2017-12-29 12:35:00

ദൈവശാസ്ത്രം ദൈവത്തിന്‍റെ രക്ഷാകരവദനം അനാവരണം ചെയ്യണം-പാപ്പാ


കാരുണ്യവാനായ ദൈവത്തിന്‍റെ രക്ഷാകരവദനം കാട്ടിക്കൊടുക്കാനും പ്രഘോഷിക്കാനും സകല ക്രൈസ്തവരെയും സഹായിക്കുന്ന ദൈവവിജ്ഞാനീയമാണ് ആവശ്യമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ ദൈവശാസ്ത്രജ്ഞന്മാരുടെ സംഘം (ATI) സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത സംഘത്തിലെ നൂറോളം അംഗങ്ങളെ വെള്ളിയാഴ്ച (29/12/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പരിസ്ഥിതി പ്രതിസന്ധി, മനുഷ്യനില്‍ ജനിതക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതായ ശാസ്ത്രസാങ്കേതികപുരോഗതി, സാമൂഹ്യ അസമത്വങ്ങള്‍, കുടിയേറ്റം തുടങ്ങിയ വെല്ലുവിളികള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിന്‍റെ രക്ഷാകരവദനം അനാവരണം ചെയ്യപ്പെടേണ്ടതിന്‍റെ അതിവപ്രാധാന്യം പാപ്പാ എടുത്തുകാട്ടി.

മനുഷ്യരെ താനുമായുള്ള കൂട്ടായ്മയിലാക്കുക എന്ന പരിത്രാണപദ്ധതിയുള്ള സ്നേഹമാകുന്ന ദൈവത്തിന്‍റെ സത്യത്തിന് ഒറ്റയ്ക്കു നിന്ന് മത്സരബുദ്ധിയോടെ വൈക്തികശൈലിയില്‍ സേവനം ചെയ്യാമെന്ന ചിന്ത അരുതെന്ന് പാപ്പാ ദൈവശസ്ത്രജ്ഞന്മാരെ ഓര്‍മ്മിപ്പിച്ചു.

സാധ്യമായത്രയും വിശാലമായ ദൈവവിജ്ഞാനീയ കൂട്ടായ്മയിലായിരിക്കുന്ന വ്യക്തികള്‍ എന്ന നിലയിലായിരിക്കണം ദൈവശാസ്ത്രഗവേഷണപഠനം നടത്തേണ്ടതെന്നും ഐക്യദാര്‍ഢ്യത്തിന്‍റെയും അധികൃത സൗഹൃദത്തിന്‍റെയും  ബന്ധങ്ങള്‍ ഈ കൂട്ടായ്മയില്‍ ഓരോ ദൈവശാസ്ത്രജ്ഞനും അനുഭവപ്പെടണമെന്നും പാപ്പാ പറഞ്ഞു.

അഗാധമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ഒരു ലോകത്തിനും ഒരു സംസ്കാരത്തിനും അനുയോജ്യമായവിധം നൂതന ശൈലിയില്‍ സുവിശേഷം പ്രഘോഷിക്കാനുള്ള ഉത്തരവാദിത്വം  സഭ ഏറ്റെടുക്കുകയും സുവിശേഷവത്ക്കരണത്തിന്‍റെ നുതന ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്ത രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സംശോധകബിന്ദുവായിരിക്കേണ്ടതിന്‍റെ  അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ദശകങ്ങളിലുണ്ടായിട്ടുള്ള വലിയ മാറ്റങ്ങളെക്കുറിച്ചും ഇന്നത്തെ സ്ത്രീപുരുഷന്മാരുടെയും ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ സുവിശേഷത്തിനു കഴിയും എന്നതിനെക്കുറിച്ചുമുള്ള വിശ്വാസത്തോടുകൂടി “ക്രിയാത്മക വിശ്വാസ” ത്തിനുടമയായിരിക്കാനുള്ള പരിശ്രമം ആകമാനസഭയുടെ, പ്രത്യേകിച്ച്, ദൈവശാസ്ത്രജ്ഞന്മാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

സാക്ഷാല്‍ വിശ്വാസി ആയിരക്കണമെങ്കില്‍ ദൈവശാസ്ത്രം പഠിച്ചിരിക്കണമെന്നത് അനിവാര്യമല്ല എന്ന വസ്തുത എടുത്തുകാട്ടിയ പാപ്പാ വിശ്വാസനയനങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്കാന്‍ കഴിയുന്ന സാധാരണക്കാരായ അനേകരുണ്ടെന്നു പറഞ്ഞു. അതോടൊപ്പം തന്നെ നാം വിശ്വസിക്കുന്നവ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിന് ദൈവശാസ്ത്രം സഹായിക്കുന്നു എന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.