2017-11-11 12:02:00

‘‘ആണവായുധരഹിതലോകം, നമ്മുടെ പ്രതീക്ഷ’’: കര്‍ദി. ടര്‍ക്സണ്‍


'ആണവായുധരഹിതലോകം' എന്ന വിഷയവുമായി നവംബര്‍ 10-11 തീയതികളില്‍ നടക്കുന്ന വത്തിക്കാന്‍ അന്തര്‍ദേശീയ സിംപോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്കു സ്വാഗതമാശംസിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു, സിംപോസിയം സംഘടിപ്പിച്ച സമഗ്രമാവനവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ തലവനായ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍. 

‘‘മനുഷ്യര്‍ പരസ്പരവും പ്രകൃതിയോടും ചെയ്യുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍, ഭൂമി ആണവായുധങ്ങളുടെ കൂമ്പാരത്തിന്‍ മേലായിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നിങ്ങനെ അനുദിനവും ഭീകരവാര്‍ത്തകളാകുന്ന ബോംബുവര്‍ഷം നമ്മുടെ മേല്‍ വര്‍ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, ഈ രണ്ടുദിനങ്ങളിലായി, സദ്വാര്‍ത്ത പങ്കുവയ്ക്കുന്നതിനു നാമിവിടെ എത്തിയിരിക്കുന്നു’’ എന്ന ആമുഖ വചനത്തോടെ ആരംഭിച്ച സ്വാഗതപ്രസംഗത്തില്‍, ‘‘ആണവായുധരഹിതമായ ഒരു ലോകത്തെ പ്രതീക്ഷിക്കാന്‍ നാമിവിടെ ധൈര്യപ്പെടുകയാണ്’’ എന്ന് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു. സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള അഗാധമായ ആഗ്രഹം മാനവഹൃദയ ത്തില്‍നിന്നുയരുന്ന ഒന്നാണെന്നും അതിനാല്‍, ആണവായുധങ്ങളെന്ന ആഗോളപ്രശ്നം രാഷ്ട്രങ്ങളെയും, ഭാവിതലമുറകളെയും ഒന്നാകെ ദുരന്തത്തിലാഴ്ത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘സമാധാന സ്രഷ്ടാക്കള്‍ ഭാഗ്യവാന്മാര്‍’’ (മത്താ 5:9) എന്ന സുവിശേഷവചനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ സ്വാഗത വചനങ്ങള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.