2017-12-10 18:12:00

‘ഓഖി’ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനം


വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ വേദനിക്കുന്ന കുടുംബങ്ങളെ പാപ്പാ ഫ്രാന്‍സിസ് സഹാനുഭാവം അറിയിച്ചു.

ഡിസംബര്‍ 10-Ɔ൦ തിയതി പ്രദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക് വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ഡിസംബര്‍ 1-ന് ഉണ്ടായ 'ഓഖി' സൈക്ലോണ്‍ ഭാരതത്തില്‍ വരുത്തിയ കെടുതിയില്‍ ഇനിയും ആകുലപ്പെടുന്ന സമൂഹങ്ങളെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചത്.   “സൈക്ലോണ്‍ 'ഓഖി'യുടെ ദുരന്തത്തില്‍പ്പെട്ട ഇന്ത്യയിലെ എല്ലാവരെയും തന്‍റെ ആത്മീയസാമീപ്യം അറിയിക്കുന്നു.”  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്ക് എത്തിയ ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഫ്രാന്‍സിസ് തന്‍റെ സഹാനുഭാവം ഇങ്ങനെ പ്രകടമാക്കി.

കാലാവസ്ഥ വ്യതിയാനം ഇന്ന് ലോകത്ത് കാരണമാക്കുന്ന പ്രകൃതിദുരന്തങ്ങളുടെയും ദാരിദ്ര്യത്തിന്‍റെയും ക്ലേശങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രനേതാക്കള്‍ മാനവികതയുടെ സമഗ്ര പുരോഗതിക്കായി പരിശ്രമിക്കേണ്ടതാണ്. ഫ്രാന്‍സിന്‍റെ തലസ്ഥാന നഗരമായ പാരീസില്‍ ഡിസംബര്‍ 12-ന് ആരംഭിക്കുന്ന യുഎന്‍ ‘ഭൂമി ഉച്ചകോടി’യുടെ (Our Planet Summit) പശ്ചാത്തലം കണക്കിലെടുത്താണ് പാപ്പാ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്.

തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനും കേരളത്തിലെ മെത്രാന്‍ സംഘത്തിന്‍റെ തലവനുമായ ആര്‍ച്ചുബിഷപ്പ് സൂസാ പാക്യം ഡിസംബര്‍ 9-Ɔ൦ തിയതി ശനിയാഴ്ച രാവിലെ വത്തിക്കാന്‍ മാധ്യമ കാര്യാലയംവഴിയാണ് ഭാരതത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ തിരുവനന്തപുരം, കോട്ടാര്‍ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് വത്തിക്കാനെ അറിയിച്ചത്. ഇന്നുവരെയ്ക്കുമുള്ള കണക്കുകള്‍ പ്രകാരം 'ഓഖി'യുടെ കെടുതിയില്‍, കേരളത്തില്‍ മാത്രം 29 പേര്‍ മരണമടയുകയും, ഇനിയും കടലില്‍ മത്സ്യബന്ധനത്തിനുപോയ 515 പേര്‍ക്കായി ഇന്ത്യന്‍ നേവിയും തീരദേശ സേനയും തിരച്ചില്‍ 1തുടരുകയാണെന്ന് ടെലിഫോണ്‍ സംഭാഷണത്തിലൂടെ ആര്‍ച്ചുബിഷപ്പ് സൂസാ പാക്യം വത്തിക്കാനെ അറിയിച്ചു. 








All the contents on this site are copyrighted ©.