2017-11-27 12:01:00

ഭാരതത്തിനും ഭാരതീയര്‍ക്കും പാപ്പായുടെ ഭാവുകാശംസകള്‍


ഭാരതീയര്‍ക്ക് ഫ്രാന്‍സീസ് പാപ്പായുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ ആംശംസകള്‍.

തന്‍റെ ഇരുപത്തിയൊന്നാം വിദേശ അജപാലനയാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മ്യന്മാര്‍, ബംഗ്ലാദേശ് എന്നീ രണ്ടു രാജ്യങ്ങളില്‍ ആദ്യത്തെതായ മ്യാന്മാറിലേക്കു റോമില്‍ നിന്നുള്ള യാത്രാവേളയില്‍ വിമാനത്തില്‍ വച്ച് രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനയച്ച കമ്പിസന്ദേശത്തിലാണ് പാപ്പാ അദ്ദേഹത്തിനും സഹപൗരന്മാര്‍ക്കും, അതായത്, എല്ലാ ഭാരതീയര്‍ക്കും, സര്‍വ്വവിധ മംഗളങ്ങള്‍ നേരുകയും ഭാരതത്തിന് ഏകതാനതയുടെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നത്.

വിദേശരാജ്യങ്ങളിലേക്കുള്ള അപ്പസ്തോലികയാത്രാവേളകളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതെല്ലാം രാജ്യങ്ങളുടെ വ്യോമപാത ഉപയോഗപ്പെടുത്തുന്നുവൊ ആ രാജ്യങ്ങളുടെയെല്ലാം തലവന്മാര്‍ക്ക് പാപ്പാ വിമാനത്തില്‍ നിന്ന് കമ്പിസന്ദേശം അയക്കുക പതിവാണ്.

ഈ പതിവനുസരിച്ച് പാപ്പാ ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുര്‍ക്കി തുടങ്ങിയ 12 രാഷ്ട്രങ്ങളുടെ തലവന്മാര്‍ക്കും ആശംസാ-പ്രാര്‍ത്ഥനാസന്ദേശങ്ങള്‍ അയച്ചു.

ഇറ്റലി, ക്രൊവേഷ്യ, ബോസ്നിയ ഹെര്‍ത്സഗൊവീന, മോന്തനേഗ്രൊ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി, ജോര്‍ജിയ, അത്സെര്‍ബൈജാന്‍, ടര്‍ക്മെനിസ്ഥാന്‍, അഫിഖാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ്  പാപ്പായെയും അനുചരരെയയും മ്യാന്‍മാറില്‍ എത്തിച്ച വിമാനം ഉപയോഗപ്പെടുത്തിയത്.








All the contents on this site are copyrighted ©.