2017-11-29 14:09:00

പാപ്പായുടെ മ്യന്മാര്‍ സന്ദര്‍ശനം, മൂന്നാം ദിനം


ഇരുപത്തിയേഴാം തിയതി തിങ്കളാഴ്ച (27/11/17) മ്യന്മാറിലെത്തിയ ഫ്രാന്‍സീസ് പാപ്പായുടെ അന്നാട്ടിലെ മൂന്നാം ദിനത്തിലെ, അതായത്, ബുധനാഴ്ചത്തെ (29/11/17) ഇടയസന്ദര്‍ശന പരിപാടികളിലൂ‌ടെ നമുക്കൊന്നു കണ്ണോടിക്കാം.

മ്യാന്‍മാറില്‍ തന്‍റെ താല്‍ക്കാലിക വാസയിടമായ യംഗൂണിലെ അതിമെത്രാസനമന്ദിരത്തില്‍ ചൊവ്വാഴ്ച(28/11/17) രാത്രിവിശ്രമിച്ച പാപ്പായുടെ ബുധനാഴ്ചത്തെ ഔദ്യോഗിക സന്ദര്‍ശനപരിപാടികള്‍ ക്യായിക്കസ്സാന്‍ മൈതാനിയില്‍ ദിവ്യപൂജാര്‍പ്പണം, കാബ അയേ ബുദ്ധമതകേന്ദ്രത്തില്‍ വച്ച് ബുദ്ധസന്ന്യാസികളുടെ ഉന്നത സമിതിയായ “സംഘ”യുമായുള്ള കൂടിക്കാഴ്ച, യംഗൂണിലെ അതിമെത്രാസന മന്ദിരത്തില്‍ വച്ച് മ്യന്മാറിലെ കത്തോലിക്കാമെത്രാന്മാരുമായുള്ള നേര്‍ക്കാഴ്ച എന്നിവയായിരുന്നു. പാപ്പായുടെ താല്‍ക്കാലികവസതിയില്‍നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ബലിവേദി സജ്ജീകരിച്ചിരുന്ന ക്യായിക്കാസന്‍ മൈതാനി. 150 ഓളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ മൈതാനിയില്‍ ഫുട്ട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, വോളീബോള്‍, ബാഡ്മിന്‍റണ്‍ തുടങ്ങി മുപ്പതോളം കളികള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ട്. 1996 മുതല്‍ കായികവിനോദ മന്ത്രാലയത്തിന്‍റെ ആസ്ഥാനം ഇവിടെയാണ്. 2ലക്ഷത്തി 50000 ത്തോളം പേര്‍ക്ക് സമ്മേളിക്കാന്‍ സൗകര്യമുള്ളതാണ് ഈ മൈതാനി.

യംഗൂണിലെ അതിമെത്രാസനമന്ദിരത്തില്‍ നിന്ന് പ്രാദേശികസമയം രാവിലെ  8 മണിക്കു മുമ്പ് ഫ്രാന്‍സീസ് പാപ്പാ കാറില്‍ ക്യായിക്കാസന്‍ മൈതാനിയിലേക്ക് യാത്രയായി. മ്യന്മാര്‍, സമയത്തില്‍ ഭാരതത്തെക്കാള്‍ 1 മണിക്കൂര്‍ മുന്നിലാണെന്നത് ഓര്‍ക്കുക. പാപ്പായ്ക്ക് അഭിവാദ്യമര്‍പ്പിക്കാനും പാപ്പായെ ഒരു നോക്കു കാണാനും പാതയോരങ്ങളില്‍ നിരവധിപ്പേര്‍ സ്ഥാനം പിടിച്ചിരുന്നു. അവരില്‍ അക്രൈസ്തവരും ഉള്‍പ്പെട്ടിരുന്നു. മൈതാനിയിലെത്തിയ പാപ്പാ സാധാരണ കാറില്‍ നിന്ന്, പാപ്പായ്ക്കും ജനങ്ങള്‍ക്കും പരസ്പരം കാണത്തക്കവിധം സജ്ജീകരിച്ചിട്ടുള്ള പേപ്പല്‍ വാഹനത്തിലേക്ക്, പോപ്പ് മൊബീലിലേക്ക്, മാറിക്കയറുകയും ജനങ്ങളെ ആശീര്‍വ്വദിക്കുകയും അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ജനസാഗരത്തിനിടയിലൂടെ നീങ്ങുകയും ചെയ്തു. ഒരുലക്ഷത്തി അമ്പതിനായിരത്തോളം പേര്‍ ദിവ്യബലിയില്‍ പങ്കുകൊള്ളുന്നതിന് എത്തിയിരുന്നു.

ബലിവേദിയലെത്തി പൂജാവസ്ത്രങ്ങണിഞ്ഞ ഫ്രാന്‍സീസ് പാപ്പാ പ്രവേശന ഗീതം ആലപിക്കപ്പെട്ടപ്പോള്‍ പ്രദക്ഷിണമായി ബലിവേദയിലെത്തി.ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ച്, ആണ്ടു വട്ടത്തിലെ  സാധാരണകാലത്തിലെ മുപ്പത്തിനാലാം വാരമനുസരിച്ചുള്ളതായിരുന്നു ദിവ്യബലി. ലത്തീന്‍ ഇംഗ്ലീഷ്, ബര്‍മ്മീസ് എന്നീ മൂന്നു ഭാഷകള്‍ ഈ വിശുദ്ധകുര്‍ബ്ബാനയില്‍ ഉപയോഗപ്പെടുത്തി.

