2017-11-20 16:12:00

തന്നോടു സംവദിക്കുന്ന മനുഷ്യനെ ദൈവം ശ്രവിക്കുന്നു


സങ്കീര്‍ത്തനം 4 –ന്‍റെ പഠനം  :

ഈ ശരണഗീതത്തിലെ പദങ്ങളുടെ വ്യാഖ്യാനം നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ആരംഭിച്ചു. ആദ്യത്തെ മൂന്നു പദങ്ങളുടെ വ്യാഖ്യനം കണ്ടു കഴിഞ്ഞു. ഈ സങ്കീര്‍ത്തനത്തിന്‍റെ ഘടയും ശൈലിയും മനസ്സിലാക്കിയതാണ്. ദൈവവും മനുഷ്യനുമായുള്ള സംവാദമാണിവിടെ. മനുഷ്യന്‍ ദൈവത്തോട് ആവലാതിപ്പെടുന്നു. ദൈവം പ്രത്യുത്തരിക്കുന്നു. ഉടനെ മനുഷ്യന്‍ മറുതല പറയുന്നു. ദൈവം വീണ്ടും ഉത്തരം നല്‍കുന്നു. സ്വാഭാവികമായും മനുഷ്യനാണ് എപ്പോഴും ദൈവത്തില്‍ ശരണപ്പെടുന്നത്. ശരണപ്പെടലിന്‍റെ ഉള്ളടക്കം മനുഷ്യന്‍റെ യാതനകളും വേദനകളുമാണ്. അവന്‍റെയും അവളുടെയും ജീവിതവ്യഥകളാണ്. നിങ്ങളുടെയും എന്‍റെയും അനുദിനജീവിത ക്ലേശങ്ങളാണ്. ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യനെ അവിടുന്ന് കൈവെടിയുകയില്ലെന്ന്  സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പറയുന്നു. ദൈവത്തിന്‍റെ മറുപടിയില്‍നിന്നും ഇതു നമുക്ക് മനസ്സിലാക്കാം. ഉദാഹരണത്തിനായി, സങ്കീര്‍ത്തനം 22-ന്‍റെ ഒരു ശരണപദം പരിശോധിക്കാം. ഒപ്പം ദൈവത്തിന്‍റെ പ്രതികരണവും. 

Recitation 1 :
എന്‍റെ ദൈവമേ, എന്‍റെ ദൈവമേ,
എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു
എന്നെ സഹായിക്കാതെയും എന്‍റെ രോദനം കേള്‍ക്കാതെയും
അകന്നു നില്ക്കുന്നതെന്തുകൊണ്ട്.
- സങ്കീര്‍ത്തനം 22, 1-2.

ശരണസങ്കീര്‍ത്തനത്തിന്‍റെ പദങ്ങള്‍ക്ക് വിലാപഗീതത്തിന്‍റെ വികാരങ്ങളോട് ഏറെ സാമ്യമുണ്ടെന്ന വസ്തുത നാം ആമുഖ പഠനത്തില്‍ സൂചിപ്പിച്ചതാണ്. ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്ന മനുഷ്യന്‍റ ശരണഭാവമാണ് ഇതില്‍ മുന്നിട്ടു നില്ക്കുന്നത്! പ്രത്യാശയോടെ ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യന് അവിടുന്നു നല്കുന്ന സുരക്ഷയുടെയും സമാധാനത്തിന്‍റെയും ആശയങ്ങളാണ് പദങ്ങളില്‍ ശക്തമായി പ്രതിഫലിക്കുന്നത്. അതുപോലെ ദേവാലയവുമായി ബന്ധപ്പെട്ട സന്തോഷത്തിന്‍റെ ആശയവും ഉണ്ടെന്നോര്‍ക്കണം. ശരണഗീതത്തിന് ദേവാലയവുമായി, അല്ലെങ്കില്‍ വിശ്വാസ സമൂഹവുമായി ബന്ധമുണ്ട്. ഇക്കാര്യം മനസ്സിലാക്കാന്‍ നമുക്ക് വീണ്ടും  22-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ മറ്റൊരു പദം, 25-Ɔമത്തെ പദം പരിശോധിക്കാം.

