണ കാര്‍മേഘാവൃതമാകുകയും ശൈത്യം ആധിപത്യം പുലര്‍ത്തുകയും ചെയ്ത  ഒരു ദിനമായിരുന്നു എന്നിരുന്നാലും വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ പൊതുദര്‍ശനപരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ എത്തിയിരുന്നു. പോള്‍ ആറാമന്‍ ശാലയിലേക്ക് പാപ്പാ പ്രവേശിച്ചപ്പോള്‍ അവിടെ  സന്നിഹിതരായിരുന്നവരുടെ ആനന്ദം കരഘോഷങ്ങളാലും ആരവങ്ങളാലും ആവിഷ്കൃതമായി.പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വേദിയിലേക്കു നീങ്ങിയ പാപ്പാ, ചിലരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സഹോദരരേ, ഞാന്‍ പറയുന്നത് നിങ്ങള്‍തന്നെ വിധിക്കുവിന്‍. 16 നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? 17 അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്, എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.” കോറിന്തോസ്സുകാര്‍ക്കുള്ള ഒന്നാം ലേഖനം, 10-Ͻ൦ അദ്ധ്യായം 15-17 വരെയുള്ള വാക്യങ്ങള്‍.

ഈ ഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ദിവ്യപൂജയിലെ അനുതാപശുശ്രൂഷയായിരുന്നു പാപ്പായുടെ പരിചിന്തന വിഷയം.

പ്രഭാഷണ സംഗ്രഹം:

വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനപരമ്പര നാം പുനരാംരംഭിക്കുകയാണ് ഇന്ന്. ദിവ്യബലിയുടെ പ്രാരംഭ കര്‍മ്മങ്ങളില്‍ അടങ്ങിയിരിക്കുന്ന അനുതാപശുശ്രൂഷയാണ് ഇന്നത്തെ നമ്മുടെ പരിചിന്തനവിഷയം. ദിവ്യരഹസ്യങ്ങള്‍ യോഗ്യതയോടുകൂടെ ആഘോഷിക്കുന്നതിന് വേണ്ട മനോഭാവം നമ്മില്‍ ഉളവാക്കുന്നതിന് അനുതാപശുശ്രൂഷ  സഹായിക്കുന്നു. അതായത്, ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ നാം നമ്മുടെ പാപാവസ്ഥ അംഗീകരിക്കുന്നു. വാസ്തത്തില്‍ കാര്‍മ്മികന്‍റെ ക്ഷണം പ്രാര്‍ത്ഥിക്കുന്ന സമൂഹത്തോടുമുഴുവനുമാണ്, എന്തെന്നാല്‍, നാമെല്ലാവരും പാപികളാണ്. അവനവനെക്കൊണ്ടും സ്വന്തം നേട്ടങ്ങള്‍കൊണ്ടും ഹൃദയം നിറച്ചിട്ടുള്ളവന് ഇനി കര്‍ത്താവ് എന്തു നല്കും? ഒന്നും നല്കാനാകില്ല. കാരണം അഹംഭാവി മാപ്പു സ്വീകരിക്കാന്‍ പ്രാപ്തനല്ല. അവന്‍ പൊള്ളയായ നീതിയാല്‍ പൂരിതനാണ്. ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 9 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമയെക്കുറിച്ചൊന്നു ചിന്തിക്കൂ. അതില്‍ ചുങ്കക്കാരനാണ് നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങുന്നത്. സ്വന്തം ദുരവസ്ഥയെക്കുറിച്ച് അവബോധം പുലര്‍ത്തുകയും എളിമയോടെ നയനങ്ങള്‍ താഴ്ത്തുകയും ചെയ്യുന്നവനാണ് ദൈവത്തിന്‍റെ കരുണാകടാക്ഷം ലഭിക്കുന്ന അനുഭവമുണ്ടാകുന്നത്. നമ്മുടെ അനുഭവത്തില്‍ നിന്ന് നമുക്കറിയാം സ്വന്തം തെറ്റുകള്‍ തരിച്ചറിയുന്നവനും മാപ്പപേക്ഷിക്കുന്നവനുമാണ് മറ്റുള്ളവരാല്‍ മനസ്സിലാക്കപ്പെടുകയും പൊറുക്കപ്പെടുകയും ചെയ്യുന്നതെന്ന്.