ബല്‍ഷാസര്‍ രാജാവ് നാരികളുമൊത്തു വീഞ്ഞുകുടിച്ച് മദോന്മത്തനായി ദൈവത്തെ വെല്ലുവിളിക്കുന്നതും ഒരു കരം പ്രത്യക്ഷപ്പെട്ട് ചുമരില്‍ എഴുതുന്നതുമായ പഴയനിയമഗ്രന്ഥത്തില്‍ നിന്നുള്ള, ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍ നിന്നുള്ള വചനങ്ങളും ക്ലേശങ്ങളു‍ടെ ആരംഭത്തെക്കുറിച്ചു യേശു പറയുന്ന സുവിശേഷഭാഗവും,ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 12-19 വരെയുള്ള വാക്യങ്ങളുമായിരുന്നു വചനശുശ്രൂഷാവേളയില്‍ വായിക്കപ്പെട്ടത്. ഈ വായനകള്‍ക്കുശേഷം പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു. ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ബര്‍മ്മീസ് ഭാഷയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നുമുണ്ടായിരുന്നു.

പ്രിയസഹോദരീ സഹോദരന്മാരേ എന്ന് ഇറ്റാലിയനില്‍ സംബോധനചെയ്യുകയും ബര്‍മ്മീസ് ഭാഷയില്‍ ശുഭദിനം നേരുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്‍റെ  വിചിന്തനം ആരംഭിച്ചത്.

താന്‍ ഏറെ കാത്തിരുന്ന ഒരു വേളയാണിതെന്നു വെളിപ്പെടുത്തിയ പാപ്പാ അകലങ്ങളില്‍ നിന്ന്, വിദൂരസ്ഥമായ മലമ്പ്രദേശങ്ങളില്‍ നിന്ന് കാല്‍നടയായിപ്പോലും എത്തിയിട്ടുള്ള വിശ്വാസികളെ പ്രത്യേകം അനുസ്മരിച്ചു. താന്‍ മ്യന്മാറില്‍ എത്തിയിരിക്കുന്നത് ഒരു സഹതീര്‍ത്ഥാടകനായിട്ടാണെന്നും അവരെ ശ്രവിക്കാനും അവരി‍ല്‍ നിന്ന് പഠിക്കാനുമാണെന്നും പാപ്പാ പറഞ്ഞു.

തുടര്‍ന്ന് പാപ്പാ ദിവ്യബലിയില്‍ വായിക്കപ്പെട്ട ദാനിയേല്‍ പ്രവാചകന്‍റെ   പുസ്തകത്തിലേക്കു കടന്നു.

ദൈവിക ജ്ഞാനവും ദൈവിക രഹസ്യങ്ങളുടെ ആത്യന്തിക വ്യാഖാതാവായ യേശുവും

ബെല്‍ഷാസര്‍ രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ ജോത്സ്യന്മാരുടെയും ജ്ഞാനം എത്രമാത്രം പരിമിതമാണ് എന്ന് ഒന്നാംവായന കാണിച്ചുതരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

സ്വര്‍ണ്ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയാമയിരുന്നു എന്നാല്‍ നമ്മുടെ ജീവിതവും പ്രാണവായുവും ആരുടെ കരങ്ങളിലാണോ ആ ദൈവത്തെ സ്തുതിക്കാന്‍ അവര്‍ക്കറിയില്ലായിരുന്നു. മറിച്ച്, ദാനിയേലാകട്ടെ കര്‍ത്താവിന്‍റെ ജ്ഞാനത്താല്‍ നിറഞ്ഞവനായിരുന്നു. കര്‍ത്താവിന്‍റെ മഹാരഹസ്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞു. പാപ്പാ തുടര്‍ന്നു.

ദൈവികരഹസ്യങ്ങളുടെ പരമവ്യാഖ്യാതാവ് യേശുവാണ്. അവിടന്ന് ദൈവത്തിന്‍റെ  ജ്ഞാനത്തിന്‍റെ  ആള്‍രൂപമാണ്. സുദീര്‍ഘങ്ങളായ പ്രഭാഷണങ്ങളാലൊ രാഷ്ട്രീയത്തിന്‍റെയൊ ഭൗമികാധികാരത്തിന്‍റെയൊ വന്‍ പ്രകടനങ്ങളാലൊ അല്ല മറിച്ച് കുരിശില്‍ സ്വന്തം ജീവന്‍ നല്കിക്കൊണ്ടാണ് യേശു അവിടത്തെ ജ്ഞാനം നമ്മെ പഠിപ്പിച്ചത്. ചിലപ്പോള്‍ നാം നമ്മുടെ തന്നെ ജ്ഞാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന കെണിയില്‍ വീണുപോയെന്നുവരും. ഫലമോ നമുക്കു നമ്മുടെ ദശാബോധം എളുപ്പത്തില്‍ നഷ്ടമാകും. അപ്പോഴൊക്കെ നാം ഓര്‍ക്കണം നമ്മുടെ മുന്നില്‍, ക്രുശിതനില്‍  സുനിശ്ചിതമായ ഒരു വഴികാട്ടി നമുക്കുണ്ട് എന്ന്. ദൈവത്തില്‍ നിന്നു വരുന്ന വെളിച്ചത്താല്‍ നമ്മുടെ ജീവിതത്തെ നയിക്കാന്‍ കഴിയുന്ന ജ്ഞാനം കുരിശില്‍ നാം കണ്ടെത്തുന്നു.

