2017-11-07 10:37:00

വിലാപഗീതം ഉണര്‍ത്തുന്ന ദൈവവിചാരം


വിലാപഗീതത്തിന്‍റെ പഠനം – ഭാഗം 4.

സങ്കീര്‍ത്തനം 42 –ന്‍റെ വ്യാഖ്യാനപഠനവും, ആത്മീയ വിചന്തനവും കഴിഞ്ഞ പ്രക്ഷേപണങ്ങളില്‍  നാം മനസ്സിലാക്കിയതാണ്. വിശുദ്ധഗ്രന്ഥത്തിലെ ഏറെ ശ്രദ്ധേയമായ വ്യക്തിഗത വിലാപഗീതമാണിത്. പദങ്ങളുടെ വ്യാഖ്യാനം പൂര്‍ത്തിയാക്കി മൂന്നാം ഭാഗത്ത് – ഗീതത്തെക്കുറിച്ചുള്ള ആത്മീയ വിചിന്തനവും നാം പഠിച്ചതാണ്. ഇന്ന് അതിന്‍റെ നാലാം ഭാഗത്ത്, വ്യക്തിപരമായ ഒരു ആസ്വാദനം പങ്കുവച്ചുകൊണ്ട് നമുക്ക് 42-Ɔ൦ ഗീതത്തിന്‍റെ പഠനം ഉപസംഹരിക്കാം. മനുഷ്യന്‍ ദൈവത്തെ തേടുന്ന വികാരമാണ് ഈ വ്യക്തിഗത വിലാപഗീതത്തിന്‍റെ വരികള്‍ ഉള്‍ക്കൊള്ളുന്നതെന്ന്... ആദ്യവരി വ്യക്തമാക്കുന്നു. “നീര്‍ച്ചാലു തേടി നടക്കുന്ന മാന്‍പേട”യുടെ ചിത്രമാണ് സങ്കീര്‍ത്തകന്‍ ആദ്യം വരച്ചുകാട്ടുന്നത്. അത് ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യനെയാണ് ചിത്രീകരിക്കുന്നത്. ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നവന്‍, ദൈവത്തില്‍ ശരണപ്പെടുന്നവന്‍ ഒരിക്കലും നിരാശനാകേണ്ടി വരില്ല എന്ന അടിസ്ഥാന തത്ത്വം ഈ ഗീതത്തില്‍ ഒളിഞ്ഞുകിടക്കുന്നത്, ഒരു പഠനഫലമെന്നോണം അല്ലെങ്കില്‍ ഒരു തീര്‍പ്പ് എന്നോണം നമുക്ക് സ്വീകരിക്കാവുന്നതാണ്.

സാങ്കേതികതയുടെയും സുഖലോലുപതയുടെയും സൗകര്യങ്ങളില്‍ മുങ്ങിയിരിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിലെ മനുഷ്യന്‍ പ്രതിസന്ധികളില്‍ പെടുന്നത് ജീവിതത്തില്‍ ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ജീവിതപ്രതിസന്ധികളില്‍ കുടുങ്ങി നിരാശരായി, മുങ്ങി മരിക്കുന്ന അവസ്ഥയിലേയ്ക്ക് തരം താഴുന്ന മനുഷ്യര്‍ നിരവധിയാണിന്ന്. സ്രഷ്ടാവായ ദൈവത്തില്‍ ശരണപ്പെടാതെ, സഹോദരങ്ങളുമായി ഇണങ്ങിച്ചേരാതെ, തന്നില്‍ത്തന്നെ മുഴുകിപ്പോകുന്ന സ്വാര്‍ത്ഥതയുടെ ജീവിതം ഇന്നിന്‍റെ നിഷേധാത്മകമായ പ്രതീകമായി, അടയാളമായി ഈ  അവലോകനത്തിന്‍റെ ആരംഭത്തില്‍ ചൂണ്ടിക്കാണിക്കട്ടെ.