മനസ്സാക്ഷിയുടെ സ്വനം നിശബ്ദതയില്‍ ശ്രവിക്കുകവഴി നമുക്കറിയാന്‍ സാധിക്കും നമ്മുടെ ചിന്തകള്‍ ദൈവിക ചിന്തകളില്‍ നിന്നേറെ അകലെയാണെന്നും നമ്മുടെ വചനപ്രവൃത്തികള്‍ പലപ്പോഴും ലൗകികമാണെന്നും സുവിശേഷത്തിനു വിരുദ്ധമായ തിരഞ്ഞെടുപ്പുകളാല്‍ നയിക്കപ്പെടുന്നവയാണെന്നും. ആകയാല്‍ വിശുദ്ധകുര്‍ബ്ബാനയുടെ തുടക്കത്തില്‍ നമ്മള്‍ സംഘാതമായി പൊതുവായ ഏറ്റുപറച്ചിലിലൂടെ അനുതാപശുശ്രൂഷ നിര്‍വ്വഹിക്കുന്നു. ഉത്തമപുരുഷ ഏകവചനമാണ് ഈ ഏറ്റുപറച്ചില്‍ വാക്യരൂപത്തില്‍ ഉപയോഗിക്കുന്നത്. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ഏറെ പാപം ചെയ്തുവെന്ന് ഓരോ വ്യക്തിയും ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ ഏറ്റു പറയുന്നു. അതെ, ഉപേക്ഷയാലും, അതായത്,  ചെയ്യാന്‍ സാധിക്കുമായിരുന്ന നന്മ ചെയ്യാതിരുന്നതുവഴി ചെയ്തുപോയ പാപവും ഏറ്റു പറയുകയാണ്. ഞാന്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ല എന്നു പറഞ്ഞ് സ്വയം നല്ലവനെന്ന് ചിന്തിക്കാറുണ്ട്. എന്നാല്‍ അടുത്തുള്ളവന് തിന്മചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ച്, നാം യേശുവിന്‍റെ ശിഷ്യരാണെന്ന നല്ല സാക്ഷ്യമേകുന്നതിനുള്ള അവസരങ്ങള്‍ മുതലെടുത്ത് നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം. നാം പാപികളാണെന്ന് ദൈവത്തോടും സഹോദരങ്ങളോടും ഏറ്റുപറയുന്നത് സുപ്രധാനം തന്നെ. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുമ്പോള്‍ത്തന്നെ സഹോദരങ്ങളില്‍ നിന്നും നമ്മെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാന്‍ അത് നമ്മെ സഹായിക്കുന്നു. പാപം വിച്ഛേദിക്കുന്നു. അത് ദൈവവുമായുള്ള ബന്ധം മുറിക്കുന്നു, സഹോദരങ്ങളുമായുള്ള ബന്ധം മുറിക്കുന്നു, കുടുംബത്തിലയും സമൂഹത്തിലെയും ബന്ധം വിച്ഛേദിക്കുന്നു. പാപം എന്നും മുറിക്കുന്നു, പിളര്‍ക്കുന്നു, ഭിന്നപ്പുളവാക്കുന്നു.

അധരംകൊണ്ടു മൊഴിയുന്ന വാക്കുകളെ മാറത്തടിക്കുന്ന ചേഷ്ട അകമ്പടിസേവിക്കുന്നു. മറ്റുള്ളവരുടെയല്ല എന്‍റെ കുറ്റംകൊണ്ട് ഞാനാണ് തെറ്റു ചെയ്തത് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഇതു ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് ഭയത്താലൊ ലജ്ജയാലൊ നമ്മള്‍ കുറ്റമാരോപിക്കാന്‍ അപരന്‍റെ   നേര്‍ക്കു വിരല്‍ ചൂണ്ടുന്നതാണ്. കുറ്റകാരാണെന്നു സമ്മതിക്കുന്നതിന് വില നല്കേണ്ടിവരുമെങ്കിലും അത്മാര്‍ത്ഥമായി കുറ്റം എറ്റു പറയുന്നത് നമുക്ക് നന്മ പ്രദാനം ചെയ്യും.

ഞാനോര്‍ക്കുന്നു ഒരു പ്രേഷിതന്‍ എന്നോടു വിവരിച്ച ഒരു സംഭവം. കുമ്പസാരിക്കാന്‍ എത്തിയ ഒരു സ്ത്രീ ആദ്യം ഭര്‍ത്താവിന്‍റെയും തുടര്‍ന്ന് അമ്മായിയമ്മയുടെയും പിന്നെ അയല്‍ക്കാരുടെയും കുറ്റങ്ങള്‍ നിരത്തി. കുമ്പസാരക്കാരനായിരുന്ന ആ പ്രേഷിതന്‍ ഇടയ്ക്കു വച്ച് ആ സ്ത്രീയോടു ചോദിച്ചു കഴിഞ്ഞോ? മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞു കഴിഞ്ഞോയ എങ്കില്‍ ഇനി നിന്‍റെ തെറ്റുകള്‍ പറയൂ......