സൗഖ്യം കുരിശില്‍ നിന്ന്, പ്രതികാരത്തിന്‍റെ സരണി യേശുവിന്‍റേതല്ല

കുരിശില്‍ നിന്നുതന്നെ സൗഖ്യവും വരുന്നു. നാം സൗഖ്യമാക്കപ്പെട്ടത് യേശു പിതാവിന് സമര്‍പ്പിച്ച അവിടത്തെ മുറിവുകളാലാണ്. നമ്മുടെ ആകമാനസൗഖ്യത്തിന്‍റെ ഉറവിടെ ക്രിസ്തുവിന്‍റെ മുറിവുകളില്‍ കണ്ടെത്താനുള്ള ജ്ഞാനം നമുക്കെന്നും ഉണ്ടാകട്ടെ! എനിക്കറിയാം, മ്യന്മാറില്‍ നിരവധിപ്പേര്‍ അക്രമത്തിന്‍റെ മുറിവുകള്‍, ദൃശ്യവും അദൃശ്യവുമായ മുറിവുകള്‍ പേറുന്നവരാണ്. ഒന്നാം വായനയിലെ രാജാവിനെപ്പോലെ ഐഹികമായ ജ്ഞാനത്താല്‍ ഈ മുറിവുകളോടു പ്രതികരിക്കാനുള്ള പ്രലോഭനം ഉണ്ടാകും. ആ രാജാവ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. കോപത്തിലും പ്രതികാരത്തിലും നിന്ന് സൗഖ്യം ഉണ്ടാകുമെന്നു നാം ചിന്തിക്കുന്നു. പ്രതികാരത്തിന്‍റെ സരണി യേശുവിന്‍റേതല്ല.

യേശുമാര്‍ഗ്ഗം മൗലികമായി വ്യത്യസ്തമാണ്. വിദ്വേഷവും തിരസ്കരണവും പീഢാസഹനമരണങ്ങളിലേക്ക് യേശുവിനെ നയിച്ചപ്പോള്‍ അവിടന്നു പ്രതികരിച്ചത് മാപ്പുനല്കുകയും സഹാനുഭൂതിപ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. ഇന്നത്തെ സുവിശേഷത്തിലൂടെ കര്‍ത്താവ് നമ്മോടു പറയുന്നു, അവിടത്തെപ്പോലെതന്നെ നാമും തിരസ്ക്കരണവും പ്രതിബന്ധങ്ങളും നേരിടേണ്ടിവരും, എന്നിരുന്നാലും, പ്രതിരോധിക്കപ്പെടാത്തതായ ഒരു ജ്ഞാനം അവിടന്ന് നമുക്ക് പ്രദാനം ചെയ്യും എന്ന്. അവിടന്ന് പരിശുദ്ധാരൂപിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിന്‍റെ സ്നേഹം ചൊരിയപ്പെട്ടിരിക്കുന്നത് ഈ അരൂപി വഴിയാണ്.

കാരുണ്യ ലേപനവുമായി സഭ

ദൈവികകാരുണ്യത്തിന്‍റെതായ സൗഖ്യദായക തൈലം മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് ഏറ്റം ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നല്കുന്നതിനായി മ്യന്മാറിലെ സഭ എറെ പരിശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. ബലംപ്രയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തിയുമല്ല പ്രത്യുത എന്നും ക്ഷണിക്കുകയും സ്വാഗതംചെയ്യുകയും ചെയ്യുന്ന മനോഭാവത്തോടുകൂടി ന്യൂനപക്ഷ വര്‍ഗ്ഗക്കാരോട്, പരിമിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നിരവധി സമൂഹങ്ങള്‍ സുവിശേഷം പ്രഘോഷിക്കുന്നതിന്‍റെ  സുവ്യക്തമായ അടയാളങ്ങള്‍ ദൃശ്യമാണ്. ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടെയും മദ്ധ്യേ നിങ്ങളില്‍ അനേകര്‍ പാവപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും സഹായവും ഐക്യദാര്‍ഢ്യവും സമൂര്‍ത്തമാക്കിത്തീര്‍ക്കുന്നു. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അനര്‍ഘ ജ്ഞാനം, അതായത്, യേശുവിന്‍റെ ഹൃദയത്തില്‍നിന്നു നിറഞ്ഞൊഴുകിയ ദൈവത്തിന്‍റെ  സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് നിങ്ങള്‍ക്കു ഞാന്‍ പ്രചോദനം പകരുകയാണ്.

