2017-12-10 13:32:00

ജെറി അമല്‍ദേവിന്‍റെ ഒരു സുവിശേഷഗീതം “എന്‍റെ എളിയവര്‍ക്കായ്...!”


അമല്‍ദേവ്–ഫാദര്‍ ജോസഫ് മനക്കില്‍ ടീമിന്‍റേതാണ് ഈ സുവിശേഷഗാനം. 
ആലാപനം ഫെലിക്സ് മാളിയേക്കല്‍.

വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗത്തെ ആധാരമാക്കി... 25, 34-40.

      1.  എന്‍റെ എളിയവര്‍ക്കായ്
        നിങ്ങള്‍ ചെയ്-വതെല്ലാം.
        എനിക്കായ് ചെയ്തിടുന്നു
        വരുവിന്‍ പിതാവിന്‍ ഭവനത്തില്‍
        അനുപമ ഭാഗ്യമതില്‍.     എന്‍റെ...

    2.    ഞാന്‍ വിശന്നു തളര്‍ന്നപ്പോള്‍
        നിങ്ങള്‍ ഭോജനമെനിക്കരുളി
        ഞാന്‍ ദാഹിച്ചു വലഞ്ഞപ്പോള്‍ 
        നിങ്ങള്‍ കുളിര്‍ജലമെനിക്കേകി. എന്‍റെ...

     3.   പരദേശിയായലഞ്ഞപ്പോള്‍
        എനിക്കഭയം തന്നരുളി
        ഞാന്‍ നഗ്നനായലഞ്ഞപ്പോള്‍
        നിങ്ങള്‍ വസ്ത്രമെനിക്കേകി. എന്‍റെ...

    4.    ഞാന്‍ രോഗിയായ് തീര്‍ന്നപ്പോള്‍
        നിങ്ങള്‍ കാണുവാന്‍ വന്നെന്നെ
        ഞാന്‍ തടവിലിരുന്നപ്പോള്‍
        എന്നരികിലണഞ്ഞു നിങ്ങള്‍. എന്‍റെ...

35 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഗാനസൃഷ്ടി:   1982-ലെ ഒരു മാര്‍ച്ചു മാസം. എറണാകുളത്തെ സി.എ.സി.യുടെ സ്റ്റുഡിയോയിലാണ് റെക്കോര്‍ഡിങ്ങ്. ക്യാരിസ്മാറ്റിക് ഗാനങ്ങളുടെ നിര്‍മ്മാണം. കോറസ് പാടിയ കൂട്ടത്തിലെ  ഫെലിക്സ് മാളിയേക്കല്‍ സംഗീതാദ്ധ്യാപകനാണ്. അദ്ദേഹത്തിന്‍റെ ശബ്ദം ഈ ഗാനത്തിന് ഇണങ്ങുന്നെന്ന് അന്ന് നിജപ്പെടുത്തിയത് അമല്‍ദേവുതന്നെ.  അന്നത്തെ റെക്കോര്‍ഡിങ്ങില്‍ ദിവസം മുഴുവനും കോറസ് പാടി ക്ഷീണിച്ച ഫെലിക്സ് മാസ്റ്റര്‍ ഈ ഗാനം സി.എ.സി.യുടെ സ്റ്റിഡിയോയില്‍ വേഗം പഠിച്ചു പാടി. അന്നത്തെ അവസാന ഗാനമായിരുന്നതിനാലും പണിപ്പുരയുടെ പരിമിതികള്‍ മൂലവും ‌‌'റ്റെയിക്ക്'  പൂര്‍ത്തിയായപ്പോള്‍  സമയം രാത്രി 12 മണി! 

ഫെലിക്സ് മാസ്റ്റര്‍ ഇന്നും അമല്‍ദേവിന്‍റെ Sing India ഗായകസംഘത്തിലെ അംഗമാണ്! എറണാകുളത്ത് പാലാരിവട്ടത്ത് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം താമസിക്കുന്നു. 

