2017-11-25 12:57:00

പാപ്പാ സീനായ് ഭീകരാക്രമണത്തെ അപലപിക്കുന്നു


ഈജിപ്തിലെ സീനായ് പ്രവിശ്യയിലെ ഒരു മുസ്ലീംപള്ളിയില്‍ നൂറുകണക്കിനു വിശ്വാസികളുടെ ജീവനപഹരിച്ച ഭീകരാക്രമണത്തെ മാര്‍പ്പാപ്പാ അതിശക്തമായി അപലപിക്കുന്നു.

വെള്ളിയാഴ്ച (24/11/17) ബിര്‍ അല്‍ അബ്ദയിലെ അല്‍ റൗദാ പള്ളിയില്‍ നിസ്കാരവേളയില്‍ 4 വണ്ടികളിലേത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ നിറയൊഴിക്കുകയും ബോബെറിയുകയുമായിരുന്നു.

ഈ ഭീകരാക്രമണത്തില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഫ്രാന്‍സീസ് പാപ്പാ അതീവ ദുഃഖിതനാണെന്ന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഒപ്പിട്ടയച്ച അനുശോചന സന്ദേശത്തില്‍ അറിയിക്കുന്നു.

ഈജിപ്തിനെ കണ്ണീരിലാഴ്ത്തിയിരിക്കുന്ന ഈ വേളയില്‍ അന്നാട്ടിലെ ജനങ്ങളോടു പാപ്പാ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ആക്രമണത്തിനിരകളായവരെ പരമോന്നതനായ ദൈവത്തിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.

നിന്ദ്യമായ നിഷ്ഠൂര പ്രവൃത്തിയെ പാപ്പാ ആവര്‍ത്തിച്ചപലപിക്കുന്നതോടൊപ്പം വിദ്വേഷത്താല്‍ കഠിനമായ ഹൃദയങ്ങള്‍ വലിയ സഹനങ്ങള്‍ക്കു കാരണമാകുന്ന അക്രമം വെടിയുന്നതിനും സമാധാനത്തിന്‍റെ പാതപുല്‍കുന്നതിനുമുള്ള പ്രാര്‍ത്ഥനയില്‍ സന്മനസ്സുള്ള സകലരോടും ഒന്നുചേരുകയും ചെയ്യുന്നു.

അല്‍ റൗദാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഈജിപ്തില്‍ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്.

ഈജിപ്തിന്‍റെ സൈന്യം ഭീകര്‍ക്കെതിരെ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കയാണെന്ന് സൈനിക വക്താവ് തമെര്‍ അല്‍ റെഫാ വെളിപ്പെടുത്തി. ഭീകരര്‍ക്ക് “അതിഭീകര” തിരിച്ചടി നല്കുമെന്ന് ഈജിപ്തിന്‍റെ പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ അല്‍ സിസി സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിന് ഐഎസ് ഭീകരര്‍ ശ്രമിച്ചുവരികയാണ്.

 








All the contents on this site are copyrighted ©.