2017-11-08 12:51:00

ദിവ്യകാരുണ്യം: നന്ദിപ്രകാശനം - പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


അരുണകിരണൊളിപരന്നിരുന്നെങ്കിലും ശൈത്യത്തിന്‍റെ കാഠിന്യം അനുഭവപ്പെട്ട ഒരു ദിനമായിരുന്ന ഈ ബുധനാഴ്ച (08/11/17).  വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണമായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി. വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങള്‍ ഇതില്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കാഗതനായ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു, പാപ്പായെ ഒരു നോക്കു കാണാന്‍ കഴിഞ്ഞതിലുള്ള ആനന്ദമറിയിച്ചു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. മന്ദസ്മിതത്താലും ആംഗ്യങ്ങളാലും ചിലപ്പോള്‍ വാക്കുകളാലും ജനങ്ങളുമായി സംവദിച്ച പാപ്പാ പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ അതില്‍നിന്ന് ഇറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.48 ഞാന്‍ ജീവന്‍റെ അപ്പമാണ്. 49 നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ചു മന്ന ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. 50 ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നുവന്‍ മരിക്കയില്ല. 51 സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്. (യോഹന്നാന്‍ 06,47-51)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ച് ഒരു പ്രബോധന പരമ്പര  ആരംഭിച്ചു.

പ്രഭാഷണസംഗ്രഹം:

സഭയുടെ “ഹൃദയത്തി”ലേക്ക്, അതായത് വിശുദ്ധ കുര്‍ബ്ബാനയിലേക്ക് നമ്മുടെ നയനങ്ങളെ തിരിക്കുന്ന പുതിയ പരമ്പര ഇന്ന് നാം ആരംഭിക്കുകയാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ പൂര്‍ണ്ണതയോടെ എന്നും ജീവിക്കുന്നതിനു വിശുദ്ധ കുര്‍ബ്ബാനയുടെ മൂല്യവും പൊരുളും നന്നായി മനസ്സിലാക്കേണ്ടത് ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം മൗലികമാണ്.

ലോകമഖിലം, 2000 വര്‍ഷത്തെ ചരിത്രത്തില്‍, ദിവ്യകാരുണ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ജീവന്‍വരെ ത്യജിച്ച വലിയൊരുകൂട്ടം ക്രൈസ്തവരെ നമുക്കു മറക്കാനാകില്ല. ഞായറാഴ്ചത്തെ വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നതിന് ഇന്നും എത്രയോ പേര്‍ ജീവന്‍ അപകടപ്പെടുത്തുന്നു. മൂന്നൂറ്റിനാലാമാണ്ടില്‍, ഡയൊക്ലീഷന്‍റെ മതപീഢനകാലത്ത്, ഉത്തരാഫ്രിക്കയില്‍ ഒരു സംഘം ക്രൈസ്തവര്‍, ഒരു ഭവനത്തില്‍ വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കെടുക്കവെ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. തീര്‍ത്തും നിരോധിക്കപ്പെട്ടിരുന്നിട്ടും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചതും അതില്‍ പങ്കെടുത്തതും എന്തിനാണെന്ന് റോമന്‍ സാമ്രാജ്യത്തിന്‍റെ  ഉപസ്ഥാനപതി അവരോടു ചോദിച്ചു. അതിന് അവരുടെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു: ”ഞായറാഴ്ച കൂടാതെ ഞങ്ങള്‍ക്ക് ജീവിക്കാനാകില്ല”. ഈ വാക്യം കൊണ്ട് അവര്‍ ഉദ്ദേശിച്ചത് വിശുദ്ധകുര്‍ബ്ബാനയുടെ ആഘോഷമില്ലെങ്കില്‍ അവര്‍ക്ക്  ജീവിക്കാനാകില്ലയെന്നും, അവരുടെ ക്രിസ്തീയ ജീവിതം മൃതമാകുമെന്നുമായിരുന്നു. 