കേരളത്തിന്‍റെ പശ്ചാത്തിലത്തിലേയ്ക്ക് ഈ സങ്കീര്‍ത്തനത്തെ കൊണ്ടുവരാവുന്നതാണ്. ധ്യാനകേന്ദ്രങ്ങളുടെയും, ക്ഷേത്രങ്ങളുടെയും പ്രാര്‍ത്ഥനാലയങ്ങളുടെയും കൂടാണ് കൊച്ചുകേരളം... മുട്ടിനുമുട്ടിനു പള്ളി, നമസ്ക്കരിക്കാന്‍ ഇടം... പിന്നെ അഭ്യസ്ഥവിദ്യരും സംസ്ക്കാര സമ്പന്നരുമെന്നുമുള്ള വിശേഷണങ്ങള്‍... എന്നിട്ടും കേരളം ഭാരതത്തിന്‍റെ ‘ആത്മഹത്യ-തലസ്ഥാനം,’ the suicidal capital എന്നു വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍...    നാം ചോദിക്കണം! സ്വന്തമായ കഴിവിലും കരുത്തിലും മാത്രം ആശ്രയിച്ചും, എന്നാല്‍ സഹോദരങ്ങളില്‍ വിശ്വാസമില്ലാതെ,  അവരോടു ചേര്‍ന്നു ജീവിക്കാനുള്ള തുറവും എളിമയും നഷ്ടപ്പെട്ട്, ദൈവത്തില്‍പ്പോലും പ്രത്യാശയില്ലാതാകുന്നവരാണ്, നിരാശരാകുന്നത്, ആത്മഹത്യയ്ക്കു മുതിരുന്നത്. വ്യക്തി അത്രയേറെ അന്ധനായെന്നും, മനസ്സ് പൈശാചികമായെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. മനസ്സില്‍ വെളിച്ചത്തിന്‍റെ നാമ്പില്ലാതായിരിക്കുന്നു. ഇരുട്ട്, സമ്പൂര്‍ണ്ണമായ ഇരുട്ടിന്‍റെ അനുഭവത്തിലായിരുന്നു. എന്നാല്‍ ദൈവിക വെളിച്ചത്തിലേയ്ക്ക്... തിരിയാനുള്ള പ്രത്യാശയുണ്ടെങ്കില്‍, ഒരു പണമിട, അല്ലെങ്കില്‍ ഒരു ചെറുനാരിഴ പ്രത്യാശയുണ്ടെങ്കില്‍, നീചമായ അവസ്ഥയിലെത്തിയ വ്യക്തിക്കും രക്ഷപ്പെടാം, പിടിച്ചുകയറാം – എന്ന ഉറപ്പാണ് ഈ ഗീതം തരുന്നത്.   

നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ
ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നൂ..
എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.

ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം... എലിസബത്ത് രാജുവും സംഘവും...

Musical Version of Ps. 42
നീര്‍ച്ചാലിനായി ഹരിണി ദാഹിച്ചു കേഴുമതുപോല്‍
നിനക്കായി നാഥാ, ഞാനും ദാഹിച്ചിടുന്നു സതതം
ജീവന്ത ദൈവമുഖമേ, ഞാനെന്നു കാണുമുദിതം
മമ ദേഹിയുള്ളിനുള്ളില്‍ മോഹിച്ചിടുന്നു മഹിയില്‍.

