2017-12-01 12:55:00

ദൈവവിളിഅജപാലനം: ദൈവികപദ്ധതിയുടെ സാക്ഷാത്ക്കാരസരണി, പാപ്പാ


തന്നെ സംബന്ധിച്ച ദൈവികപദ്ധതിയുടെ സാക്ഷാത്ക്കാരത്തിനുള്ള സമൂര്‍ത്തസരണി ഏതെന്ന് കണ്ടെത്താന്‍ ഓരോ വിശ്വാസിയെയും സഹായിക്കുകയാണ് സഭയുടെ ദൈവവിളി അജപാലനത്തിന്‍റെ ആത്യന്തികലക്ഷ്യമെന്ന് മാര്‍പ്പാപ്പാ.

സമര്‍പ്പിതജീവിത്തിനും അപ്പസ്തോലികജീവിതസമൂഹങ്ങള്‍ക്കുമായുള്ള സംഘത്തിന്‍റെ    ആഭിമുഖ്യത്തില്‍ റോമിലെ “റെജീന അപ്പസ്തൊലോരും” പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ വെള്ളിയാഴ്ച (01/12/17) ദൈവവിളി അജപാലനത്തെയും സമര്‍പ്പിതജീവിതത്തെയും അധികരിച്ച് ആരംഭിച്ച സമ്മേളനത്തിന് ഫ്രാന്‍സീസ് പാപ്പാ നല്കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.

ഈ ത്രിദിന സമ്മേളനം ഞായറാഴ്ച (03/11/17) സമാപിക്കും.

ദൈവവിളി അജപാലനവും സമര്‍പ്പിതജീവിതവും ചക്രവാളങ്ങളും പ്രത്യാശകളും” എന്നതാണ് 800 ഓളം സമര്‍പ്പിതര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

സഭയുടെ സുവിശേഷവത്ക്കരണം മുഴുവന്‍റെയും സകല അജപാലനപ്രവര്‍ത്തനങ്ങളുടെയും ആത്മവായി ദൈവവിളി പരിപോഷണ പ്രവര്‍ത്തനത്തെ കാണണമെന്ന് പാപ്പാ തന്‍റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

യുവജനഅജപാലനത്തിലാണ് ദൈവവിളി അജപാലനം വേരുപിടിച്ച് പടരുന്നതെന്നോര്‍മ്മിപ്പിക്കുന്ന പാപ്പാ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍ എന്ന യേശുനാഥന്‍റെ ആഹ്വാനം അനുസ്മരിച്ചുകൊണ്ട്, ഈ ദൈവിവിളി അജപാലനപ്രക്രിയയില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സുപ്രധാന സ്ഥാനം എടുത്തുകാട്ടുന്നു. 








All the contents on this site are copyrighted ©.