ആദ്ധ്യാത്മിക ജിപിഎസ്

ഈ ജ്ഞാനം സമൃദ്ധമായി നല്കാന്‍ യേശു അഭിലഷിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും, ഈ നാട്ടിലാകമാനവും സൗഖ്യത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും വിത്തുകള്‍ വിതയ്ക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അവിടന്ന് തീര്‍ച്ചയായും മകുടംചാര്‍ത്തും.... അവിടത്തെ സ്നേഹം തടുത്തുനിറുത്താനാകാത്തതാണെന്ന് കുരിശില്‍ ആത്യന്തികമായി ആവിഷ്കൃതമായി. അത് സ്ഥലം ചൂണ്ടിക്കാട്ടുന്ന ആദ്ധ്യാത്മികയന്ത്രം, ആദ്ധ്യാത്മിക ജിപിഎസ്, പോലെയാണ്. അതു നമ്മെ ദൈവത്തിന്‍റെ ആന്തരിക ജീവനിലേക്കും നമ്മുടെ അയല്‍ക്കാരന്‍റെ ഹൃദയത്തിലേക്കും വഴിതെറ്റാതെ നയിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! മ്യന്മാറിലെ സഭയെ അവിടന്നനുഗ്രഹിക്കട്ടെ! ഈ മണ്ണിനെ അവിടത്തെ സമാധാനത്താല്‍ അനുഗ്രഹിക്കട്ടെ! മ്യന്മാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

ഈ വക്കുകളില്‍ തന്‍റെ വിചനവിശകലനം അവസാനിപ്പിച്ച പാപ്പാ സുവിശേഷപ്രഭാഷണാനന്തരം വിശ്വാസികളുടെ പ്രാര്‍ത്ഥനയോടെ ദിവ്യപൂജ തുടര്‍ന്നു. തമിഴ്‍ ഉള്‍പ്പടെ 6 ഭാഷകളിലായിരുന്നു വിശ്വാസികളുടെ പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പ് യംഗൂണ്‍ അതിരൂപതുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് മൗംഗ് ബൊ പാപ്പായ്ക്ക് നന്ദിപറഞ്ഞു.

ഇത് താബോര്‍മലയിലെ അനുഭവമാണ് എന്നീ വാക്കുകളോടെ തന്‍റെ  നന്ദിപ്രകാശനമാരംഭിച്ച കര്‍ദ്ദിനാള്‍ മൗംഗ് ബൊ സുവിശേഷം ജീവിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ട കത്തോലിക്കരെന്ന അഭിമാനത്തോടെ അസാധാരണ ആദ്ധ്യാത്മികോര്‍ജ്ജത്തോടുകൂടിയായിരിക്കും തങ്ങള്‍ ഈ ദിവ്യബലിവേദിയില്‍നിന്ന് തിരിച്ചുപോകുകയെന്ന് പ്രസ്താവിച്ചു.

ഇന്നു ഒരത്ഭുതം സംഭവിച്ചിരിക്കുന്നു. ഞങ്ങളെല്ലാവരും ദൈവത്തിന്‍റെ വിസ്മയം ആയി തിരിച്ചുപോകും. അങ്ങേയ്ക്കു നന്ദി. ഈ ചെറിയ അജഗണം അങ്ങേക്കായി പ്രാര്‍ത്ഥിക്കുന്നു.

കര്‍ദ്ദിനാള്‍ ചാള്‍സിന്‍റെ  ഈ നന്ദിപ്രകാശനത്തെ തുടര്‍ന്ന് പാപ്പാ സമാപനാശീര്‍വ്വാദം നല്കി.

ദിവ്യപൂജയ്ക്കു ശേഷം പാപ്പാ യംഗൂണിലെ അതിമെത്രാസനമന്ദിരത്തിലേക്കു തിരിച്ചുപോകുകയും ഉച്ചവിരുന്നു കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു.

ഉച്ചതിരിഞ്ഞ് പാപ്പായുടെ പരിപാടി വൈകുന്നേരം 4.15 ന് (ഇന്ത്യയിലെ സമയം 3.15ന്) “കാബ അയേ” (KABA AYE) കേന്ദ്രത്തില്‍ ആയിരുന്നു. ബുദ്ധമതത്തിലെ തേര്‍വാദ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള “കാബ അയേ” (KABA AYE) കേന്ദ്രത്തില്‍ വച്ച് ഉന്നത ബുദ്ധമതസന്ന്യാസികളുടെ കേന്ദ്രസമിതിയായ “സംഘ മഹാ നായക” യുമായുള്ള നേര്‍ക്കാഴ്ച്ചയ്ക്കായി ഫ്രാന്‍സീസ് പാപ്പാ അരമനയില്‍ നിന്ന് പത്തുകിലോമീറ്ററോളം അകലെയുള്ള ഈ കേന്ദ്രത്തിലെത്തി.

1952 ല്‍, പ്രധാനമന്ത്രി ഉ നുവിന്‍റെ ഭരണകാലത്ത് ബുദ്ധമതസമിതിയുടെ 1954 മുതല്‍ 1956 വരെ നടന്ന ആറാമത്തെ യോഗത്തിന് ആഥിത്യം വഹിക്കുന്നതിന് പണിതുയര്‍ത്തിയതാണ് “കാബ അയേ” കേന്ദ്രം. 36 മീറ്റര്‍ ഉയരത്തിലുള്ള ഈ കേന്ദ്രത്തിന്‍റെ സ്വര്‍ണ്ണനിര്‍മ്മിതമായ കുംഭഗോപുരത്തെ താങ്ങിനിറുത്തുന്നത് ബുദ്ധമതത്തിന്‍റെ ആറു പ്രബോധനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷഡ്സ്തംഭങ്ങളാണ്. ഈ കേന്ദ്രത്തിലെ സമ്മേളന ശാലയ്ക്ക് 67 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയുമുണ്ട്.

