2017-11-08 19:27:00

ഫിലിപ്പീന്‍സിലെ കത്തോലിക്ക യുവജനസംഗമത്തിന് തുടക്കമായി


തെക്കു-പടിഞ്ഞാറന്‍ സംമ്പൊവാങ്ക ദ്വീപില്‍...  ദേശീയ കത്തോലിക്ക യുവജനസംഗമം. 

നവംബര്‍ 6-മുതല്‍ 10-വരെയുള്ള തിയതികളിലാണ് ഫിലിപ്പീന്‍സിലെ ഇക്കൊല്ലത്തെ ദേശീയ യുവജനസംഗമം നടക്കുന്നത്.
തെക്കു-പടിഞ്ഞാറന്‍ ദ്വീപായ സംമ്പൊവാങ്കയിലെ മീന്തനോയിലാണ് രാജ്യത്തെ 2500-ല്‍പ്പരം കത്തോലിക്ക യുവജനങ്ങള്‍
ഇക്കുറി സംഗമിക്കുന്നത്.

ഫിലിപ്പീന്‍സ് ഒരു ജനാധിപത്യ രാഷ്ട്രമാണെങ്കിലും മിലിട്ടറി നിയമം നിലവിലുള്ള സംമ്പൊവാങ്ക ദ്വീപില്‍ സ്വാതന്ത്ര്യത്തിന്‍റെ സന്ദേശവുമായിട്ടാണ് കത്തോലിക്ക യുവജനങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്.  ദ്വീപിലെ ഭരണപക്ഷത്തോട് ഇസ്ലാം മൗലികവാദികള്‍ കൂട്ടുപിടിച്ചാണ് സംമ്പൊവാങ്കയില്‍ മിലിട്ടറി നിയമമിന്ന് നടമാടുന്നത്.  

യുവജനങ്ങള്‍ മാറ്റത്തിന്‍റെയും നവീകരണത്തിന്‍റെയും പ്രയോക്താക്കളാകണമെന്ന സന്ദേശവുമായിട്ടാണ് അഞ്ചുദിവസത്തെ
ദേശീയ യുവജനസംഗമം നടക്കുന്നത്. യുവത്വത്തിന്‍റെ മനോഹാരിത ആസ്വാദിക്കാനും, മനുഷ്യന്‍റെ ആത്മീയചേതന നന്മയ്ക്കുള്ള ചാലകശക്തിയായി ഉള്‍ക്കൊണ്ട് സമൂഹത്തില്‍ മാറ്റത്തിന്‍റെ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ യുവജനങ്ങള്‍ക്ക് കരുത്തുണ്ടെന്ന് സംഗമത്തിന് നേതൃത്വം നല്കുന്ന സ്ഥലത്തെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് റോമുളോ തൊലന്തീനോ പ്രസ്താവിച്ചു. കൂട്ടായ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും ദൈവത്തെ അറിയുന്ന യുവജനങ്ങള്‍ ആ നന്മയും സ്നേഹവും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്കാന്‍ ഇടയാകുമെന്നും ആര്‍ച്ചുബിഷപ്പ് റോമുളോ നവംബര്‍ 8-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.