വാസ്തവത്തില്‍ യേശു ശിഷ്യരോടരുളിച്ചെയ്തു: “നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു   ജീവനുണ്ടായിരിക്കില്ല. 54 എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും”(യോഹന്നാന്‍ 6:53-54).

ഉത്തരാഫ്രിക്കയിലെ ഈ ക്രൈസ്തവര്‍ വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തിന്‍റെ പേരില്‍ വധിക്കപ്പെട്ടു. മരണത്തിന്‍റെമേല്‍ ക്രിസ്തു വരിച്ച വിജയത്തില്‍  നമ്മെ പങ്കുചേര്‍ത്തുകൊണ്ട്. നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ദിവ്യകാരുണ്യത്തെപ്രതി ഐഹികജീവിതം വെടിയാന്‍ സാധിക്കുമെന്നതിന് അവര്‍ സാക്ഷ്യമേകി. ഈ സാക്ഷ്യം നാമെല്ലാവരെയും ആഹ്വാനം ചെയ്യുകയും നമ്മെ ഓരോരുത്തരേയും സംബന്ധിച്ചി‌ടത്തോളം ദിവ്യയാഗത്തില്‍ പങ്കുചേരുകയും കര്‍ത്താവിന്‍റെ വിരുന്നിന് പോകുകയും ചെയ്യുന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് നമ്മോടു ചോദിക്കുകയും ചെയ്യുന്നു. നിത്യജീവന്‍  ഉണ്ടാകേണ്ടതിനാവശ്യമായ ജീവന്‍റെ  ജലം നിര്‍ഗ്ഗമിക്കുന്ന ആ ഉറവ നാം അന്വേഷിക്കുന്നുണ്ടോ?  നമ്മുടെ ജീവിത്തെ സ്തുതിയുടെയും കൃതജ്ഞതയുടെയും ആത്മീയബലിയാക്കിമാറ്റുന്ന, ക്രിസ്തുവിന്‍റെ  ഏകശരീരമായി നമ്മെ മാറ്റുന്ന ആ ഉറവ നാം അന്വേഷിക്കുന്നുണ്ടോ? കൃതജ്ഞതയര്‍പ്പിക്കലാണ് ദിവ്യകാരുണ്യത്തിന്‍റെ അഗാധപൊരുള്‍. നമ്മെ പങ്കുചേര്‍ക്കുകയും തന്‍റെ സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ദൈവപിതാവിനോടും പുത്രനോടും പരിശുദ്ധാരൂപിയോടും നന്ദിപ്രകാശിപ്പിക്കലാണത്.

ദൈവത്തിന്‍റെ സ്നേഹം വിശുദ്ധകുര്‍ബ്ബാനയെന്ന വിശ്വാസത്തിന്‍റെ ഈ രഹസ്യംവഴി എപ്രകാരം പ്രകാശിതമാകുന്നുവെന്ന് വീണ്ടും കണ്ടെത്തുകയോ കണ്ടെത്തുകയോ ചെയ്യുന്നതിനുവേണ്ടി ദിവ്യകാരുണ്യത്തെക്കുറിച്ച്, കുര്‍ബ്ബാനയെക്കുറിച്ചുള്ള സുപ്രധാനങ്ങളായ ചില ചോദ്യങ്ങള്‍ക്ക് ഇനിവരുന്ന പ്രബോധനങ്ങളില്‍ ഉത്തരമേകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വിശ്വാസത്തിന്‍റെ മഹാത്മ്യവും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ മനോഹാരിതയും മനസ്സിലാക്കുന്നതിന് ക്രൈസ്തവരെ സഹായിക്കുകയെന്ന ശക്തമായ അഭിവാഞ്ഛയാലാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നയിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ, പരിശുദ്ധാരൂപിയുടെ സഹായത്തോടുകൂടി, ഒരു ആരാധനാക്രമ നവീകരണം, സര്‍വ്വോപരി, ആവശ്യമായരുന്നു, സഭ വിശുദ്ധ കുര്‍ബ്ബാനയാല്‍ എന്നും ജീവിക്കുന്നതിനും നവീകരിക്കപ്പെടുന്നതിനും വേണ്ടിയാണത്.