Recitation 2 :
മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും
അവിടുത്തെ ഭക്തരുടെ മുന്‍പില്‍ ഞാന്‍
എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.
- സങ്കീര്‍ത്തനം 22, 25.

ശരണപ്പെടുന്ന ഭക്തന് ദൈവം സ്വയം വെളിപ്പെടുത്തി കൊടുക്കുന്നുവെന്നാണ് പദങ്ങള്‍ വ്യക്തമാക്കുന്നത്. വിശ്വാസിയുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കുന്നു. ദൈവിക നന്മകള്‍ക്കുള്ള നന്ദിപറച്ചില്‍ ശരണഗീതങ്ങളില്‍ സാധാരണമാണ്. കര്‍ത്താവിലുള്ള സന്തോഷം, കര്‍ത്താവിനാല്‍ നയിക്കപ്പെടുക, ദൈവിക സാന്നിദ്ധ്യത്തില്‍ വസിക്കുക തുടങ്ങിയ വിഷയങ്ങളും ശരണ സങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. 
സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം രമേഷ് മുരളിയും സംഘവുമാണ്.

Musical Version of Ps. 4 
സകലേശനെന്‍റെ നാഥാ ഉണര്‍ത്തീടുന്നാത്മതാപം
സഹതാപമാര്‍ന്നു വേഗം ഏകീടണേ കടാക്ഷം
വിഷമങ്ങളാകെ തീരാ ദുഃഖങ്ങളായിടുമ്പോള്‍
കരുണാര്‍ദ്രനായി താതാ തന്നീടണേ സഹായം
അലിയാത്ത നെഞ്ചിനുള്ളില്‍ അഭിനാമെന്തു മനുജാ,
മറിമായ മിഥ്യ പിമ്പേ ഓടാനിതെന്തു ബന്ധം?

ഈ ശരണഗീതത്തിന്‍റെ രണ്ടു പദങ്ങള്‍ നാം കഴിഞ്ഞ ഖണ്ഡത്തില്‍ പരിചയപ്പെട്ടു. മറന്നുപോകരുത്, ഘടനയില്‍ ഈ ഗീതം ഒരു സംവാദമാണ്. ജീവിതത്തില്‍ നീതിക്കായി ദൈവത്തോട് യാചിക്കുകയും, അവിടുന്നില്‍ ശരണപ്പെടുകയും ചെയ്യുന്ന മനുഷ്യനാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് ദൈവം പ്രത്യുത്തരിക്കുന്നു. മനുഷ്യന്‍റെ ആവശ്യങ്ങള്‍ അറിയുന്ന ദൈവം. തന്‍റെ പെരുമാറ്റവും ജീവിതരീതിയും പൊള്ള വാക്കുകളുംകൊണ്ട് മനുഷ്യന്‍ ദൈവത്തിന് ചിലപ്പോള്‍ ക്ഷതമേല്പിക്കുന്നുണ്ട്. അതിനാല്‍ വ്യജമായ ജീവിതപാത വിട്ടൊഴിയാനുള്ള ആഹ്വാനമാണ് രണ്ടാമത്തെ പദത്തിലൂടെ ദൈവം നടത്തുന്നത്. 3-‍Ɔമത്തെ പദം പരിശോധിച്ചുകൊണ്ട് പഠനം തുടരാം. മനുഷ്യന്‍റെ ദൈവവുമായുള്ള സംഭാഷണം തുടരുകയാണ്. കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് ഈ ജനത്തിന്‍റെ അപേക്ഷ കേള്‍ക്കുമെന്ന പ്രത്യാശയുടെ വാക്കുകളാണ് മൂന്നാമത്തെ പദത്തില്‍ കാണുന്നത്. കാരണം നീതിയുള്ളവരെ കര്‍ത്താവു കാക്കും, അവിടുന്ന് കൈവെയിടുകയില്ല എന്ന പ്രത്യാശയിലാണ് മനുഷ്യന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നത്. അവിടുന്നില്‍ ശരണപ്പെടുന്നവരെ കര്‍ത്താവ് കൈവിടിയുകയില്ലെന്ന പ്രത്യാശയാണ് പദങ്ങളില്‍ നാം കാണുന്നത്.