വിശ്വാസത്തിന്‍റെ ആരംഭം, അല്ലെങ്കില്‍ ആദ്യപടി, ദൈവത്തെക്കുറിച്ചുള്ള വിചാരമാണ്.. ദൈവത്തിനായുള്ള ദാഹം, അല്ലെങ്കില്‍ തീക്ഷ്ണമായ ആഗ്രഹംവഴി മനുഷ്യന്‍ പ്രാപിക്കുന്ന സ്വസ്ഥത, അല്ലെങ്കില്‍ സ്വൈര്യത..., അതുമല്ല, ഒരു പടികൂടെ കടന്നു പറയുകയാണെങ്കില്‍ ‘ദൈവിക ഐക്യം’... എന്ന് ആദ്യത്തെ രണ്ടു പദങ്ങള്‍ വ്യക്തമാക്കുന്നു (1-2).  ജീവിതത്തില്‍ വ്യക്തി അനുഭവിക്കുന്ന ഇരുട്ടിനെയും, വ്യഗ്രതയെയും കുറിച്ച് ഗായകന്‍ ആവലാതിപ്പെടുന്നു. പണ്ടു താന്‍ അനുഭവിച്ചിരുന്ന നന്മകള്‍ ഇല്ലാതാകുമ്പോള്‍ ‘നിന്‍റെ ദൈവം എവിടെ?’ എന്ന് ചോദിച്ച് ആക്ഷേപിക്കുന്നവരും ഉണ്ടെന്ന് സങ്കീര്‍ത്തകന്‍ ആവലാതിപ്പെടുന്നു (3-4).

എന്നാല്‍ വിശ്വാസവും, ദൈവത്തിലുള്ള ശരണവും മാത്രമാണ് വ്യക്തിയുടെ ആവലാതികള്‍ക്കും വേവലാതികള്‍ക്കും പ്രതിവിധിയും പരിഹാരവും ആകുന്നത്. സങ്കീര്‍ത്തകന്‍ പറയുന്നു. “ആത്മാവേ, നീ എന്തിനു കരയുന്നു. നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക, ശരണപ്പെടുക,” എന്നു പറഞ്ഞ് തന്നെത്തന്നെയും, അനുവാചകരെയും സങ്കീര്‍ത്തകന്‍ സമാശ്വസിപ്പിക്കുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്‍റെയും ശരണപ്പെടലിന്‍റെയും അവബോധമാണ് വ്യക്തിക്ക് വെളിച്ചം നല്കുന്നത്. ജീവിതത്തിന്‍റെ വിഷാദഭാവത്തില്‍നിന്നും ആത്മാവിന്‍റെ ഇരുട്ടില്‍നിന്നും നമ്മെ നവീകരിച്ച് ബലപ്പെടുത്തി ഉയര്‍ത്തുന്നത് കര്‍ത്താവിലുള്ള പ്രത്യാശയും ശരണവുമാണെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ ഏറ്റുപറയുന്നു (6, 7).

മങ്ങിപ്പോകുന്ന മനുഷ്യന്‍റെ ഹൃദവികാരങ്ങളെ താങ്ങി നിറുത്തുന്നത് വിശ്വാസമാണ്. വിശ്വാസം പ്രത്യാശപകരുന്നു – ദൈവത്തെ തേടുന്ന, അവിടുത്തെ കൃപാവരത്തിന്‍റെ നീര്‍ച്ചാലുതേടുന്നവര്‍ക്ക് നവജീവന്‍റെയും നവോന്മേഷത്തിന്‍റെയും പ്രഭാതം വിരിയിക്കുന്നു, പുതുജീവന്‍റെ ചക്രവാളം തെളിയിക്കുന്നു (8). ജീവിത ക്ലേശങ്ങള്‍ കണ്ടുകൊണ്ടും, ഇനിയും വിഷമങ്ങള്‍ ഉണ്ടാകുമെന്ന് ചിന്തയാല്‍ ആകുലപ്പെട്ടും സങ്കീര്‍ത്തകന്‍ പരാതിപ്പെടുന്നുണ്ടെങ്കിലും... അവസാനം രക്ഷാശിലയായ ദൈവത്തില്‍ ശരണപ്പെടുന്നു. ദൈവത്തിലുള്ള പ്രത്യാശ വ്യക്തിക്ക് വെളിച്ചവും കരുത്തും പകരുന്നു. മുന്നേറാനുള്ള വെളിച്ചം തരുന്നു (9-10), സമാപനമായി, അവസാന പദത്തില്‍, സാന്ത്വനവചസ്സോടെയാണ് സങ്കീര്‍ത്തനം ഉപസംഹരിക്കപ്പെടുന്നത്. “ആത്മാവേ, സഹായകനും രക്ഷകനും നാഥനുമായ ദൈവത്തില്‍ പ്രത്യാശവയ്ക്കുക. അവിടുന്നു നിന്നെ നയിക്കും.” അങ്ങനെ ജീവിതത്തില്‍ മുന്നേറാനുള്ള വെളിച്ചം ലഭിക്കുന്നു (11). അതിനാല്‍ ജീവിതത്തില്‍ പറഞ്ഞറിയിക്കാനാവാത്ത വ്യഥകള്‍ ഇന്ന് അനുഭവിക്കുന്നവര്‍ക്കും, ഹൃദയത്തില്‍ താങ്ങാനാവാത്ത ദുഃഖം പേറി നടക്കുന്നവരുമായ മനുഷ്യര്‍ക്കും – കുടുംബങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും – സകലര്‍ക്കും പ്രത്യാശപകരുന്ന ഗീതമാണിത്. ആത്മവിശ്വാസംപകരുന്ന ഗാനമാണ് സങ്കീര്‍ത്തനം 42! തകരുന്ന ഹൃദയങ്ങള്‍ക്ക് പ്രത്യാശയും ധൈര്യവും ഉറപ്പും തരുന്ന സുന്ദരമായ വരികളാണിവ!

എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു
നീ എന്തിനു നെടുവീര്‍പ്പിടുന്നു, ദൈവത്തില്‍ പ്രത്യാശവയ്ക്കുക..
എന്‍റെ സാഹയവും ദൈവവുമായ അവിടുത്തെ
ഞാന്‍ വീണ്ടും പുകഴ്ത്തും.

Musical Version of Ps. 42
ജയഘോഷയാത്രയതിലായ് തോത്സാഹ പൂര്‍ണ്ണമികവില്‍
പുരുഷാരമൊത്തഹോ ഞാന്‍ ദേവാലയത്തിലേറി
നീയെന്തിനെന്‍റെ മനമേഅഴലേന്തിലേന്തി ഉഴലാന്‍
നിനവാര്‍ന്നിടാതെ വേഗം ദൈവാശ്രയത്തിലണയൂ.

സങ്കീര്‍ത്തനത്തിന്‍റെ രചയിതാവ് ആരാണെന്ന് ഒരിടത്തും കൃത്യമായി പറയുന്നില്ലെങ്കിലും,  ഇത് ദാവീദു രാജാവിന്‍റെ വ്യക്തിഗത അനുതാപഗീതമാണെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഇസ്രായേലിന്‍റെ ആദ്യരാജാവായിരുന്ന സാവൂളിന്‍റെ മരണശേഷവും, തന്‍റെ മൂന്നാമത്തെ പുത്രന്‍, അബ്സലോമിന്‍റെ വിപ്ലവത്തെ തുടര്‍ന്നും ജനഹിതം അറിയാനായി ദാവീദുരാജാവ് ദൈവത്തിന്‍റെ പക്കലേയ്ക്കു തിരിഞ്ഞ്, അനുതാപിയായി ജീവിക്കുന്ന കാലയളവില്‍ എഴുതിയിട്ടുള്ളതാണിതെന്ന വ്യക്തമായ ധാരണകള്‍ പദങ്ങളില്‍നിന്നു നിരൂപകന്മാര്‍ എത്തിച്ചേരുന്നുണ്ട്. ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന – അത് നിങ്ങളോ ഞാനോ ആവട്ടെ ശാരീരികമോ, മാനിസികമോ ആയ, ഇതുപോലുള്ള സംഘര്‍ഷത്തിന്‍റെ സാഹചര്യങ്ങളും, പിരിമുറുക്കവും, നിരാശയും വേദനയും അനുