2017-12-11 17:22:00

''കര്‍ത്താവിനാല്‍ സമാശ്വസിപ്പിക്കപ്പെടുന്നവരാകുക'': പാപ്പാ


ഡിസംബര്‍ 11-ാംതീയതി തിങ്കളാഴ്ചയില്‍ സാന്താമാര്‍ത്ത കപ്പേളയിലെ ദിവ്യബലിയില്‍ വചനവ്യാഖ്യാനം നടത്തുകയായിരുന്നു മാര്‍പ്പാപ്പാ. ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യവായനയെ (Is 35,1-10) അടിസ്ഥാനമാക്കിയുളള സന്ദേശത്തിന്‍റെ കേന്ദ്രം കര്‍ത്താവില്‍ നിന്നു സമാശ്വാസം സ്വീകരിക്കുവാനുള്ള ആഹ്വാനമായിരുന്നു.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവു ശിഷ്യര്‍ക്കു പ്രത്യക്ഷനായി അവരെ സമാശ്വസിപ്പിക്കുന്നത് അനുസ്മരിപ്പിച്ചുകൊണ്ടു പാപ്പാ പറഞ്ഞു: ‘‘അത്ഭുതകരമാണ് അവിടുത്തെ സാന്ത്വനവഴികള്‍.  എങ്കിലും സമാശ്വസിക്കുക എന്നത്, മറ്റുള്ളവരെ സമാശ്വസിപ്പിക്കുന്ന അത്രയും എളുപ്പമല്ല. പാപത്തിന്‍റെ നിഷേധാത്മകത നമ്മെ ദുഃഖത്തില്‍ തന്നെ തുടരുന്നതിനു പ്രേരിപ്പിക്കുന്നു’’.

‘‘മറ്റുള്ളവര്‍ എന്നോട് അനീതി ചെയ്തു എന്നു പറയുന്ന സന്യാസിനിക്കു ദുരിതം’’ എന്ന വി. മദര്‍ തെരേസയുടെ വാക്കുകളെ പാപ്പാ അനുസ്മരിപ്പിച്ചു. ‘‘പരാതിപ്പെടലിനുള്ള നോബല്‍ സമ്മാനജേതാവ്’’ എന്ന് യോനായെ വിശേഷിപ്പിച്ചുകൊണ്ട്, പാപ്പാ പറഞ്ഞു: ‘‘തന്‍റെ പ്രസംഗത്താല്‍ നിനെവെയിലെ ജനങ്ങള്‍ക്കു വന്ന മാനസാന്തരത്തില്‍ സന്തോഷിക്കേണ്ട യോനാ വീണ്ടും പരാതിപ്പെടുകയാണ്…

എന്നാല്‍, വാസ്തവത്തില്‍, ഏശയ്യാപ്രവാചകന്‍, ദൈവം നമ്മെ രക്ഷിക്കാന്‍ വരുന്നു എന്നു പറഞ്ഞു നമ്മെ ധൈര്യപ്പെടുത്തുക യാണ്... ’’ ആ ധൈര്യം ഉള്‍ക്കൊണ്ടവരാണ്, ജനങ്ങള്‍ തിങ്ങിഞെരുങ്ങിയിരുന്ന ആ സ്ഥലത്തുകൂടെ യേശുവിന്‍റെ അടുത്തെത്തിക്കുക അസാധ്യമാണെന്നറിഞ്ഞ് യേശു ഇരുന്നിരുന്ന വീടിനുമുകളില്‍ വിടവുണ്ടാക്കി, തളര്‍വാതരോഗിയെ യേശുവിന്‍റെ അടുത്തെത്തിക്കുന്നത് എന്നും അവിടെ നിയമജ്ഞരും മറ്റ് മതാധികാരികളുണ്ടാകുമെന്നൊന്നും ഓര്‍ക്കാതെ ആ മനുഷ്യന്‍റെ സൗഖ്യം മാത്രമാണ് അവര്‍ ഓര്‍ത്തത് എന്നും പറഞ്ഞുകൊണ്ട് ദിവ്യബലിയിലെ സുവിശേഷവായനയെ (Lk 5: 17-26) ഇതേ ധ്യാനവിഷയ വുമായി പാപ്പാ ബന്ധിപ്പിച്ചു. ‘‘അതുകൊണ്ട് ഇന്നത്തെ ആരാധനക്രമം നമ്മെ ഓര്‍മിപ്പിക്കുന്നു... സമാശ്വസിക്കുക... ധൈര്യമുള്ളവരായിരിക്കുന്നതിനുള്ള കൃ പ കര്‍ത്താവിനോടു യാചിക്കുക, ഞങ്ങളെ സമാശ്വസിപ്പിക്കുക എന്നു പ്രാര്‍ഥിക്കുക’’. ഈ വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

 








All the contents on this site are copyrighted ©.