2018-01-01 12:37:00

ദൈവമാതാവ്: ദൈവത്തിന് നരകുലത്തോടുള്ള അടുപ്പം കാട്ടുന്ന പദം


 

ദൈവമാതാവ് എന്ന അഭിധാനത്തിന്‍റെ അര്‍ത്ഥം ഗര്‍ഭസ്ഥശിശു അമ്മയോട് ചേര്‍ന്നിരിക്കുന്നതുപോലെയാണ് ദൈവത്തിന് നരകുലത്തോടുള്ള സാമീപ്യം എന്നാണെന്ന് മാര്‍പ്പാപ്പാ.

ദൈവജനനിയുടെ തിരുന്നാളും വിശ്വശാന്തിദിനവും ആചരിക്കപ്പെട്ട പുതുവത്സരദിനത്തില്‍, റോമിലെ സമയം രാവിലെ പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ന് വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കര്‍ത്താവ് മറിയത്തില്‍ മനുഷ്യരൂപം ധരിച്ചതോടെ അവിടന്ന് അന്നുമുതല്‍ എന്നേക്കുമായി തന്നില്‍ നരകുലത്തെ സംവഹിക്കുന്നു എന്ന സത്യം. ദൈവത്തെയും മനുഷ്യനെയും സംബന്ധിച്ച സത്യം ദൈവമാതാവ് എന്ന ശീര്‍ഷകത്തില്‍ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഈ ഒരു വീക്ഷണത്തില്‍, മനുഷ്യനെ കൂടാതെ ദൈവം ഇല്ല എന്ന് പാപ്പാ വിശദീകരിച്ചു.

ആകയാല്‍ പുതുവത്സദിനത്തില്‍ ദൈവമാതാവിന്‍റെ തിരുന്നാള്‍ ആചരണം നമുക്കു പ്രദാനം ചെയ്യുന്ന ആനന്ദത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, മനുഷ്യന്‍ ഇനി ഒറ്റയ്ക്കല്ല, ഇനി ഒരിക്കലും അനാഥനല്ല, എന്നും മകനാണ്,  നമ്മുടെ ഏകാന്തത പരാജയപ്പെടുത്തപ്പെട്ടിരിക്കുന്നു, നാം ദൈവത്താല്‍ സ്നേഹിക്കപ്പെട്ട മക്കളാണ്, നമ്മുടെ ബാല്യം ഒരിക്കലും നമ്മില്‍ നിന്നെടുക്കപ്പെടില്ല എന്നീ സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്ഭുതത്തോടെയാണ്, പുതുമയോടെയാണ് പുതുവത്സരം നാം ആരംഭിക്കുന്നതെന്ന് പറഞ്ഞു.

ദൈവമാതവ് എന്ന അഭിധാനത്തിലൂടെ നാം, ലോല ദൈവത്തില്‍, മാതാവിന്‍റെ  കരങ്ങളില്‍ ശയിക്കുന്ന ശിശുവില്‍, നമ്മുടെ പ്രതിഫലനം കാണുകയും നരകുലം ദൈവത്തിനു പ്രിയപ്പെട്ടതും പവിത്രവുമാണെന്ന് ഗ്രഹിക്കുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ആകയാല്‍ മനുഷ്യജീവന് ശുശ്രൂഷചെയ്യുകയെന്നാല്‍  ദൈവത്തെത്തന്നെ സേവിക്കലാണെന്നും, അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ശിശവിന്‍റേതു മുതല്‍ വാര്‍ദ്ധക്യത്തിലെത്തിയ വ്യക്തിയുടേതുള്‍പ്പടെയുള്ള എല്ലാ ജീവനും വേദനയനുഭവിക്കുന്നവരും രോഗികളും, അപ്രിയരും, വെറുപ്പുളവാക്കുന്നവരുമായ സകലരും, സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും സഹായിക്കപ്പെടുകയും വേണം എന്നാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

 

 








All the contents on this site are copyrighted ©.