Paraphrased text v. 3 :
നീതിമാന്മാരെ തനിക്കായ് തിരഞ്ഞെടുത്ത കര്‍ത്താവ്,
തിരഞ്ഞെടുക്കപ്പെട്ട ജനത്തെ കൈവെടിയുകയില്ല,
ഒരിക്കലും കൈവെടിയുകയില്ല. തന്‍റെ ജനത്തെ
ഒരിക്കലും കര്‍ത്താവ് കൈവെടിയുകയില്ല.

ദുര്‍ഭഗനായ മനുഷ്യനെ സഹായിക്കാന്‍ ദൈവത്തിനു മാത്രമേ സാധക്കൂ, എന്ന് പദങ്ങളുടെ അന്തരാര്‍ത്ഥത്തില്‍നിന്നു നമുക്കു മനസ്സിലാകും. അയാളുടെ ‘ശരണംവിളി’ ദൈവം കേള്‍ക്കും എന്ന ഉറപ്പോടെ പിന്നെയും കേണപേക്ഷിക്കുന്നു,  ഉറക്കെ നിലവിളിക്കുന്നു. മറുപടിയായി ദൈവം ചലപ്പോള്‍ തടസ്സങ്ങള്‍ പറയുമ്പോഴും, നിരാശപ്പെടുത്താതെ, പ്രത്യാശയോടെ പിന്നെയും മനുഷ്യന്‍ കേഴുന്നു, കരുയുന്നു. അതുകൊണ്ടാണ് ഗായകന്‍ പാടുന്നത്, അങ്ങു മാത്രമാണ് ആശ്രയം. അവിടുത്തെ കൃപാതിരേകം താന്‍ അനുഭവിച്ചിട്ടുള്ളതാണ്. ശത്രുക്കള്‍ എന്നെ വലയംചെയ്യുകയും, ഞെരുക്കുകയും ചെയ്തതിനാല്‍, ഞാന്‍ നിലംപരിശായപ്പോഴും അങ്ങാണ് തലയുയര്‍ത്തി നില്ക്കുവാനും, ജീവിതത്തില്‍ മുന്നേറുവാനും എനിക്കു കെല്പേകിയത്. അതിനാല്‍ ദൈവമേ, അങ്ങേ കൃപാസമൃദ്ധി ഇനിയും വര്‍ഷിക്കണമേ! സഹായിക്കാന്‍ കെല്പുള്ളവനോടും, സഹായിച്ച ദൈവത്തോടും പിന്നെയും കൃപയ്ക്കായ് യാചിക്കുന്നു. ഈ ആവര്‍ത്തനം ഒരു കിഴക്കന്‍ സാഹിത്യ ഘടനയാണ്. മലയാളത്തില്‍ നാം ‘പുനരുക്തി’യെന്നു പറയാറുണ്ട്. പുനരുക്ത പ്രയോഗം, ആവര്‍ത്തിച്ചുള്ള പ്രയോഗം നിയോഗാനുവര്‍ത്തിയാകുമ്പോള്‍ അത് പ്രസക്തമായിത്തീരുന്നു. അല്ലെങ്കില്‍ വിരസത ഉളവാക്കുവാനും ഇടയുണ്ട്. തുടര്‍ന്ന് വ്യക്തിയുടെ ശരണപ്പെടലിനോട് ദൈവം പ്രത്യുത്തരിക്കുന്നു.

 Recitation : 3
കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്.
നിങ്ങള്‍ കിടക്കയില്‍വച്ചു ധ്യാനിച്ചു മൗനമായിരിക്കുക.

