2017-11-29 17:54:00

പാപ്പാ ഫ്രാന്‍സിസ് വിടപറയുംമുന്‍പേ! മ്യാന്മറില്‍ പ്രത്യാശ വിരിയുന്നു


പാപ്പാ ഫ്രാന്‍സിസിന്‍റെ അനുഗൃഹസാന്നിദ്ധ്യത്തില്‍
മ്യാന്മറിന്‍റെ മണ്ണില്‍ പ്രത്യാശ പൂവണിയുന്നു :

മ്യാന്മറിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം പ്രത്യാശയുടെ ഫലങ്ങള്‍ വിരിയിക്കുന്നെന്ന വാര്‍ത്ത വത്തിക്കാന്‍ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബേര്‍ക്ക് മ്യാന്മറില്‍നിന്നും സ്ഥിരീകരിച്ചു.  നവംബര്‍ 29-Ɔ൦ തിയതി ബുധനാഴ്ച രാവിലെയാണ് തലസ്ഥാന നഗരമായ നായ്പിടുവില്‍നിന്നും ഇക്കാര്യം ഗ്രെഗ് ബേര്‍ക്ക് വ്യക്തമാക്കിയത്.

പ്രത്യാശയുടെ മൂന്നു പൊന്‍കിരണങ്ങള്‍
രാഷ്ട്രത്തിന്‍റെ ഭരണകര്‍ത്താവ്, ഔങ് സന്‍ സൂകിയും വംശീയ ന്യൂനപക്ഷങ്ങളുമായി നടന്ന ഒത്തുതീര്‍പ്പു കൂടിക്കാഴ്ചയില്‍ അനുരഞ്ജനത്തിനുള്ള വ്യക്തമായ ധാരണകള്‍ ഉണ്ടായി. 2018 ജനുവരിയില്‍ മൂന്നാമത് പംഗ്ലൂങ് സമാധാന സംഗമം സംഘടിപ്പിക്കാമെന്നു സര്‍ക്കാരും വംശിയ സഖ്യങ്ങളും തമ്മില്‍ ധാരണയായി. പ്രത്യാശയുടെ ആദ്യ അടയാളമിതാണ്.

രണ്ടാമതായി, നവംബര്‍ 27-Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയ മ്യാന്മറിന്‍റെ മിലിട്ടറി കമാണ്ടര്‍, മിന്‍ ഔങ് ലായിങ് 29-Ɔ൦ തിയതി ബുധനാഴ്ച രാവിലെ “ഇനി മ്യാന്മറിന്‍റെ മണ്ണില്‍ വംശീയ വേര്‍തിരിവില്ലെ”ന്ന് പ്രസ്താവിച്ചു. ഈ പ്രസ്താവന പ്രത്യാശയ്ക്കു ഏറെ വകനല്കുന്നതാണ്. ചില വംശീയ ഗ്രൂപ്പുകളെ മിലിട്ടറി പിന്‍തുണയ്ക്കാനും മറ്റു ചിലവയെ എതിര്‍ക്കാനും രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാക്കിയിട്ടുണ്ട്.

മൂന്നാമതായി, സായുധ വംശീയ ഗ്രൂപ്പുകളുടെ സംഘത്തലവന്മാരുമായി രാഷ്ട്രത്തിന്‍റെ സംസ്ഥാന കൗണ്‍സിലര്‍,
ഔങ് സാന്‍ സൂ കി വിളിച്ചുകൂട്ടിയ അനുരഞ്ജന സംഗമത്തില്‍ 60 വര്‍ഷം പരസ്യമായും രഹസ്യമായും രാജ്യത്തു
നടമാടിയിരുന്ന സായുധ പോരാട്ടങ്ങള്‍ക്കെതിരെ ഒരു വെടിനിറുത്തല്‍ കരാറില്‍ വംശീയസഖ്യങ്ങള്‍ ഒപ്പുവച്ചതും
പ്രത്യാശയ്ക്ക് ഏറെ വകതരുന്ന സംഭവമായി സാമൂഹികവിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അനുഗൃഹപൂര്‍ണ്ണമായ പിതൃസാന്നിദ്ധ്യം
പാപ്പാ ഫ്രാന്‍സിസിന്‍റെ അനുഗ്രഹപൂര്‍ണ്ണായ പിതൃസാന്നിദ്ധ്യത്തില്‍ മ്യാന്മാറില്‍ ഉയര്‍ന്ന പ്രത്യാശയുടെ വെളിച്ചമാണിതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും വിദഗ്ദ്ധരും  നവംബര്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ ഇറക്കിയ വാര്‍ത്തയില്‍ വിലയിരുത്തി.

പംഗ്ലോങ് സംഗമത്തില്‍ ഷാന്‍ ന്യൂനപക്ഷക്കാര്‍, രാക്കൈന്‍ സംസ്ഥാനത്തെ വിവിധ മുസ്ലിം വിഭാഗങ്ങള്‍, അരാക്കന്‍ സ്വതന്ത്ര പാര്‍ടി അംഗങ്ങള്‍, രോഹിംഗ്യ സമൂഹം എന്നിവര്‍  പങ്കെടുക്കും. മേല്‍പ്പറഞ്ഞ സായുധ വംശീയ ഗ്രൂപ്പുകളുമായുള്ള കരാറും, പൊതു പ്രഖ്യാപനവുംവഴി അനുരഞ്ജനം യാഥാര്‍ത്ഥ്യമാക്കാനും സമാധാന ഉടമ്പടിക്ക് രൂപംകൊടുക്കാനുമാകുമെന്ന് പ്രത്യാശിക്കുന്നു. വംശീയ സഖ്യങ്ങളുമായി സംഘട്ടത്തിനു  നീങ്ങുന്ന സൈനീക നടപടികളെ കഴിഞ്ഞ ആഴ്ചയില്‍ മനുഷ്യാവകാശ ലംഘനമായി കണ്ട്,(UN) മ്യാന്മറിനെ യുഎന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ബര്‍മ്മയിലെ കത്തോലിക്കര്‍ക്കും ഇതര പൗരസമൂഹങ്ങള്‍ക്കും പംഗ്ലോങ് സമ്മേളനം പ്രത്യാശ പരകരുന്നതാണ്. രാജ്യാന്തര ക്രിസ്ത്യന്‍ ഉപവി പ്രസ്ഥാനങ്ങള്‍ ഇതിനിടെ രാക്കൈന്‍ സംസ്ഥാനത്തും, മനുഷ്യാവകാശ ലംഘനത്തിന്‍റെ സാഹചര്യങ്ങള്‍ ഉയര്‍ന്നിട്ടുള്ള കചിന്‍, ഷാന്‍ സമൂഹങ്ങളിലും മനുഷ്യത്വപരമായ സഹായവും മരുന്നും മറ്റു പിന്‍തുണയും നല്കാനുള്ള അനുമതി മ്യാന്മര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന വ്യക്തമാക്കി.  








All the contents on this site are copyrighted ©.