2017-12-12 10:36:00

ഗ്വാദലൂപെയിലെ കന്യകാനാഥയുടെ തിരുനാള്‍


12, ഡിസംബര്‍ 2017
പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ഗ്വാദലൂപെ നാഥയുടെ തിരുനാള്‍  ദിവ്യബലിയര്‍പ്പിക്കും.

മെക്സിക്കോയിലെ ഗ്വാദലൂപെ എന്ന സ്ഥലത്തെ തെപയാക് കുന്നിന്‍ ചരിവില്‍ 1531 ഡിസംബര്‍ 12-Ɔ൦ തിയതി ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതിന്‍റെ അനുസ്മരണവും ആചരണവുമാണ് ലോകമെമ്പാടും ഗ്വാദലൂപെയിലെ കന്യകാനാഥയുടെ  ഭക്തിയായി വളര്‍ന്നത്. മെക്സിക്കോയുടെ വടക്കന്‍ പ്രദേശത്ത് വരണ്ടു തരിശായ തെപയാക് കുന്നിന്‍ ചെരിവില്‍ (Tepeacquilla) അത്ഭുതകരമായി വിടര്‍ന്ന റോസാപ്പൂക്കളും ആ പ്രദേശത്തെ ജുവാന്‍ ദിയേഗോ എന്ന കര്‍ഷകന്‍റെ തോള്‍വിരിയില്‍ മുദ്രിതമായ അത്ഭുതചിത്രവുമായിരുന്ന ഗ്വാദലൂപെ ഭക്തിയുടെ ലളിതമായ തുടക്കം. ജുവാന്‍ ദിയേഗോയുടെ കാലത്തുതന്നെ ഗ്വാദലൂപെ എന്ന സ്ഥലത്ത് പണിതീര്‍ത്ത ദേവാലയത്തില്‍ ജുവാന്‍റെ തോള്‍വിരിയില്‍ അത്ഭുതകരമായി വിരചിക്കപ്പെട്ട ചിത്രം കന്യാകാനാഥയുടെ പ്രതിഷ്ഠയായി – ഗ്വാദലൂപെയിലെ പരിശുദ്ധ കന്യകാനാഥ!

1887-ല്‍ ലിയോ 13-Ɔമന്‍ പാപ്പായാണ് ഗ്വാദലൂപെയിലെ കന്യകാനാഥയെ മെക്സിക്കോയുടെ മദ്ധ്യസ്ഥയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ രാജ്ഞിയുമായി വാഴിച്ചത്. ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സിന്‍റെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെയിലെ കന്യകാനാഥ. 1935-ല്‍ 11-Ɔ൦ പിയൂസ് പാപ്പയാണ് കന്യകാനാഥയുടെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്കു നല്കിയത്.

തെപയാക് കുന്നില്‍ കന്യകാനാഥയുടെ ദര്‍ശന ഭാഗ്യമുണ്ടായ ജുവാന്‍ ദിയേഗോയെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായായിരുന്നു 2002-Ɔമാണ്ടില്‍ ഗ്വാദലൂപെയിലെ തീര്‍ത്ഥത്തിരുനടയില്‍വച്ച് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്. ലോകത്ത് ഏറ്റവും ഏറെ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന മരിയന്‍ കേന്ദ്രമാണ് ഗ്വാദലൂപെയിലെ കന്യകാനാഥയുടെ ബസിലിക്ക. മെക്സിക്കോയുടെ മാത്രമല്ല, എല്ലാ ലാറ്റിമനേരിക്കന്‍ രാജ്യങ്ങളുടെയും മദ്ധ്യസ്ഥയാണ് ഗ്വാദലൂപെ നാഥ. ലാറ്റിനമേരിക്കന്‍ ജനതയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നത് ഗ്വാദലൂപെയിലെ അമ്മയാണെന്നു പ്രസ്താവിച്ചത് അര്‍ജന്‍റീനയിലെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ബര്‍ഗോളിയോ - പാപ്പാ ഫ്രാന്‍സിസാണ്. കാലികമായ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും മെക്സിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ജനതകളെയും ഇന്നും സാംസ്ക്കാരികമായും ആത്മീയമായും കൂട്ടിയിണക്കുന്നത് ഗ്വാദലൂപെയിലെ അമ്മയാണെന്ന് അവര്‍ വിശ്വസിക്കുന്നു. 








All the contents on this site are copyrighted ©.