2017-12-22 19:12:00

നമ്മെ നവീകരിക്കുന്ന കൂടിക്കാഴ്ചയാണ് ക്രിസ്തുമസ്!


ഫാദര്‍ റനിയേരോ കന്തലമേസാ കപ്പൂചിന്‍റെ  ക്രിസ്തുമസ് ധ്യാനചിന്ത... രണ്ടാമത്തെ ധ്യാനം  :

ക്രിസ്തുവുമായുള്ള അനുദിന കൂടിക്കാഴച് ജീവിതത്തിന് മാര്‍ഗ്ഗദീപമാകും മാറ്റങ്ങളിലേയ്ക്ക് വഴിതെളിക്കുമെന്നും വത്തിക്കാന്‍റെ ധ്യാനപ്രാസംഗികന്‍, റനിയേരോ കന്തലമേസ, കപ്പൂചിന്‍ ഉദ്ബോധിപ്പിച്ചു. പാപ്പാ ഉള്‍പ്പെടെ വത്തിക്കാന്‍റെ കാര്യാലയങ്ങളുടെ തലവന്മാര്‍ക്കും അവരുടെ അടുത്ത സഹകാരികള്‍ക്കുമായി ഡിസംബര്‍ 21-Ɔ൦ തിയതി വ്യാഴാഴ്ച ക്രിസ്തുമസ്സിന് ഒരുക്കമായി നടത്തിയ ധ്യാനപ്രസംഗത്തിലാണ് മാറ്റത്തെയും ക്രിസ്തുവുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയെയും ബന്ധപ്പെടുത്തി ഇങ്ങനെ ധ്യാനിപ്പിച്ചത്.

കൂടിക്കാഴ്ചയ്ക്കും സംവാദത്തിനും തയ്യാറാകുമ്പോള്‍ നാം നമ്മുടെ വ്യക്തിത്വത്തിന്‍റെ കൊച്ചുലോകത്തുനിന്നും വിശാലമായതും തുറവുള്ളതുമായ ലോകത്തേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ്.  എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്, വിശാലമായ ലോകത്തുനിന്നും വ്യക്തിഗതമായ ചെറിയ ലോകത്തിലേയ്ക്ക് നാം ചുരുങ്ങുകയാണ് പതിവ് (Macrocosm to Miscrocosm). ദൈവികൈക്യത്തിന്‍റെ വിശാലതയില്‍നിന്നുമാണ് നാം ജീവിതത്തിന്‍റെ ചെറിയ തലങ്ങളിലേയ്ക്ക് ഇറങ്ങിപ്പോകുന്നത്. 

ക്രിസ്തു കാലത്തിന്‍റെ അതിനാഥനാണ്. ആഗോളതലത്തില്‍ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ ചരിത്രത്തിന്‍റെ നാഥനായി ക്രിസ്തു തെളിഞ്ഞുനില്ക്കുന്നു. ചരിത്രത്തിന്‍റെ അച്ചാണി അല്ലെങ്കില്‍  അത്യന്താപേക്ഷിതമായ വ്യക്തിയായി ക്രിസ്തു ഇന്നും പരിഗണിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു!  എന്നാല്‍ ക്രിസ്തു എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രമാണോ, എന്നതാണ് ചിന്തനീയം. എന്‍റെ ചെറിയ വ്യക്തിചരിത്രത്തിന്‍റെ കേന്ദ്രമാണോ ക്രിസ്തു?   വിവിധ മേഖലകളില്‍ ജീവിക്കുന്ന നാം ജീവചരിത്രത്തെ രണ്ടായി ഭാഗിക്കാറുണ്ട്. ഉദാഹരണത്തിന്, വിവാഹിതര്‍- വിവാഹത്തിനു മുന്‍പെന്നും വിവാഹത്തിനും ശേഷംമെന്നും തിരിക്കും. വൈദകര്‍ പറയും – എന്‍റെ പൗരോഹിത്യപട്ടത്തിനു മുന്‍പെന്നും. പട്ടം കിട്ടിയശേഷമെന്നും. സന്ന്യസ്തര്‍ക്ക് അവരുടെ വ്രതവാഗ്ദാനത്തിനു മുന്‍പും അതിനുശേഷമെന്നും പറയാറുണ്ട്. എന്നാല്‍ പൗലോസ് അപ്പസ്തോലന്‍ തന്‍റെ ജീവിതരേഖയെ തിരിക്കുന്നത് - ക്രിസ്തുവിനെ അറിയുന്നതിനു മുന്‍പും, ക്രിസ്തുവിനെ അറി‍ഞ്ഞതിനു ശേഷവുമെന്നാണ് (before knowing Christ and after knowing Christ).  എന്നാല്‍ അധികം പേര്‍ക്കും ഇങ്ങനെയൊരു വിഭജനത്തിന്‍റെ വീക്ഷ​ണം അത്ര എളുപ്പമാകണമെന്നില്ല. ക്രൈസ്തവ ജീവിതത്തില്‍ ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, മറ്റുശുശ്രൂപട്ടങ്ങളോ, വ്രതവാഗ്ദാനം, വിവാഹം എന്നിങ്ങനെ പല സംഭവങ്ങളും വെള്ളംപോലെ ഇടകലര്‍ന്ന് കലങ്ങി ഒഴുകുകയാണ്.

