2017-11-18 13:33:00

ശാസ്ത്രം മനുഷ്യവ്യക്തിയെ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിക്കണം-പാപ്പാ


യഥാര്‍ത്ഥ പുരോഗതിയുടെ അളവുകോല്‍ അതു മനുഷ്യനു ലക്ഷ്യം വയ്ക്കുന്ന നന്മയാണെന്ന് മാര്‍പ്പാപ്പാ.

സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ 15 മുതല്‍ 18 വരെ (18-18/11/17) ചേര്‍ന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ 80ലേറെപ്പേരുടെ സംഘത്തിന് വത്തിക്കാനില്‍ ശനിയാഴ്ച (18/11/17) അനുവദിച്ച ദര്‍ശനവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ശാസ്ത്രസാങ്കേതികരംഗങ്ങളിലുണ്ടായിരിക്കുന്ന വിസ്മയകരങ്ങളായ പുരോഗതികളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

നാമിന്നുവരെ അറിഞ്ഞിട്ടുള്ള മനുഷ്യനെ ഉല്ലംഘിക്കുന്ന പുതിയൊരു മനുഷ്യജീവി ജന്മംകൊള്ളുകയും ഒരു പുത്തന്‍ യുഗത്തിന് തുടക്കമാകുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ സാങ്കേതിക പുരോഗതികളാണ് ഉണ്ടായിരിക്കുന്നതെന്ന് പറയുന്ന പാപ്പാ അവയെ മൂന്നാക്കി തിരിക്കുന്നു.

മനുഷ്യജീവികളുടെ നൈസര്‍ഗ്ഗിക ഭാവങ്ങളില്‍ മാറ്റം വരത്തക്കവിധം മുന്‍ക്കൂട്ടി സംവിധാനം ചെയ്യുന്നതിനുള്ള സാധ്യതകള്‍ വരെ നല്‍കുന്നതും നാളിതുവരെ മാറാരോഗമെന്നു കരുതിയിരുന്നവയെ ഇല്ലായ്മചെയ്യുന്നതിന് നമ്മെ പ്രാപ്തരാക്കുന്നതുമായ തരത്തില്‍ ജനിതകഘടനയില്‍ത്തന്നെ മാറ്റം വരുത്തത്തക്കവിധം വൈദ്യശാസ്ത്ര-ജനിതകശാസ്ത്ര രംഗത്ത് ഉണ്ടായിരിക്കുന്ന പുരോഗതിയാണ് ഇവയില്‍ ഒന്ന്.

മനുഷ്യന്‍റെ മസ്തിഷ്ക്കത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങളേകാന്‍ കഴിയുന്ന നാഢീവ്യൂഹശാസ്ത്രരംഗത്തുണ്ടായിരിക്കുന്ന വളര്‍ച്ചയാണ് മറ്റൊന്നു.

‌യന്ത്രമനുഷ്യന്‍, അനുദിനകാര്യങ്ങള്‍ മനുഷ്യന്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ കഴിയുന്ന യന്ത്രങ്ങളു‍ടെ നിര്‍മ്മാണരംഗത്തുണ്ടായിട്ടുള്ള പുരോഗതിയാണ് ഇവയില്‍ അവസാനത്തേത്.

ഈ ശാസ്ത്ര നേട്ടങ്ങളെല്ലം, ശാസ്ത്രീയ സാങ്കേതിക രംഗങ്ങളിലുണ്ടായിട്ടുള്ള പുരോഗതികള്‍, പ്രകൃതിയെക്കുറിച്ച്, പ്രത്യേകിച്ച് മനുഷ്യവ്യക്തിയെക്കുറിച്ച് ഉള്ള അറിവുകള്‍ ആഴപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട് എന്നിരുന്നാലും എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്കാന്‍ അവയ്ക്ക് തനിച്ച് സാധിക്കില്ല എന്ന് വിശദീകരിക്കുന്നു.

ആകയാല്‍ ശാസ്ത്രം മനുഷ്യവ്യക്തിയുടെ കേന്ദ്രസ്ഥാനം കണക്കിലെടുക്കുകയും സൃഷ്ടിയുമായി ഏകതാനമായ ഒരു ബന്ധം സ്ഥാപിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സാങ്കേതിമായി സാധ്യമായതെല്ലാം ധാര്‍മ്മികമായി സ്വീകാര്യമായിരിക്കണമെന്നില്ല എന്ന തത്വവും പാപ്പാ ഊന്നിപ്പറയുന്നു.

മനുഷ്യന്‍റെ ഏതൊരു പ്രവര്‍ത്തനത്തെയും പോലെതന്നെ ശാസ്ത്രത്തിനും അതിരുകളും ധാര്‍മ്മിക ഉത്തരവാദിത്വവും ഉണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.  








All the contents on this site are copyrighted ©.