4-Ɔമത്തെ പദത്തില്‍ നാം കാണുന്നത് തന്‍റെ അവകാശം, ആധിപത്യം ദൈവം പുനഃസ്ഥാപിക്കുന്നതാണ്. ശത്രുക്കള്‍ തനിക്കെതിരായി കെണിയൊരുക്കുകയും, വാദമുഖങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ കോപിച്ചാലും അതിക്രമികളാകരുത്,  തിന്മചെയ്യരുത്. അതിരുകള്‍ കടക്കാതിരിക്കാന്‍, കിടക്കയില്‍നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പുതന്നെ ധ്യാനപൂര്‍വ്വകമായ തീരുമാനങ്ങള്‍ എടുത്തിരിക്കണം. മൗനം പാലിക്കാനുള്ള നിര്‍ദ്ദേശം സൂചിപ്പിക്കുന്നത് പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാതെ മാന്യത പുലര്‍ത്തണമെന്നാണ്. സങ്കീര്‍ത്തകനും തന്‍റെ എതിരാളികളും പ്രാര്‍ത്ഥനയ്ക്കായ് ദേവാലയത്തിലാണ്, ദൈവസന്നിധിയിലാണ്. ഉചിതമായ ബലി സൂചിപ്പിക്കുന്നത് ‘നീതിയുടെ ബലി’യാണ്.  ദൈവത്തിന്‍റെ നീതി അംഗീകരിക്കുന്നതിന്‍റെ പ്രതീകമായി, നീതിയുടെ ബലി ദേവാലയത്തില്‍ അര്‍പ്പിക്കുന്നതോടൊപ്പം, മനുഷ്യന്‍ ദൈവത്തില്‍ ശരണവും പ്രത്യാശയും ഉണ്ടാവണം എന്നാണ് ഇതിനര്‍ത്ഥം.

വ്യക്തിഗത ശത്രുതയും പീഡനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകാമെങ്കിലും, ദൈവികനീതിക്ക് എതിരായി പെരുമാറുവാനോ സംസാരിക്കുവാനോ ഇടയാവരുത്. ദൈവകല്പനകള്‍ക്കെതിരായി പാപംചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണീ വചനം സൂചിപ്പിക്കുന്നത്. സങ്കീര്‍ത്തകന്‍ ഉദ്ദ്യേശിക്കുന്നത്, കല്പനകള്‍ നിര്‍ദ്ദേശിക്കുന്ന നീതിയുടെ ബലികള്‍ അര്‍പ്പിച്ചുകൊണ്ട്, സമൂഹത്തോട് ചേര്‍ന്നുനില്ക്കണമെന്നും, കര്‍ത്താവില്‍ ആശ്രയിച്ചു ജീവിക്കണമെന്നും പദങ്ങള്‍ ആഹ്വാനംചെയ്യുന്നു. കര്‍ത്താവിന്‍റെ നീതി വാക്കിലും പ്രവൃത്തിയിലും പാലിക്കണം, എന്നാണ് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നത്. മനുഷ്യന്‍ ശക്തനും നീതിമാനുമെന്നു നടിച്ച്, കര്‍ത്താവിന്‍റെ കല്പനകള്‍ പാലിക്കാതിരിക്കുകയും, നീതിയുടെ വഴിയില്‍ ചരിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് നീതിമാനും പരിപാലകനുമായ ദൈവത്തിലുള്ള ശരണമില്ലായ്മയായിരിക്കും.

Musical Version of Ps. 4
ഭയഭക്തിയാര്‍ന്ന സുതരെ ദൈവം കനിഞ്ഞു താങ്ങും
വിരവില്‍ വിളിച്ചിടുമ്പോള്‍ കാതോര്‍ത്തു കേള്‍ക്കുമീശന്‍
മനുജാ നിറഞ്ഞ ഭക്തി പരമാര്‍ത്ഥമാക്കിടേണം
എതിരേവരുന്നദേഷം അതിയായ് വെറുത്തിടേണം
മനനം നടത്തി ശാന്തം ധ്യാനത്തിലാഴ്ന്നിടേണം
കിടന്നീടുമക്ഷണത്തില്‍ പരിചിന്ത്യനായ് ശയിക്കൂ!








All the contents on this site are copyrighted ©.