“സംഘ മഹാ നായക” കേന്ദ്രസമിതിയിലെ അംഗങ്ങള്‍ 47 ഉന്നത ബുദ്ധമത സന്ന്യാസികളാണ്. ഇവരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് മതകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയമാണ്. ഈ മഹാസഭയുടെ പ്രസിഡന്‍റ്   സ്ഥാനമലങ്കരിക്കുന്നത്  ഡോക്ടര്‍ ബദാന്ത കുമാരഭിവംസയാണ്.

“കാബ അയേ” കേന്ദ്രത്തിലെത്തിയ പാപ്പായെ മതസാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള മന്ത്രി തുറ ഉ ഔംഗ് കൊ സ്വീകരിച്ച് അകത്തേക്കാനയിച്ചു. വേദിയില്‍ ഉപവിഷ്ഠനായ പാപ്പായുടെ മുന്നില്‍ വലത്തുവശത്ത് ബുദ്ധമത പ്രതിനിധികളും ഇടത്തുവശത്ത് കത്തോലിക്കാ പ്രതിനിധികളും സ്ഥാനം പിടിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ തുടക്കമായി “സംഘ മഹാ നായക”യുടെ പ്രസിഡന്‍റ് ഡോക്ടര്‍ ബദാന്ത കുമാരഭിവംസ  പാപ്പായെ സ്വാഗതം ചെയ്തു.

മതത്തെ ദുരുപയോഗിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുക-ഡോക്ടര്‍ ബദാന്ത കുമാരഭിവംസ

മ്യന്മാറിലെ 5 കോടി പത്തുലക്ഷത്തിലേറെവരുന്ന നിവാസികളില്‍ 87 ശതമാനം ബുദ്ധമതവിശ്വാസികളാണെന്നു പറഞ്ഞ പ്രസിഡന്‍റ് ഡോക്ടര്‍ ബദാന്ത കുമാരഭിവംസ അന്നാട്ടില്‍ വിവിധ മതങ്ങളില്‍പ്പെട്ടവരുണ്ടെങ്കിലും എല്ലാവരും നരകുലത്തിന്‍റെ  ക്ഷേമത്തിനുതകുന്ന പാതയിലൂടെയാണ് ചരിക്കുന്നതെന്നും സമാധാനവും ഐശ്വര്യവും സംജാതമാക്കുന്നതിന് സംഭാവനയേകാന്‍ സകലമതവിശ്വാസങ്ങള്‍ക്കും സാധിക്കുമെന്നും വ്യക്തമാക്കി. മതത്തെ ദുരുപയോഗിക്കുന്ന പ്രവണതയെ തുറന്നുകാട്ടാന്‍ മതനേതാക്കള്‍ക്കുള്ള കടമയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

തുടര്‍ന്ന് പാപ്പായുടെ മറുപടി പ്രസംഗമായിരുന്നു.

മാനവ ഔന്നത്യത്തിനും നീതിക്കുംവേണ്ടിയുള്ള സംഘാതപരിശ്രമത്തിന് ഒരവസരം

ബുദ്ധമതത്തിന്‍റെ ഉന്നതപ്രതിനിധികള്‍ക്കൊപ്പമായിരിക്കാന്‍ കഴിഞ്ഞതിലുള്ള തന്‍റെ  സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. കത്തോലിക്കരും ബുദ്ധമതാനുയായികളും തമ്മിലുള്ള സൗഹൃദത്തിന്‍റെയും ആദരവിന്‍റെയും ബന്ധങ്ങള്‍ നവീകരിക്കാനും ബലപ്പെടുത്താനുമുള്ള സുപ്രധാനമായ അവസരമാണ് ഈ കൂടിക്കാഴ്ചയെന്ന് പാപ്പാ പറഞ്ഞു. സമാധാനം മാനവ ഔന്നത്യത്തോടുള്ള ആദരവ്, സകല സ്ത്രീപുരുഷന്മാര്‍ക്കും നീതി  എന്നിവയ്ക്കായി പരിശ്രമിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നതിനുള്ള ഒരവസരംകൂടിയാണ് ഇതെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

അനീതിക്കും അക്രമത്തിനുമെതിരെ സഹാനുഭൂതിയിലും സ്നേഹാര്‍ദ്രതയിലും അധിഷ്ഠിത സരണിയിലൂടെ

എല്ലാ കാലഘട്ടങ്ങളിലും നരകുലത്തിന് അനീതികളുടെ അനുഭവങ്ങളും സംഘര്‍ഷങ്ങളുടെയും ജനതകള്‍ക്കിടയിലെ അസമത്വത്തിന്‍റെയും വേളകളും ഉണ്ടായിട്ടുണ്ട്. പാപ്പാ തുടര്‍ന്നു. സമൂഹം സാങ്കേതികമായി വലിയ പുരോഗതി കൈവരിക്കുകയും തങ്ങളുടെ പൊതുവായ മാനവികതയെയും ഭാഗധേയത്തെയും കുറിച്ചുള്ള അവബോധം  ലോകമെമ്പാടുമുള്ള ജനങ്ങളില്‍ വര്‍ദ്ധമാനമാകുകയും ചെയ്തിട്ടുണ്ടെങ്കിലും സഘര്‍ഷത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റെയും മുറിവുകള്‍ നിലനില്ക്കുകയും പുതിയ പിളര്‍പ്പുകള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഈ വെല്ലുവിളികള്‍ക്കുമുമ്പില്‍ നാം ഒരിക്കലും അടിയറവുപറയരുത്. നമ്മുടെ വിശ്വാസപാരമ്പര്യങ്ങളുടെ വെളിച്ചത്തില്‍ നമുക്കറിയാം മുന്നോട്ടു പോകുന്നതിനുള്ള ഒരു വഴിയുണ്ട്, സൗഖ്യത്തിലേക്കും, പരസ്പരധാരണയിലേക്കും ആദരവിലേക്കും നയിക്കുന്ന പാതയുണ്ട് എന്ന്. അത് സഹാനുഭൂതിയിലും സ്നേഹാര്‍ദ്രതയിലും അധിഷ്ഠിത സരണിയാണ്.

