2017-11-30 17:15:00

ബംഗ്ലാദേശികള്‍ പൊതുനന്മയ്ക്കും നീതിക്കുമായി പ്രയത്നിക്കട്ടെ!


ബംഗ്ലാദേശ് പര്യടനത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചത്
ദേശീയ സ്മൃതിമണ്ഡപങ്ങളുടെ സന്ദര്‍ശനത്തോടെയായിരുന്നു.

തെക്കെ ഏഷ്യന്‍ രാജ്യമായ ബംഗ്ലാദേശിന്‍റെതലസ്ഥാന നഗരമായ ഡാക്കയിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലേയ്ക്ക് കാറില്‍ പോകുംവഴി പാപ്പാ സവാറിലെ ദേശീയ രക്തസാക്ഷിമണ്ഡപം സന്ദര്‍ശിച്ചു. പുഷ്പചക്രം സമര്‍പ്പിച്ച് അവിടെ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് സന്ദര്‍ശകരുടെ പുസ്തകത്തില്‍ ഇങ്ങനെ കുറിച്ചു.

“ഇന്നാടിന്‍റെ പിറവിക്കായി ജീവന്‍ സമര്‍പ്പിച്ച സകലരെയും അനുസ്മരിക്കുന്നു.
ബംഗ്ലാദേശിലെ ജനത നീതിക്കും പൊതുനന്മയ്ക്കുമായി അക്ഷീണം പ്രയത്നിക്കട്ടെ!”

നവംബര്‍ 30 വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ്, ഇന്ത്യയിലെ സമയം  2.30-നാണ് ബംഗ്ലാദേശിന്‍റെ മണ്ണില്‍ പാപ്പാ കാലുകുത്തിയത്.  ഭീമന്‍-ബി 737-800 ബംഗ്ലാദേശി പ്രത്യേക വിമാനമാണ് മ്യാന്മറില്‍നിന്നും ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലേയ്ക്ക് പാപ്പായെ എത്തിച്ചത്. രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍നിന്നും യാത്ര തുടര്‍ന്ന്, ഡാക്കയില്‍ത്തന്നെ ബാംഗ്ലബന്ധു ദേശിയ ചരിത്രസ്മാരക പ്രദര്‍ശന മന്ദിരവും (Banglabandhu National Museum) സന്ദര്‍ശിച്ചു. ബംഗ്ലാദേശിലെ പ്രഥമ പരിപാടി പ്രസിഡന്‍ഷ്യന്‍ മന്ദിരത്തിലെ കൂടിക്കാഴ്ചയായിരുന്നു. പ്രാദേശിക സമയം 5.30-ന് പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു.

നവംബര്‍ 30 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ബാംഗ്ലാദേശ് സന്ദര്‍ശനം
ഡിസംബര്‍ 2, ശനിയാഴ്ച വൈകുന്നേരം 5 മണിവരെ തുടരും.  








All the contents on this site are copyrighted ©.