വ്യക്തി ജീവിതത്തില്‍ അസ്തിത്വപരമായ മാറ്റമുണ്ടാകുന്നത് ഏതു ഘട്ടത്തിലായിരുന്നാലും ക്രിസ്തുവുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയെ ആധാരമാക്കിയാണ്. അതാണെങ്കില്‍ ജീവിതത്തിന്‍റെ ഏതു നിമിഷവും ഉണ്ടാകാമെന്നും നാം മനസ്സിലാക്കേണ്ടതാണ്. സുവിശേഷസന്തേഷം (Evangelii Gaudium) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പറയുന്നത്, ക്രൈസ്തവര്‍ക്ക് അവരുടെ ജീവിതത്തില്‍ എവിടെയും എപ്പോഴും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെയും നവീകരണത്തിന്‍റെയും അനുഭവം ഉണ്ടാകാമെന്നാണ്... അല്ലെങ്കില്‍ അവിടുന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു തുറവെങ്കിലും ഉണ്ടാകണമെന്നാണ്. എന്നിട്ട് ഉടനെ പാപ്പാ പറയുന്നു... അത് ഇടതടവില്ലാതെ, ജീവിതത്തിലെ എല്ലാദിവസവും സംഭവിക്കണമെന്നാണ്. എല്ലാദിവസവും ഈ ക്രിസ്ത്വാനുഭവം ഉണ്ടാകണമെന്നാണ്. കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം എനിക്കില്ല, എനിക്കില്ല എന്ന് ഒരാളും ചിന്തിക്കരുത്. കാരണം, ക്രിസ്തുവമായുള്ള കൂടിക്കാഴ്ച ആര്‍ക്കും നിഷേധിക്കപ്പെടാത്തൊരു കാര്യമാണ്, അതെല്ലാവര്‍ക്കും സാദ്ധ്യവുമാണ്. കൃപ എല്ലാവരിലും വര്‍ഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ സ്വപരിത്യാഗം എന്‍റെ ആത്മരക്ഷ നേടിത്തന്നുവെന്ന ധ്യാനമാണിവിടെ. ആസന്നമാകുന്ന ക്രിസ്തുമസ്സില്‍ നാം ധ്യാനിക്കേണ്ടത്, ക്രിസ്തുവിനെ അനുഗമിക്കുന്ന എനിക്ക് അവിടുത്തെ ജനനം, ക്രിസ്തുമസ്സാണ് ജീവിതത്തിന്‍റെ ആരംഭം. ആ ദിവ്യജനനം വഴിയും അവിടുത്തെ സ്വയാര്‍പ്പണംവഴിയുമാണ് എന്‍റെ ജീവന്‍ സുരക്ഷിതമാകുന്നതും, എന്നില്‍ ദൈവകൃപ വന്നണയുന്നതും വളരുന്നതും. ഇത് ക്രൈസ്തവ ആത്മീയതയുടെ സത്തയായ ധ്യാനമാണ്. ബെതലഹേമില്‍ ജനിച്ച ക്രിസ്തു, വിശ്വാസത്തില്‍ ഒരിക്കലെങ്കിലും എന്നില്‍ ജനിച്ചില്ലെങ്കില്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് ചിന്തിക്കേണ്ടതാണ്.

കൗദാശികവും ആരാധനക്രമപരവുമായ സംഭവങ്ങളില്‍ മാത്രമല്ല ക്രിസ്തുവിനെ ഒരാള്‍ അനുഭവിക്കുന്നത്, അവിടുന്ന ശാസ്ത്രങ്ങളുടെയും പ്രബോധനങ്ങളുടെ സങ്കരഫലമല്ല., അവിടുന്ന് സ്വര്‍ഗ്ഗീയചാരിയായ ഒരു കഥാപാത്രമോ, ശ്രേഷ്ഠാചാര്യനോ അല്ല. ഇന്നു കണ്ണുകള്‍ക്ക് അവിടുന്ന് ദൃശ്യനല്ലെങ്കിലും ചരിത്രത്തിന്‍റെ ഓര്‍മ്മിയില്‍ ജനകോടികളുടെ മനസ്സില്‍ ജീവിക്കുന്ന വ്യക്തിത്വമാണ് ക്രിസ്തു! ഈ ഒരു കാഴ്ചപ്പാടിലാണെങ്കില്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നു. ഇന്നും ജീവിക്കുന്നു. ക്രിസ്തു അങ്ങനെ എന്നില്‍ വീണ്ടും ജനിക്കും. അവിടുന്നുമായുള്ള ബന്ധത്തില്‍ ഒരു കുതിച്ചു ചാട്ടമായിരിക്കും ഈ കാഴ്ചപ്പാടും, ഇങ്ങിനെയൊരു ആത്മീയാനുഭവവും... ഈ ക്രിസ്തുമസ്സില്‍...!  








All the contents on this site are copyrighted ©.