2017-12-29 18:39:00

കുടുംബം ഒരാത്മീയ പരിസരം : തിരുക്കുടുംബത്തിന്‍റെ തിരുനാള്‍


തിരുക്കുടുംബത്തിന്‍റെ തിരുനാള്‍ വിചിന്തനം :

1. കുടുംബം ഒരു ആത്മീയ പരിസരം 
‘ഉണ്ണിയേശുവിനെ മാതാപിതാക്കള്‍ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന’ രംഗം (ലൂക്കാ 2, 22-40). അതിമനോഹരമായ പെയിന്‍റിങ്ങ് വത്തിക്കാന്‍ മ്യൂസിയം ശേഖരത്തിലുണ്ട്. നമ്മെ ഓരോരുത്തരെയുംപോലെ ഈ ചിത്രത്തിലുള്ള ഓരോ വ്യക്തികള്‍ക്കും കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ടെന്നു കാണാം. ആദ്യമായി, ജോസഫും മേരിയും, കര്‍ത്തൃനിയമത്തിന് വിധേയരായിട്ടാണ് ജരൂസലേം ദേവാലയത്തിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയത്. രണ്ടാമതായി, പരിശുദ്ധാത്മാവിനാല്‍ നിയുക്തരും പ്രചോദിതരുമായിട്ടാണ് ചിത്രത്തില്‍ കാണുന്ന ദീര്‍ഘദര്‍ശി ശിമയോനും, പ്രവാചിക അന്നയും അവിടെ വന്നെത്തിയത്. മൂന്നു തലമുറകള്‍ സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തമായിരുന്നു അത്.  ഉണ്ണിയേശുവിനെ തന്‍റെ കരങ്ങളില്‍ എടുത്തപ്പോള്‍ ദൈവപുത്രനായ മിശിഹായെ ശിമയോന്‍ തിരിച്ചറിഞ്ഞു. പ്രവാചിക അന്നയാവട്ടെ, ഇസ്രായേലിന്‍റെ വിമോചനം പാര്‍ത്തിരുന്നവര്‍ക്കായി ആസന്നമായ രക്ഷയുടെ വാഗ്ദാനങ്ങള്‍ക്ക് ദൈവത്തിന് നന്ദിപ്രകാശിപ്പിച്ചു. ആ ശിശു ലോകത്തിനും ചരിത്രത്തിനും അടയാളമായിരിക്കുമെന്നു ശിമയോന്‍ പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ നമുക്കും
ഈ ചിത്രത്തെ ധ്യാനിച്ചുകൊണ്ടു പറയാം, വീട്, കുടുംബം ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു ആത്മീയ പരിസരമാണ്. കുടുംബത്തിലെ ഓരോ വ്യക്തിക്കും തനിമയാര്‍ന്ന സ്നേഹത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും തനിമയാര്‍ന്ന ഉത്തരവാദിത്വങ്ങള്‍ ഉണ്ട്.

2. കുടുംബം ചരിത്രത്തിന്‍റെ ഭാഗമാണ് 
നസ്രത്തിലെ തിരുക്കുടുംബത്തെപോലെ ലോകത്തുള്ള ഓരോ കുടുംബവും ചരിത്രത്തിന്‍റെ ഭാഗമാണ്. കടന്നുപോകുന്ന തലമുറകളുടെ പിന്‍തുണയില്ലാതെ നമുക്ക് നിലനില്പില്ല എന്നു നാം മനസ്സിലാക്കണം. കുടുംബങ്ങള്‍ ദൈവജനത്തിന്‍റെ ഭാഗമാണ്. സഭയുടെ സ്നേഹസഞ്ചയത്തില്‍ കുടുംബങ്ങള്‍ സന്തോഷത്തോടെ പങ്കുചേരണം. ക്രിസ്തുവിനോട് ചേര്‍ന്നുനില്ക്കുക, നമ്മുടെമദ്ധ്യേയുള്ള അവിടുത്തെ ദിവ്യതേജസ്സ് മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കുക – ഇത് കുടുംബങ്ങളുടെ വിളിയും ദൗത്യവുമാണ്. നല്ല കുടുബങ്ങള്‍ സമൂഹത്തിന്‍റെ അടിത്തറയാണ്, അടിസ്ഥാനരൂപമാണ്. നല്ല കുടുംബങ്ങള്‍ ചേര്‍ന്നാണ് നല്ല സമൂഹങ്ങളുണ്ടാകുന്നത്. ലോകം തന്നെ സമാധാനത്തില്‍ വളരുന്നത് സമാധാനമുള്ള കുടുംബങ്ങളുടെ കൂട്ടായ്മയിലാണ്, അടിസ്ഥാനത്തിലാണ്. അതുകൊണ്ട് സാധാരണ പറയാറുണ്ടല്ലോ, കൂടുമ്പോള്‍ ഇമ്പമുള്ളിടമാണ് കുടുംബം!

