2017-11-11 13:44:00

ദൈവിക ദാനമായ ജീവനെ സ്വീകരിക്കുക-പാപ്പാ


അപരിമേയ ദൈവിക ദാനമായ ജീവനെ അതിന്‍റെ വശ്യതയാര്‍ന്ന സകലവിധ സമ്പന്നതയോടുംകൂടെ സ്വീകരിക്കാന്‍ കഴിയട്ടെയന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

ഇറ്റലിയിലെ മിലാന്‍ പട്ടണത്തില്‍ ജീവനെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

മനുഷ്യ ജീവന്‍റെ മൂല്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന് ഈ സമ്മേളനം സഹായകമാകട്ടെയെന്നും പാപ്പാ ആശംസിക്കുന്നു.

ജീവന് സഹായഹസ്തം നീട്ടുന്ന കേന്ദ്രങ്ങളും പാവപ്പെട്ടവര്‍ക്കായുള്ള ഭവനങ്ങളും സംഘടിപ്പിച്ചിരിക്കുന്ന ഈ ത്രിദിന മുപ്പത്തിയേഴാം വാര്‍ഷികസമ്മേളനം ഈ ഞായറാഴ്ച(12/11/17) സമാപിക്കും.

സ്വാര്‍ത്ഥതയുടെ അതിരുകളെ ഉല്ലംഘിച്ച് ജീവനിലേക്ക് സ്വയം തുറക്കുന്നത് എത്ര മനോഹരവും യുക്തവുമാണെന്ന് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്വാല്‍ത്തിയേരൊ ബസേത്തി സമ്മേളനത്തിനയച്ച സന്ദേശത്തില്‍  പറയിന്നു. ജീവന്‍ അഭൗമികദാനമാണെങ്കിലും അതിന് യേശുവിന്‍റെ ഗിരിപ്രഭാഷണത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലുള്ള, ഭൗതികസഹായങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു തന്‍റെ സന്ദേശത്തില്‍. 








All the contents on this site are copyrighted ©.