യഥാര്‍ത്ഥ നവീകരണത്തിന് വിശ്വാസികളുടെ ആരാധനക്രമപരിശീലനം അനിവാര്യമാണെന്ന് സൂനഹദോസ് പിതാക്കന്മാര്‍ ഊന്നിപ്പറഞ്ഞിരുന്നു. ആകയാല്‍ നാം ഇന്നാരംഭിക്കുന്ന പ്രബോധന പരമ്പരയുടെ ലക്ഷ്യം ദിവ്യകാരുണ്യത്തില്‍ നമുക്കു നല്കപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ മഹാദാനത്തെക്കുറിച്ചുള്ള അറിവില്‍ വളരുകയെന്നതാണ്.

ദിവ്യകാരുണ്യം, യേശുക്രിസ്തു നമ്മുടെ ജീവിതത്തില്‍ സന്നിഹിതമാകുന്ന വിസ്മയകരമായ ഒരു സംഭവമാണ്. വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കുചേരുകയെന്നാല്‍ കര്‍ത്താവിന്‍റെ രക്ഷാദായക പീഢാസഹനമരണങ്ങള്‍ ഒരിക്കല്‍കൂടി ജീവിക്കലാണ്. കര്‍ത്താവു നമ്മോടുകൂടെയുണ്ട്. അവിടന്ന് സന്നിഹിതനാണ്. എന്നാല്‍ ‍ വൈദികന്‍ ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ നാം അവിടെ പോകുന്നു,  പലപ്പോഴും കാഴ്ചക്കാരായി നില്ക്കുകയാണ്, കാഴ്ചകാണുകയാണ് ചെയ്യുന്നത്, ദിവ്യപൂജാര്‍പ്പണത്തിനിടയ്ക്ക് നാം പരസ്പരം സംസാരിക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രത്തലവന്‍, അല്ലെങ്കില്‍ വിശിഷ്ട വ്യക്തി, വരുകയാണെന്നിരിക്കട്ടെ, അദ്ദേഹത്തിന്‍റെ ചാരത്തായിരിക്കാനും, അദ്ദേഹത്തെ അഭിവാദ്യംചെയ്യാനും എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ നീ കുര്‍ബ്ബനയ്ക്കു പോകുമ്പോഴത്തെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. അവിടെ കര്‍ത്താവുണ്ട്. എന്നിരുന്നാലും നിന്‍റെ ശ്രദ്ധ പതറിയിരിക്കുന്നു. എന്നാല്‍, സന്നിഹിതാനായ കര്‍ത്താവിനെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

ചില ലളിത ചോദ്യങ്ങള്‍ നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി എന്തിനാണ് കുരിശടയാളം വരയ്ക്കുന്നത്? വിശുദ്ധകുര്‍ബ്ബാനയുടെ ആരംഭത്തില്‍ അനുതാപ ശുശ്രൂഷ എന്തിനാണ്. കുഞ്ഞുങ്ങള്‍ കുരിശുവരയ്ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതു കുരിശടയാളമാണോ അതോ വെറും വരകളാണോ? ശരിയായി കുരിശുവരയ്ക്കാന്‍ പഠിക്കണം, കുഞ്ഞുങ്ങളെ പഠിപ്പിക്കണം. കുരിശടയാളം ദ്യോതിപ്പിക്കുന്നത് കര്‍ത്താവിന്‍റെ കുരിശിനാല്‍ നാം രക്ഷിക്കപ്പെട്ടുവെന്നാണ്. ഞായറാഴ്ചകളില്‍ വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വേദപുസ്തകത്തില്‍ നിന്നുള്ള മൂന്നുവായനകളും ഇടദിവസങ്ങളില്‍ രണ്ടുവായനകളുമാണുള്ളത്. ഇതെന്തുകൊണ്ടാണ്?