3. പടിയിറങ്ങലുകളും കാത്തിരിപ്പുകളും
എന്നാല്‍ മറിച്ചാണ് അനുഭവങ്ങള്‍, നിഷേധാത്മകമായ അനുഭവങ്ങള്‍ ധാരാളമാണ്. പടിയിറങ്ങലുകള്‍ ഓരോ നിമിഷവും അനുഭവിക്കുന്ന ഇടമാണ് കുടുംബം എന്നതും ജീവിതയാഥാര്‍ത്ഥ്യമാണ്. ഒരു സഹോദരി, സഹോദരന്‍ കുടുംബത്തില്‍നിന്നും പിണങ്ങി നില്ക്കുമ്പോള്‍ അത് സ്നേഹത്തിന്‍റെ പടിയിറക്കമാണ്. അത്രത്തോളം ജീവിതം അസ്വസ്ഥമാകുകയും ചെയ്യും. ഒരേ മേശയ്ക്കു ചുറ്റുമിരിക്കുമ്പോള്‍, ഉടലിന്‍റെയും മനസ്സിന്‍റെയും ഭാഗമായൊരാള്‍ നിമിഷാര്‍ദ്ധത്തിലേക്കെങ്കിലും ഒരപരിചിതനായി തോന്നിയാല്‍, സ്നേഹത്തില്‍നിന്നുമുള്ള പടിയിറക്കമാണത്. ഒരുമിച്ചു ചെയ്യേണ്ടതും പങ്കുവയ്ക്കേണ്ടതുമായ കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒരാള്‍ ഒഴിഞ്ഞുമാറുമ്പോള്‍, വീണ്ടും സ്നേഹത്തിന്‍റെ പടിയിറക്കമാണത്. ഒരുമിച്ച് ജപമണികള്‍ ഉരുവിടുമ്പോഴും യഥാര്‍ത്ഥത്തില്‍ ദൈവിക സാന്നിദ്ധ്യം അറിയാതെ വരുമ്പോള്‍ പടിയിറങ്ങലുകള്‍ അവിടെയും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ കുടുംബം കാത്തിരിപ്പിന്‍റെ ഇടമാണ് – സ്നേഹത്തിലേയ്ക്കും ഭക്തിയിലേയ്ക്കും സഹകരണത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും മടങ്ങിയെത്താന്‍ കുടുംബം കാത്തിരിക്കുകയാണ്- ഭീതിയോടെ, പ്രാര്‍ത്ഥനയോടെ, പ്രത്യാശയോടെ!

4. കുടുംബത്തിനുവേണ്ടുന്ന ജാഗ്രത
വീട് ഒത്തിരി ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. ഭൂമിയിലെ ഓരോ മനുഷ്യന്‍റെയും, അതില്‍ വാഴുന്നവന്‍റെയും അകന്നിരിക്കുന്നവന്‍റെയും, അതു സ്വന്തമായിട്ടില്ലാത്തവന്‍റെപോലും സ്വപ്നത്തില്‍ വീടുണ്ട്. എന്നിട്ടും ഏറ്റവും എളുപ്പത്തില്‍ ചില്ലുപാത്രംപോലെയോ കളിപ്പാട്ടം പോലെയോ സൂക്ഷിച്ചില്ലെങ്കില്‍ ഉടഞ്ഞുപോകുന്നതുമാണ് കുടുംബം. അതുകൊണ്ടായിരിക്കണം നിരന്തരമായ താളഭംഗങ്ങളിലൂടെ കടന്നുപോയ വീടിന്‍റെ വാതില്‍പ്പടിയില്‍ അവിടത്തെ ഇളമുറക്കാരന്‍ ഈ ജാഗ്രത കോറിയിട്ടു – Home’s frigile. Handle with care. ദുര്‍ബ്ബലമാണ് വീട്. അത് ശ്രദ്ധാപൂര്‍വ്വം കൈകാര്യംചെയ്യണം! ‘ഭൂമിയിലെ ഏറ്റവും വലിയ ദൂരം അടുത്തവര്‍ക്ക് ഇടയിലുള്ള അകലാമാണ്. ധ്രൂവങ്ങളെക്കാള്‍ അകലമായിത്തീരാമത്,’ എന്നു പറഞ്ഞത് ഫാദര്‍ ബോബി ജോസ് കട്ടിക്കാട് കപ്പൂച്ചിനാണ്. അടുത്തവര്‍ക്കിടയിലെ നഖപ്പാടുകള്‍ ഉണങ്ങാവ്രണങ്ങളായി സൂക്ഷിക്കപ്പെടുന്നുവല്ലോ, എന്നു തന്‍റെ തനിമയാര്‍ന്ന ശൈലിയില്‍ ബോബിയച്ചന്‍ പറഞ്ഞ് വ്യാകുലപ്പെടുന്നുണ്ട്!