മ്യന്മാറില്‍ ബുദ്ധമതപാരമ്പര്യമനുസരിച്ചു ജീവിക്കുന്ന ഏവരോടുമുള്ള ആദരവ് ഞാന്‍ അറിയിക്കുകയാണ്. ബുദ്ധന്‍റെ പ്രബോധനങ്ങളും അര്‍പ്പിതരായ ബുദ്ധമതസന്ന്യാസിസന്ന്യാസിനികളുടെ സാക്ഷ്യത്താലും ക്ഷമ, സഹിഷ്ണുത, ജീവനോടുള്ള ആദരവ്, പരിസ്ഥിതിയോടുള്ള കരുതലിലും അഗാധമായ ആദരവിലും അധിഷ്ഠിതമായ ആദ്ധ്യാത്മികത എന്നിവയാല്‍ രൂപപ്പെടുത്തപ്പെട്ടവരാണ് ഈ മണ്ണിലെ ജനങ്ങള്‍. നമുക്കറിയാവുന്നതുപോലെ ഈ മൂല്യങ്ങളെല്ലാം സമൂഹത്തിന്‍റെ സമഗ്രമായ വികസനത്തിന് അത്യന്താപേക്ഷിതങ്ങളാണ്.

ശ്രീബുദ്ധനും വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയും

ഇന്നിന്‍റെ മഹാവെല്ലുവിളി അഭൗമികതയോടു തുറവുള്ളവരായിരിക്കാന്‍ ജനങ്ങളെ സഹായിക്കുക എന്നതാണ്. മറ്റുള്ളവരുമായുള്ള തങ്ങളുടെ ആന്തരികബന്ധം കണ്ടെത്താന്‍ കഴിയും വിധം സ്വയം ഉള്ളിലേക്കു നോക്കുന്നതിനും സ്വയം അറിയുന്നതിനും കഴിയുക എന്നതാണ്. അപരനില്‍ നിന്ന് ഒറ്റപ്പെട്ടു നില്ക്കാനാകില്ല എന്നു മനസ്സിലാക്കാന്‍ കഴിയുക എന്നതാണ്. നമുക്ക് ഐക്യത്തിലായിരിക്കാന്‍ കഴിയണമെങ്കില്‍ തെറ്റിദ്ധാരണ, അസഹിഷ്ണുത, മുന്‍വിധി, വിദ്വേഷം എന്നിവയുടെ സകല രൂപങ്ങളെയും നാം കീഴടക്കേണ്ടിയിരിക്കുന്നു. കോപത്തെ ശാന്തതയാലും തിന്മയെ നന്മയാലും ദുരിതത്തെ ഉദാരതയാലും നുണയനെ സത്യത്താലും കീഴടക്കുക എന്ന ശ്രീബുദ്ധന്‍റെ വാക്കുകള്‍ നമുക്ക് വഴികട്ടിയാണ്.  വിശുദ്ധ ഫ്രാന്‍സീസ് അസിസ്സീയുടെ പ്രാര്‍ത്ഥനയിലും ഈ ആശയം ആവിഷ്കൃതമാണ്. “നാഥാ അങ്ങ് എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ഞാന് സ്നേഹം വിതയ്ക്കട്ടെ. മുറിവുള്ളിടത്ത് ഞാന്‍ ക്ഷമയുടെ സംവാകനാകട്ടെ, ഇരുളില്‍ പ്രകാശം പരത്താന്‍ എനിക്കു കഴിയട്ടെ. സന്താപമുള്ളിടത്ത് സന്തോഷം സംജാതമാക്കാന്‍ എനിക്കു സാധിക്കട്ടെ”

ക്ഷമയും ധാരണയും പരിപോഷിപ്പിക്കാനും ഭിന്നസംസ്കാരങ്ങളിലും വര്‍ഗ്ഗങ്ങളിലും മതങ്ങളിലുമുള്ള ജനങ്ങളെ വിഭജിച്ച വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിന്‍റെ മുറിവുകള്‍ ഉണക്കാനും ഉള്ള എല്ലാ പരിശ്രമങ്ങള്‍ക്കും ഈ ജ്ഞാനം അവിരാമം പ്രചോദനം പകരട്ടെ.