ദിവ്യപൂജവേളയില്‍ പുരോഹിതന്‍ പറയുന്നു: “നമ്മുടെ ഹൃദയങ്ങള്‍ കര്‍ത്താവിങ്കലേക്കുയര്‍ത്താം” എന്ന്. ഇതെന്തുകൊണ്ടാണ്?  ചിത്രമെടുക്കുന്നതിന് സെല്ലുലാര്‍ ഫോണുകള്‍ ഉയര്‍ത്താനല്ല വൈദികന്‍ പറയുന്നത്. ഞാന്‍ ഈ ചത്വരത്തിലോ ബസിലിക്കയിലോ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ കാണാറുണ്ട് നിരവധിപ്പേര്‍ സെല്ലുലാര്‍ ഫോണുകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. അല്മായവിശ്വാസികള്‍ മാത്രമല്ല ചില വൈദികരും മെത്രാന്മാരും അപ്രകാരം ചെയ്യുന്നുണ്ട്. ദയവുചെയ്ത് വിശുദ്ധകുര്‍ബ്ബാനര്‍പ്പണത്തെ ഒരു പ്രദര്‍ശനമായി കാണാതിരിക്കുക. അത് കര്‍ത്താവിന്‍റെ പീഢാസഹനവും ഉത്ഥാനവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം അണയുന്നതാണ്.

യേശുവിന്‍റെ ശരീരത്തില്‍ ആണികളേല്‍പ്പിച്ച മുറിവുകള്‍ കാണാനും തൊടാനും വിശുദ്ധ തോമാശ്ലീഹാ കര്‍ത്താവിനോടാവശ്യപ്പെട്ടത് നാമെല്ലാവരുടെയും ആവശ്യമാണ്. അവിടത്തെ തിരിച്ചറിയുന്നതിന് അവിടത്തെ കാണുകയും സ്പര്‍ശിക്കുകയും ചെയ്യുക നമ്മുടെ ആവശ്യമാണ്. മനുഷ്യന്‍റെ ഈ ആവശ്യം നിറവേറ്റപ്പെ‌ടുന്നതിനുള്ളതാണ് കൂദാശകള്‍. കൂദാശകള്‍, പ്രത്യേകിച്ച്, വിശുദ്ധകുര്‍ബ്ബാന, ദൈവസ്നേഹത്തിന്‍റെ   അടയാളങ്ങളും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാക്കായുള്ള സവിശേഷ സരണികളുമാണ്.

അങ്ങനെ ഇന്നു നാം ആരംഭിക്കുന്ന പ്രബോധനരപരമ്പരയിലൂടെ നമുക്കൊത്തൊരുമിച്ച്, വിശുദ്ധകുര്‍ബ്ബാനയില്‍ മറഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെത്താന്‍ പരിശ്രമിക്കാം. അതൊരിക്കല്‍ അനാവരണം ചെയ്യപ്പെട്ടാല്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് പൂര്‍ണ്ണ അര്‍ത്ഥം അത് പ്രദാനം ചെയ്യും. ഈ പുതിയ വഴിയില്‍ പരിശുദ്ധകന്യകാമറിയം നമുക്കു തുണയാകട്ടെ. നന്ദി.    

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, സകല നിണസാക്ഷികളുടെയും ഓര്‍മ്മ ഈ ബുധനാഴ്ച ആചരിക്കപ്പെട്ടതും അവരുടെ തിരുശേഷിപ്പുകള്‍ വിശുദ്ധപത്രോസിന്‍റെ ബസിലിക്കയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും അനുസ്മരിച്ചു. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ അവസ്ഥകളിലും ക്രിസ്തീയ സാക്ഷ്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ ഈ തിരുന്നാള്‍ യുവജനത്തിനും പീഢിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് സഹായമായി തങ്ങളുടെ സഹനങ്ങള്‍ സമര്‍പ്പിക്കാന്‍ രോഗികള്‍ക്കും തങ്ങളുടെ കഴിവിലല്ല പ്രത്യുത ദൈവത്തില്‍ ശരണംവയ്ക്കാന്‍ നവദമ്പതികള്‍ക്കും  പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ  എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.