5. വീടിന്‍റെ ജയാപജയങ്ങള്‍ ജീവിതത്തിന്‍റെയും...
വീടിന്‍റെ ജയാപജയങ്ങളാണ് ഭൂമിയില്‍ മനുഷ്യജീവിതത്തിന്‍റെ ജയാപജയങ്ങള്‍ക്ക് മാനദണ്ഡമാകുന്നത്. മഹാന്മാരെന്നു നാം കരുതിയവര്‍പോലും വീടിന്‍റെ ഇത്തിരി ഇടത്തിലാണ് ഇടറിവീണത്. റഷ്യയിലെ ലിയോ ടോള്‍സ്റ്റോയിയെ ഓര്‍ക്കുന്നില്ലേ. റഷ്യയുടെ മാത്രമല്ല, ലോകം മുഴുവന്‍റെയും പ്രിയപ്പെട്ട സാഹിത്യകാരനായിരുന്നു ടോള്‍സ്റ്റോയ് (1828-1910)! എന്നാല്‍ വീട് അദ്ദേഹത്തിന് അശാന്തിയുടെ ഇടമായിരുന്നു. ജ്വരമൂര്‍ച്ഛയില്‍ പൊള്ളുന്നൊരു രാത്രിയില്‍, ഭാര്യയോടുള്ള ഏതെക്കൊയോ സ്വരപ്പിഴയില്‍, ഒടുവില്‍ അദ്ദേഹം വീടുവിട്ടിറങ്ങി.   ഇനി ജീവിതം ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകാമെന്നു വിചാരിച്ചു, അകലെ റെയില്‍വേ പ്ലാറ്റ്ഫോമിലെ സിമെന്‍റു ബഞ്ചില്‍ രാവെളുക്കാന്‍ വേദനയോടെ അയാള്‍ കാത്തിരുന്നു!  പുലരിയില്‍ മഞ്ഞു കോരിയെടുക്കാനെത്തിയ തൊഴിലാളികളാണു കണ്ടത്, സാഹിതീ ലോകത്തിന്‍റെ പ്രിയപ്പെട്ട ടോള്‍സ്റ്റോയ് തണുത്തു വിറങ്ങലിച്ച് നിശ്ചലനായെന്ന്. രാജകീയമായി ജീവിച്ചയാളാണ് ടോള്‍സ്റ്റോയ്. എന്നാല്‍ ജീവിതാന്ത്യം വീടുവിട്ട് തൊരുവോരത്തു കഴിയുന്ന യാചകന്‍റേതുപോലെ ദയനീയമായിരുന്നു. അത് അവിടെ അങ്ങനെ ഒടുങ്ങുകയും ചെയ്തു!

6. വീട് ഉടയാതെ കാക്കുന്ന ദൈവിക സാന്നിദ്ധ്യം   
തകരുന്ന വീടുകള്‍ക്കു പിന്നില്‍ ദൈവികസാന്നിദ്ധ്യത്തിന്‍റെ അവഗണനയുണ്ട്. തച്ചുശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്, അടുത്തുള്ള ക്ഷേത്രധ്വജങ്ങള്‍ക്കു മുകളിലായി വീടും പണിതുയര്‍ത്തരുത് എന്ന്. വീടിനുള്ളിലാണെങ്കിലും ‘ഈശ്വരനു മുകളിലായി ആരും ഒന്നും പണിതുയര്‍ത്തിക്കൂടാ’ എന്നാണ് അതിനര്‍ത്ഥം. ‘കര്‍ത്താവിനെ മൂലക്കല്ലായി സ്വീകരിച്ചാല്‍ നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കു’മെന്ന് വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നതിന്‍റെ കാതലും ഇതുതന്നെയാണ് (എഫേസൂസ് 2, 20). ഭക്തിയുടെ വെറും ഏറ്റുപറച്ചിലല്ല, മറിച്ച് ദൈവത്തോടും സഹോദരങ്ങളോടും പൊരുത്തപ്പെടാനുള്ള ശ്രമമാണിത്. ദൈവികസാന്നിദ്ധ്യമാണ് നമ്മുടെ വീടുകളെ ഉടയാതെ കാക്കുന്നത്.