പാപങ്ങള്‍ ഏറ്റു പറഞ്ഞതിനു ശേഷം നമ്മള്‍, കര്‍ത്താവിനോടു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും മാലാഖമാരുടെയും വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യം യാചിക്കുന്നു

പാപം ഏറ്റുപറയുന്നതിന് “കര്‍ത്താവേ ഞങ്ങളില്‍ കൃപയുണ്ടാകണമേ, അങ്ങേയ്ക്കെതിരായി ഞങ്ങള്‍ പാപം ചെയ്തുപോയി” എന്നിങ്ങനെയുള്ള ഇതര രൂപങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് ഞായറാഴ്ചയാകട്ടെ, സകല പാപങ്ങളും മായിച്ചുകളയുന്ന  മാമ്മോദിസായെ ദ്യോതിപ്പിക്കുന്ന ആശീര്‍വ്വാദവും വിശുദ്ധജലം തളിക്കലും നടത്താം.

പാപം ചെയ്തത് സ്വയം തിരിച്ചറിയുകയും, ഹൃദയത്തെ നവീകരിക്കുന്ന കൃപയക്ക് മൂടുപടം മാറ്റി സ്വയം തുറന്നുകൊടുക്കാന്‍ ധൈര്യം കാട്ടിയവരുമായ അനുതാപികളുടെ ഉജ്ജ്വല മാതൃകകള്‍ വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. ദാവീദ് രാജാവിനെയും സങ്കീര്‍ത്തനത്തിലെ അദ്ദേഹത്തിന്‍റെ  വാക്കുകളെയും കുറിച്ചോര്‍ക്കാം. “ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ അതിക്രമങ്ങള്‍ മായിച്ചു കളയണമേ” (സങ്കീര്‍ത്തനം 51,1)  പിതാവിന്‍റെ പക്കലേക്കു തിരിച്ചെത്തുന്ന ധൂര്‍ത്തപുത്രന്‍, അല്ലെങ്കില്‍ ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന നമ്മുടെ മനസ്സില്‍വരുന്നു. ചുങ്കക്കാരന്‍ പ്രാര്‍ത്ഥിക്കുന്നു: “ദൈവമേ, പാപിയായ എന്നില്‍ കനിയണമേ” (ലൂക്കാ 18,13) വിശുദ്ധ പത്രോസിന്‍റെയും സഖേവൂസിന്‍റെയും സമറിയാക്കാരിയുടെയുമൊക്കെ ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നു. നാം മെനയപ്പെട്ടിരിക്കുന്ന കളിമണ്ണിന്‍റെ ദുര്‍ബ്ബലതകൊണ്ട് നാം നമ്മെത്തന്നെ അളക്കുന്നത് നമ്മെത്തന്നെ ശക്തിപ്പെടുത്തുന്ന ഒരു അനുഭവമാണ്. നമ്മുടെ ബലഹീനത നാം തിരിച്ചറിയുന്നത്, നമ്മെ രൂപാന്തരപ്പെടുത്തുകയും മാനസ്സാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവിക കാരുണ്യം യാചിക്കുന്നതിന് നമ്മുടെ ഹൃദയത്തെ തുറക്കുന്നു. ദിവ്യബലിയുടെ ആരംഭത്തില്‍ അനുതാപ ശുശ്രൂഷയിലൂടെ നാം ചെയ്യുന്നത് ഇതാണ്.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

സകലരുടെയും ചാരത്തായിരിക്കാന്‍ ഇഷ്ടപ്പെടുന്ന സമാധാനരാജനുമായി പ്രാര്‍ത്ഥനയില്‍ കണ്ടുമുട്ടിക്കൊണ്ട് ഈ തിരുപ്പിറവിക്കാലത്തിന്‍റെ ആനന്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാകുടുംബങ്ങള്‍ക്കും കഴിയട്ടെയെന്ന് പാപ്പാ ആംഗലഭാഷാക്കാരെ സംബോധന ചെയ്യവെ ആശംസിച്ചു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ ദൈവത്തിന്‍റെ സ്നേഹാര്‍ദ്രത ഈ നവവത്സരത്തില്‍ അനുദിനം സ്വീകരിക്കാനും പങ്കുവയ്ക്കാനും അവരെ ക്ഷണിച്ചു. സമപ്രായക്കാര്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ദൂതരാകാന്‍ യുവജനത്തിനും, സഹനങ്ങളില്‍ താങ്ങ് ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ടെത്താന്‍ രോഗികള്‍ക്കും, പരസ്പരമുള്ള വിശ്വസ്ത സ്നേഹത്തിലൂടെ വിവാഹമെന്ന കൂദാശയുടെ ആനന്ദത്തിന്‍റെ സാക്ഷികളാകാന്‍ നവദിമ്പതികള്‍ക്കും പാപ്പാ പ്രചോദനം പകര്‍ന്നു.

 പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.