കേരളത്തിന്‍റെ ആദ്യകാല റെക്കോര്‍ഡിങ് സ്റ്റുഡിയോ:   സി.എ.സി.യുടെ (Coching Arts & Communications of the Archdiocese of Verapoly) 
1983-ലെ ശബ്ദലേഖന സംവിധാനം ഒരു സ്റ്റുഡിയോ എന്ന്   പറയാന്‍ സാദ്ധ്യമല്ല! ചണത്തിന്‍റെ വിരി (ചാക്ക്) തൂക്കിയിട്ട ഒരു ഹാളായിരുന്നു അത്.  അന്ന് എറണാകുളത്തിന്‍റെ പ്രഗത്ഭനായ സൗണ്ട് എന്‍ജിനീയര്‍ രാമുവാണ് ഗാനം റെക്കോര്‍ഡ് ചെയ്തത്. 2Track TEAC spool Machine, പിന്നെ രാമു സ്വന്തമായി നിര്‍മ്മിച്ച (Sound Mixing Console) മിക്സിംങ്‍ കണ്‍സോളുമായിരുന്നു റെക്കോര്‍ഡിങ് സൗകര്യങ്ങള്‍. അന്ന്  “എന്‍റെ എളിയവര്‍ക്കായ്...” എന്ന ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങിന് ഇടയിലാണ് ,  സംഗീതസംവിധായകന്‍  കണ്ടുപിടിച്ചത് - സ്റ്റെറിയോ സിസ്സ്റ്റം (Stereo System)  പ്രവര്‍ത്തിക്കുന്നില്ല!   പിണങ്ങാതെയാണെങ്കിലും രാമുവിനോട് കാര്യം നേരെ പറഞ്ഞുകൊണ്ട് നല്ലഗാനങ്ങളുടെ  പരിമിതികളുടെ പണിപ്പുര  അമല്‍ദേവ്  അവസാനിപ്പിച്ചു. സമര്‍ത്ഥനായ ശബ്ദലേഖകനും സാങ്കേതിക വിദഗ്ദ്ധനുമായിരുന്ന രാമു കേരളത്തിലെ സംഗീതജ്ഞര്‍ക്ക് ഇന്നും ഓര്‍മ്മയാണ്! മനക്കിലച്ചന്‍റെ സുവാര്‍ത്താ കമ്യൂണിക്കേഷന്‍സിനുവേണ്ടി നിര്‍മ്മിച്ച ക്യാരിസ്മാറ്റ്ഗാനങ്ങള്‍ വാല്യം മൂന്നിന്‍റെ (Charismatic Hymns Volume 3) പണിപ്പുരയായിരുന്നു അത്.

ക്യാരിസ്മാറ്റിക്ഗാനങ്ങള്‍ വാല്യം മൂന്നിലെ മറ്റു ഗാനങ്ങള്‍:  
1. ജെന്‍സിയും കോറസും പാടിയ
എന്നേശുവേ നീ എത്ര നല്ലവന്‍...”
2. ജെന്‍സിയും ഫ്രെഡി പള്ളനും കോറസും പാടിയ
പോകുവിന്‍, പോകുവിന്‍ കര്‍മ്മദൂതരേ...”
3. എം.ഈ. മാനുല്‍ ഈണംപകര്‍ന്നു, അദ്ദേഹംതന്നെ പാടിയ..
സ്നേഹത്തിന്‍ ചൈതന്യമേ…”
ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങില്‍ ഓര്‍ഗന്‍ വായിച്ച മാനുവലിന്‍റെ പാട്ട് അതില്‍ ചേര്‍ക്കണമെന്നും
അത് അദ്ദേഹത്തെക്കൊണ്ടുതന്നെ കൃത്യമായി പാടിക്കണമെന്നും ആഗ്രഹിച്ചത് അമല്‍ദേവായിരുന്നു.
4. ഫ്രെഡി പള്ളനും സംഘവും പാടിയ
യേശുവേ, യേശുവേ എന്‍ നാഥനേശുവേ…”
5. ജോയ്സണ്‍ എന്ന പുതുമുഖവും സംഘവും പാടിയ
ദൈവത്തിന്‍ രാജ്യവും തന്‍ ദിവ്യനീതിയും...”
6.  നിമ്മിയും സംഘവും പാടിയ...
"എന്‍റെ ആത്മാവേ, സ്തുതിക്കൂ..." (Magnificat).
7. മറ്റുഗാനങ്ങള്‍... മോചനം വിമോചനം,  മൂലോക സര്‍വ്വാദി നാഥാ വിഭോ! 
രണ്ടും പാടിയത് 20 അംഗ ഗായകസംഘമാണ്. 








All the contents on this site are copyrighted ©.