2017-11-11 13:21:00

ഫലദായക ദാമ്പത്യസ്നേഹം വ്യക്തിമാഹാത്മ്യവാദത്തിന് മറുമരുന്ന്


സദാ ആദരിക്കപ്പെടേണ്ട മന:സ്സാക്ഷിയുടെ പ്രാഥമ്യവും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട വ്യക്തിയുടെ സ്വയംനിര്‍ണ്ണായകാവകാശവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന അപകടം ഇന്നത്തെ ലോകത്തിലുണ്ടെന്ന് മാര്‍പ്പാപ്പാ.

താന്‍ പുറപ്പെടുവിച്ച “സ്നേഹത്തിന്‍റെ സന്തോഷം” അഥവാ “അമോരിസ് ലെത്തീസിയ” (AMORIS LETITIA) എന്ന സിനഡാനന്തര അപ്പസ്തോലികോപദേശത്തെ അധികരിച്ച് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍സംഘം റോമില്‍ ശനിയാഴ്ച (11/11/17) സംഘടിപ്പിച്ച മൂന്നാം ചര്‍ച്ചായോഗത്തിനു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അപകടസൂചനയേകിയിരിക്കുന്നത്.

“സ്നേഹത്തിന്‍റെ സുവിശേഷം മന:സ്സാക്ഷിക്കും നിയമത്തിനും മദ്ധ്യേ” എന്ന പ്രമേയം ഈ ചര്‍ച്ചായോഗം സ്വീകരിച്ചിരിക്കുന്നതിന്‍റെ സാംഗ്യത്യം പാപ്പാ എടുത്തുകാട്ടുകയും കുടുംബത്തിന്‍റെ ക്ഷേമം ലോകത്തിന്‍റെയും സഭയുടെയും ഭാവിയെസംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.

കുടുംബജീവിതത്തിലെ ഫലദായകമായ ദാമ്പത്യസ്നേഹം വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തമാഹാത്മ്യവാദത്തിനുള്ള മറുമരുന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ആകയാല്‍ സുവിശേഷം ജീവിതത്തില്‍ സമൂര്‍ത്തമാക്കിത്തീര്‍ക്കുന്നതിനുള്ള യത്നത്തില്‍ ദമ്പതികള്‍ക്ക്, മാതാപിതാക്കള്‍ക്ക് സഹായഹസ്തമേകുകയെന്ന കടമയെക്കുറിച്ച് പാപ്പാ സഭാംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ആത്മാരാധനയുടെ അള്‍ത്താരയില്‍ സ്നേഹബന്ധങ്ങളെ ബലികഴിക്കുന്ന അപകടത്തെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ ഈ മനോഭാമുള്ളവന്‍ ദര്‍പ്പണത്തില്‍ സ്വന്തം വദനം നോക്കി നില്ക്കുകയും അപരനിലേക്കും ലോകത്തിലേക്കും നയനങ്ങള്‍ തിരിക്കാന്‍ കഴിവില്ലാത്തവനായി പരിണമിക്കുകയും ചെയ്യുമെന്നു പറഞ്ഞു.

ഈ മനോഭാവത്തിന്‍റെ ഫലം മനഷ്യജീവിതത്തില്‍ സ്നേഹബന്ധങ്ങളെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമാണെന്നും ഇത് ആത്മാവിനെ ദുഷിപ്പിക്കുകയും മനസ്സുകളെയും ഹൃദയങ്ങളെയും ആശയക്കുഴപ്പത്തിലാക്കുകയും വ്യാമോഹങ്ങള്‍ക്ക്  ജന്മമേകുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

മനുഷ്യന്‍റെ ഏറ്റം രഹസ്യമായ ഉള്ളറയും ദിവ്യസ്ഥാനവുമാണ് മന:സ്സാക്ഷിയെന്നും അവിടെ ആരുടെ സ്വരം പ്രതിധ്വനിക്കുന്നുവോ ആ ദൈവത്തോടുകൂടി അവന്‍ ഏകനായിരിക്കുന്നുവെന്നും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭ ആധുനികലോകത്തില്‍ എന്ന പ്രമാണരേഖയിലൂടെ ഉദ്ബോധിപ്പിക്കുന്നത് അനുസ്മരിച്ച പാപ്പാ ഇത്തരമൊരു ശ്രീകോവിലില്‍ ദൈവികാനുഗ്രഹത്തിന്‍റെ അഭാവമില്ലാതിരിക്കാന്‍ ജാഗ്രതപാലിക്കുകയെന്ന കടമ ക്രൈസ്തവനുണ്ടെന്നും ഈ കൃപ ദാമ്പത്യജീവിതത്തെയും മാതാപിതാക്കള്‍ക്കടുത്ത ദൗത്യത്തെയും പ്രബുദ്ധമാക്കുകയും പ്രബലമാക്കുകയും ചെയ്യുമെന്നും  പറഞ്ഞു.








All the contents on this site are copyrighted ©.