ബുദ്ധമതാനുയായികളും കത്തോലിക്കരും തോളോടുതോള്‍ ചേര്‍ന്ന്

പ്രിയ സുഹൃത്തുക്കളേ, ബുദ്ധമതാനുയായികള്‍ക്കും കത്തോലിക്കര്‍ക്കും സൗഖ്യദായക പാതയില്‍ ഒത്തൊരുമിച്ചു ചരിക്കാനും ഈ മണ്ണിലെ സകലരുടെയും നന്മയ്ക്കായി കൂട്ടായി പിരശ്രിമിക്കുന്നതിനും കഴിയട്ടെ... നിങ്ങളോടു ചേര്‍ന്നു നടക്കുതന്നതു ഈ മണ്ണില്‍ സമാധാനത്തിന്‍റെയും സൗഖ്യമാക്കലിന്‍റെയും അനുകമ്പയുടെയും പ്രത്യാശയുടെയും വിത്തുകള്‍ വിതയ്ക്കുന്നതു തുടരുന്നതിനുള്ള സന്നദ്ധത ഞാന്‍ എന്‍റെ  കത്തോലിക്കാ സഹോദരീസഹോദരന്മാരുടെ നാമത്തില്‍ അറിയിക്കുന്നു.

നിങ്ങളോടൊപ്പമായിരിക്കുന്നതിന് എന്നെ ക്ഷണിച്ചതിന് ഒരിക്കല്‍കൂടി ഞാന്‍ എന്‍റെ നന്ദിയറിയിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഈ വാക്കുകളില്‍ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചതിനെ തുടര്‍ന്ന്  സമ്മാനക്കൈമാറ്റ ചടങ്ങായിരുന്നു.

സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവിന്‍റെ ശില്പമായിരുന്നു പാപ്പാ ബുദ്ധമത ഉന്നത സമിതിക്ക് സമ്മാനിച്ചത്. മഗ്നേഷ്യം മൂലകം കലര്‍ന്ന സങ്കരലോഹത്തില്‍ തീര്‍ത്ത   തൂവെള്ള ശില്പമായിരുന്നു ഇത്.

സമ്മാനങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ഛായഗ്രഹണച്ചടങ്ങായിരുന്നു. സമ്മേളനശാലയില്‍ സന്നിഹിതരായവരുമൊത്തുള്ള ഫോട്ടൊയ്ക്കു ശേഷം പാപ്പാ യംഗൂണിലെ അതിമെത്രാസന അരമനയിലേക്ക് പോയി. അവിടെ സെന്‍റ് മേരീസ് കത്തീദ്രലിനു സമീപം സന്നിഹിതരായിരുന്നവരെ പാപ്പാ എല്ലാവര്‍ക്കും തന്നെ കാണത്തക്കവിധത്തില്‍ സജ്ജീകരിച്ചിരുന്ന ഒരു ചെറിയ വാഹനത്തില്‍ കയറി കത്തീദ്രലിനെ വലംവച്ചുകൊണ്ട് അഭിവാദ്യം ചെയ്തു. തദ്ദനന്തരം കത്തീദ്രലില്‍ പ്രവേശിച്ച പാപ്പാ മ്യന്മാറിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.

പ്രാദേശിക കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കലായ രൂപതയുടെ മെത്രാന്‍ ഫെലിക്സ് ലിയാന്‍ ഖെന്‍ താംഗ് പാപ്പായെ കൂടിക്കാഴ്ചവേദിയിലേക്ക് ആനയിച്ചു. ശാലയില്‍ മ്യന്മാറിലെ 22 മെത്രാന്മാരും സന്നിഹിതരായിരുന്നു.

വിശ്വാസം ജീവിക്കാനും വിശ്വാസത്തിനു സാക്ഷ്യമേകാനും ശ്രമിക്കുന്ന തങ്ങള്‍ക്ക്  ധൈര്യവും സന്തോഷവും പ്രത്യാശയും പകരുന്നതാണ് പാപ്പായുടെ സന്ദര്‍ശനമെന്ന് പാപ്പായ്ക്ക് സ്വാഗതമോതിയ ബിഷപ്പ് ഫെലിക്സ് ലിയാന്‍ ഖെന്‍ താംഗ് പറഞ്ഞു.

പത്രോസ്, അതായത് , പാപ്പാ എവിടെ ഉണ്ടോ അവിടെ സഭയുണ്ട് എന്ന വിശുദ്ധ അഗസ്റ്റിന്‍റെ  വാക്കുകള്‍ അദ്ദേഹം അനുസ്മരിച്ചു. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ പാപ്പായുടെ വിശ്വസ്തസഹകാരികള്‍ ആയിരിക്കും തങ്ങളെന്ന് അദ്ദേഹം മ്യന്മാറിലെ മെത്രാന്മാരുടെ നാമത്തില്‍ പാപ്പായ്ക്ക് ഉറപ്പു നല്കി.

ബിഷ്പ്പ് ഫെലിക്സിന്‍റെ വാക്കുകളെ തുടര്‍ന്ന് പാപ്പാ മെത്രാന്മാര്‍ക്ക് സന്ദേശം നല്കി. സൗഖ്യമേകല്‍, അനുയാത്രചെയ്യല്‍, പ്രവചനം എന്നീ മൂന്നു വാക്കുകളില്‍ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ സന്ദേശം.

സൗഖ്യദായക സുവിശേഷം

നാം പ്രഘോഷിക്കുന്ന സുവിശേഷം സര്‍വ്വോപരി സൗഖ്യമേകലിന്‍റെയും അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണെന്ന് പാപ്പാ വിശദീകരിച്ചു. കുരിശിലെ ക്രിസ്തുവിന്‍റെ രക്തത്താല്‍ ലോകത്തെ തന്നോടു അനുരഞ്ജനപ്പെടുത്തിയ ദൈവം നമ്മെ ആ സൗഖ്യദായക കൃപയുടെ ദൂതരായി അയച്ചിരിക്കുന്നുവെന്നും ആഴമേറിയ പളര്‍പ്പിനെ അതിജീവിക്കാനും ദേശീയഐക്യം കെട്ടിപ്പടുക്കാനും ശ്രമിക്കുന്ന മ്യന്മാറില്‍ ഈ സന്ദേശത്തിന് പ്രത്യേക പ്രസക്തിയുണ്ടെന്നും പാപ്പാ പറഞ്ഞു.