7. ഉള്ളുനിറയെ സ്നേഹവും ദൈവവുമുണ്ടെങ്കില്‍    
കാനായിലെ കല്യാണത്തില്‍ ക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിമാറ്റിയെന്നു നാം വായിക്കുന്നു (യോഹ. 2, 1-11). ജീവിതത്തിലെ ചെറിയ കാര്യങ്ങളെ ലഹരി പിടിപ്പിക്കാന്‍ മനുഷ്യന്‍ ദൈവത്തോടു ചേര്‍ന്നാല്‍ സാധിക്കും എന്നാണ് ആ സംഭവം പഠിപ്പിക്കുന്നത്. ഉള്ളുനിറയെ സ്നേഹവും ദൈവവുമുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തിലെ നിസ്സാരമായ പച്ചവെള്ളത്തെ ലഹരിപിടിപ്പിക്കാം, വീര്യമുള്ളതാക്കാം. ജീവിതത്തില്‍ ഭക്ഷണമൊരുക്കുന്ന ഭാര്യ തുടങ്ങി, ഗൃഹപാഠം ചെയ്യുന്ന കുഞ്ഞള്‍വരെ, എല്ലാവരും ഭവനത്തിന്‍റെ ഓരോ ചെറിയ കാര്യങ്ങളിലും അതിനെ വീഞ്ഞാക്കി മാറ്റാനാകും, അതിന് വീര്യംപകരാനാകും. ഇല്ലെങ്കില്‍ ഭവനത്തിന്‍റെ വീഞ്ഞ് വീര്യമില്ലാത്ത പച്ചവെള്ളം തന്നെയായിരിക്കും.

8. യേശു ഈ കുടുംബത്തിന്‍റെ നാഥന്‍...!”  
പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്, യേശുവാണ് കുടുംബങ്ങളെയും വ്യക്തികളെയും അടുപ്പിക്കുന്നത്, കൂട്ടിയണക്കുന്നത്. അവിടുന്ന് സ്നേഹത്തിന്‍റെ വറ്റാത്ത ഉറവയാണ്.  നസ്രത്തിലെ ജോസഫിനെയും മേരിയെയും, വൃദ്ധരായ ശിമയോനെയും അന്നയെയും സംഗമിപ്പിച്ചതും, സജീവമാക്കിയതും ക്രിസ്തുവാണ്. ‘എന്‍റെ നയനങ്ങള്‍ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു’  (ലൂക്ക 2, 30) എന്നല്ലേ, ആ  നല്ല കുടുംബത്തെ, തിരുക്കുടുംബത്തെ കണ്ട ശിമയോന്‍ ഉദ്ഘോഷിച്ചത്. ഈ പ്രത്യാശയില്‍ നമുക്കും ബെതലഹേമില്‍ ജാതനായ യേശുവിലേയ്ക്കു തിരിയാം.

എന്‍റെ സുഹൃത്ത്, ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ ക്രിസ്തുമസ്ഗീതം ഓര്‍മ്മവരുന്നു!
‘നമുക്ക് ഉണ്ണിയേശുവിന്‍റെ വീട്ടിലേയ്ക്കു പോകാം,
ജീവിതത്തിന്‍റെ മയക്കം ഉണര്‍ന്ന്, ഉറക്കമുണര്‍ന്ന്, വിളക്കു തെളിച്ച്,
കുളിരു മറന്ന്, മനസ്സു തുറന്ന് നമുക്ക് ദിവ്യശിശുവിന്‍റെ
ഗേഹത്തിലേയ്ക്കു പോകാം!

നസ്രത്തിലെ ആ കൊച്ചുവീട്ടിലെ ദിവ്യസ്നേഹത്തിലും, സൗഹൃദത്തിലും കൂട്ടായ്മയിലും ആത്മനാ പങ്കുചേര്‍ന്ന് ക്രിസ്തുമസ്സില്‍നാളില്‍ നമുക്കു ഉണരാം.. വളരാന്‍ ശ്രമിക്കാം.’ തിരുക്കുടുംബം നമ്മുടെ എല്ലാകുടുംബങ്ങള്‍ക്കും മാതൃകയാവട്ടെ, കുടുംബങ്ങളെ കാത്തുപാലിക്കട്ടെ! കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും ഉണ്ടെങ്കിലേ.. സമൂഹത്തില്‍, ലോകത്ത് സമാധാനം വളരൂ... ഏവിടെയും കലാപവും കലഹവം യുദ്ധവുമാണ്. നമുക്ക് തിരുക്കുടുംബത്തോടു പ്രാര്‍ത്ഥിക്കാം, ഞങ്ങടെ കുടുംബങ്ങളെ സ്നേഹപൂര്‍ണ്ണമാക്കണേ, ഞങ്ങടെ കുടുംബങ്ങളെ സമാധാനപൂര്‍ണ്ണമാക്കണേ! കുടുംബങ്ങളെ ഐക്യത്തിലും സ്നേഹത്തിലും എന്നും നിലനിര്‍ത്തണമേ! എന്‍റെ കുടുംബത്തെ രക്ഷിക്കണേ.. മനസ്സുകള്‍ ശാന്തമാക്കണേ...!








All the contents on this site are copyrighted ©.