2017-11-15 10:25:00

''യു എസ് മെത്രാന്‍സമിതിയുടെ സഭാശുശ്രൂഷ ശ്ലാഘനീയം'': കര്‍ദിനാള്‍ പരോളിന്‍


അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്‍സമിതി രൂപീകരണത്തിന്‍റെ ശതാബ്ദിയോനുബന്ധിച്ചുള്ള ബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ട്, നവംബര്‍ പന്ത്രണ്ടാം തീയതി, ഞായറാഴ്ചയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍. 

ഏറെ സന്തോഷകരമായ ഈ വേളയില്‍ പരിശുദ്ധപിതാവിന്‍റെ പ്രാര്‍ഥനാശംസകള്‍ അറിയിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാരംഭിച്ച വചനസന്ദേശത്തില്‍, ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സഹനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മെത്രാന്‍സമിതിയുടെ രൂപീകരണം, ശരിയായ ജ്ഞാനത്തോടും പരിശുദ്ധാത്മനിറവോടും കൂടിയതായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.  ജീവനോടുള്ള ആദരവിലൂടെയും വിവിധങ്ങളായ കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും സുവിശേഷത്തിന്‍റെ വിജ്ഞാനവും സന്തോഷവും പ്രസരിപ്പിക്കുന്ന ഈ മെത്രാന്‍സമിതിയുടെ ഒരു നൂറ്റാണ്ടുകാലത്തെ സഭാസേവനത്തെ കര്‍ദിനാള്‍ പ്രത്യേകം ശ്ലാഘിക്കുകയും പ്രാര്‍ഥനാശംസകള്‍ നേരുകയും ചെയ്തു.

സ്വര്‍ഗാരോപിത നാഥയുടെ നാമത്തിലുള്ള ബാള്‍ട്ടിമോറിലെ ബസിലിക്കയായിരുന്നു ബലിയര്‍പ്പണവേദി. ബുധനാഴ്ചവരെ നീണ്ടുനില്‍ക്കുന്ന മെത്രാന്‍സമിതിയുടെ പ്ലീനറി സമ്മേളനത്തിന്‍റെ സമാരംഭവും ഇതോടൊപ്പമായിരുന്നു.

 








All the contents on this site are copyrighted ©.