മ്യന്മാറിലെ കത്തോലിക്കാമെത്രാന്മാരുടെ സൗഖ്യദായക ശുശ്രൂഷയുടെ സവിശേഷാവിഷ്ക്കാരം എക്യുമെനിക്കല്‍ സംഭാഷണത്തിനും മതാന്തരസഹകരണത്തിനും വേണ്ടി അവര്‍ നടത്തുന്ന യത്നങ്ങളില്‍ ദൃശ്യമാണെന്ന് പാപ്പാ അനുസ്മരിച്ചു.

അനുയാത്ര

അനുയാത്രയെന്ന ദൗത്യത്തെപ്പറ്റി പരാമര്‍ശിച്ച പാപ്പാ നല്ല ഇടയന്‍ എന്നും സ്വന്തം അജഗണത്തിനൊപ്പം ആയിരിക്കുമെന്നും അതിനെ നയിച്ചുകൊണ്ട് അതിന്‍റെ ചാരെ നടക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. പുറത്തേക്കിറങ്ങുന്ന, അതിരുകളിലേക്കു പോകുന്ന ഒരു സഭയാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നവെന്നും പാപ്പാ പറഞ്ഞു.

 പ്രവചനം

മൂന്നാമത്തെ പദമായ പ്രവചനത്തെക്കുറിച്ചു വിശദീകരിക്കവെ പാപ്പാ മ്യാന്മാറിലെ സഭ വിദ്യഭ്യാസ ഉപവിപ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശസംരക്ഷണ യത്നങ്ങള്‍ പ്രജാധിപത്യഭരണത്തിനേകുന്ന പിന്തുണ എന്നിവയിലൂടെ സുവിശേഷത്തിന് അനുദിനം സാക്ഷ്യമേകുന്നുണ്ടെന്ന് അനുസ്മരിച്ചു. സകലരുടെയും, വിശിഷ്യ, ദരിദ്രരരില്‍ ദരിദ്രരായവരുടെ, ഔന്നത്യവും അവകാശങ്ങളും ആദരിക്കപ്പെടുന്നതിനൂന്നല്‍ നല്കി ദേശീയതാല്പര്യമുള്ള പ്രശ്നങ്ങളില്‍ തങ്ങളുടെ സ്വരം കേള്‍ക്കുമാറാക്കിക്കൊണ്ട് സമൂഹത്തിന്‍റെ ജീവിതത്തില്‍ രചനാത്മക പങ്കുവഹിക്കാന്‍ പ്രാദേശിക കത്തോലിക്കാസമൂഹത്തെ കഴിവുറ്റതാക്കാന്‍ മെത്രാന്മാര്‍ക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പ്രാര്‍ത്ഥനയിലും ദൈവസ്നേഹാനുഭവത്തിലും വളരുക

മെത്രാന്മാര്‍ അവരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ ആരോഗ്യം സന്തുലിതമായി നിലനിറുത്തേണ്ടതിനെക്കുറി‍ച്ച് ഓര്‍മ്മിപ്പിച്ച പാപ്പാ അനുദിനം പ്രാര്‍ത്ഥനയിലും ദൈവത്തിന്‍റെ അനുരഞ്ജനപ്പെടുത്തുന്ന സ്നേഹത്തിന്‍റെ അനുഭവത്തിലും വളരേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി. അത് പൗരോഹിത്യ അനന്യതയുടെ അടിസ്ഥാനമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

പാപ്പായുടെ പ്രസംഗത്തെ തുടര്‍ന്ന് മെത്രാന്മാര്‍ ഓരോരുത്തരായി പാപ്പയുടെ അടുത്തുവന്ന് പരിചയം പുതുക്കി. തദ്ദനന്തരം മെത്രാന്മാരുമൊത്തുള്ള ഫോട്ടൊയെടുക്കുകയും പുറത്തേക്കു പോകുന്നവഴിക്ക് സെമിനാരിവിദ്യാര്‍ത്ഥികളുമൊത്ത് അല്പസമയം ചിലവഴിക്കുകയും അവരുമൊത്ത് ഫോട്ടൊയെടുക്കുന്നതിന് നില്ക്കുകയും ചെയ്തു. തദ്ദനന്തരം അരമനയിലേക്കുപോയ പാപ്പാ അരമനക്കപ്പേളയില്‍ വച്ച് അന്നാട്ടില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന 30 ഈശോസഭാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി.

അതോടെ പാപ്പായുടെ ബുധനാഴ്ചത്തെ (29/11/17) സന്ദര്‍ശന പരിപാടികള്‍ക്ക്    തിരശ്ശീലവീണു.  പാപ്പാ അരമനയില്‍ അത്താഴം കഴിച്ച് രാത്രി വിശ്രമിച്ചു.

ശബ്ദരേഖ ശ്രവിക്കാന്‍:








All the contents on this site are copyrighted ©.