2017-12-09 13:35:00

പാപ്പാ അമലോത്ഭവ നാഥയുടെ സവിധത്തില്‍ പ്രാര്‍ത്ഥനയുമായി


സാമൂഹ്യതിന്മകളാകുന്ന രോഗാണുക്കള്‍ക്കെതിരായ മറുമരുന്നു കണ്ടെത്തുന്നതിന് സഹായിക്കാന്‍ മാര്‍പ്പാപ്പാ അമലോത്ഭവ നാഥയോടു പ്രാര്‍ത്ഥിക്കുന്നു.

പതിവുപോലെ ഇക്കൊല്ലവും അമലോത്ഭവനാഥയുടെ തിരുന്നാള്‍ ദിനമായിരുന്ന ഡിസമ്പര്‍ 8ന്, വെള്ളിയാഴ്ച (08/12/17) വൈകുന്നേരം, റോമിലെ സ്പാനിഷ് ചത്വരത്തില്‍ 12 മീറ്ററോളം ഉയരത്തിലുള്ള വെണ്ണക്കല്‍ സ്തംഭത്തിന്മേല്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അമലോത്ഭവ നാഥയെ വണങ്ങുന്നതിന് എത്തിയ പാപ്പാ റോമാ നഗരത്തിലെ സകലര്‍ക്കും വേണ്ടി ആ അമ്മയോടു പ്രാര്‍ത്ഥിക്കുകയായിരുന്നു.

“അത് എന്നെ സ്പര്‍ശിക്കുന്നതല്ല” എന്നു പറയുന്ന നിസ്സംഗത, പൊതു നന്മയെ അവഹേളിക്കുന്ന പെരുമാറ്റദൂഷ്യം, വ്യത്യസ്തതയോടും വിദേശകളോടുമുള്ള ഭയം, സമീകരണത്തിന്‍റെ പേരിലുള്ള അതിരുകടക്കല്‍, അപരനെ കുറ്റപ്പെടുത്തുന്ന കാപട്യം തുടങ്ങിയവയാണ് ഇന്നു കാണപ്പെടുന്ന ഈ രോഗാണുക്കള്‍ എന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്തു.

യുദ്ധങ്ങളിലും പട്ടിണികളിലും നിന്ന് പലായനം ചെയ്ത് റോമില്‍ എത്തിയിരിക്കുന്ന കുടിയേറ്റക്കാരും, പാവപ്പെട്ടവരും വൃദ്ധജനങ്ങളും രോഗികളുമുള്‍പ്പടെ റോമിലെ എല്ലാ നിവാസികളെയും പാപ്പാ പരിശുദ്ധ അമലോത്ഭവ നാഥയ്ക്ക് ഭരമേല്പിക്കുകയും ഇവരുടെ മേലുള്ള കരുതലിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.