2017-12-17 15:53:00

വലിമ ഇവിടെ ചെറുമയായ്...! കുട്ടികള്‍ക്കൊപ്പം പിറന്നാളാഘോഷം


പാപ്പാ ഫ്രാന്‍സിസിന്  സ്നേഹപൂര്‍വ്വം 81-Ɔ൦ പിറന്നാള്‍ ആശംസകള്‍!

“എന്‍റെ ജനങ്ങള്‍ വളരെ പാവപ്പെട്ടവരാണ്. ഞാന്‍ അവരില്‍ ഒരാളാണ്!” 
 – പാപ്പാ ഫ്രാന്‍സിസ്.

അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് നഗരപ്രാന്തത്തിലെ ഫ്ലോരസില്‍ 1936 ഡിസംബര്‍ 17-ന് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ജനിച്ചു.  പ്രാഥമിക പഠനത്തിനുശേഷം 1958-ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13-ന് പൗരോഹിത്യം സ്വീകരിച്ചു. 1998-ല്‍ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2001-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 2013 മാര്‍ച്ച് 13-ന് പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കും...

പത്രോസിന്‍റെ പിന്‍ഗാമിയായി  തിരഞ്ഞെടുക്കപ്പെട്ട നാള്‍മുതല്‍ പല പതിവുകളും തെറ്റിച്ചിട്ടുള്ള പാപ്പ വളരെ ലാളിത്യമാര്‍ന്നതും, എളിയവരുടെ പക്ഷംചേരുന്നതും പ്രായോഗികവുമായ ജീവിതശൈലിയാണ് തുടരുന്നത്. ബ്യൂനസ് അയിരസ് അതിരൂപതാദ്ധ്യക്ഷന്‍ ആയിരിക്കുമ്പോള്‍ അദ്ദേഹം അവധി എടുത്തിരുന്നില്ല. ആ സമയത്ത് ഇടവകകളും ഗ്രാമപ്രദേശങ്ങളും സന്ദര്‍ശിക്കുകയായിരുന്നു പതിവ്. പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലേയ്ക്ക് മാറി താമസിക്കുന്നതിനു പകരം, താല്ക്കാലികമായി തനിക്കു ലഭിച്ച സാന്താ മാര്‍ത്താ അതിഥി മന്ദിരത്തില്‍ മറ്റു വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമൊപ്പം താമസം തുടരുകയാണ്. ലളിത ജീവിതത്തിന്‍റെ ഉടമയായ പാപ്പാ ഫ്രാന്‍സിസ്. അതിഥി മന്ദിരത്തിലെ പൊതുഭക്ഷണ ശാലയില്‍ പങ്കുചേരുന്നു. പതിവായി രാവിലെ  7 മണിക്ക് അവിടത്തെ കപ്പേളയില്‍ ഒരു ‘ചെറുഗണ’ത്തോടൊപ്പെ ദിവ്യബലി അര്‍പ്പിക്കുന്നതും വചനം പങ്കുവയ്ക്കുന്നതും അദ്ദേഹത്തിന്‍റെ ലാളിത്യമാര്‍ന്ന ജീവിതസാക്ഷൃമാണ്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും, ത്രികാലപ്രാര്‍ത്ഥനയ്ക്കും മറ്റു വലിയ സമ്മേളനങ്ങള്‍ക്കും മാത്രമായിട്ടാണ് ഇപ്പോള്‍ അപ്പസ്തോലിക അരമന പാപ്പാ ഫ്രാന്‍സിസ് ഉപയോഗിക്കുന്നത്. “എന്‍റെ അജപാലന ശുശ്രൂഷയുടെ തട്ടുകമായിരുന്ന ബ്യൂനസ് അയിരസില്‍ ചെയ്തിരുന്നതുപോലെ എല്ലാവരോടുമൊപ്പം ജീവിക്കാനും ഇടപഴകി മുന്നോട്ടുപോകാനാണ് 81-Ɔ൦ വയസ്സിലു എനിക്കിഷ്ടം. വ്യത്യസ്തമായൊരു ജീവിതക്രമം ഇനി ചിട്ടപ്പെടുത്തുക അസ്ഥാനത്തും അപഹാസ്യവുമായിരിക്കും...!” പാപ്പാ തന്നെ   പലതവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ജന്മദിനത്തില്‍ വത്തിക്കാനില്‍ ആഘോഷങ്ങള്‍ ഇല്ലമായിരുന്നു. രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചു. മദ്ധാഹ്നം 12-മണിക്ക് വത്തിക്കാനില്‍ ജനങ്ങള്‍ക്കൊപ്പം പതിവുള്ള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് സന്ദേശം നല്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന്, വത്തിക്കാനില്‍ പ്രാര്‍ത്ഥനയ്ക്കു സമ്മേളിച്ച ആയിരങ്ങളോട് പാപ്പാ എളിമയോടെ അഭ്യാര്‍ത്ഥിച്ചു. വത്തിക്കാനിലെ സാന്താ മാര്‍ത്ത ഡിസ്പെന്‍സറിയിലെ രോഗികളായ കുട്ടികള്‍ക്കൊപ്പം പാപ്പാ കേക്കു മുറിച്ച്, ഉച്ചഭക്ഷണം കഴിച്ചു. 








All the contents on this site are copyrighted ©.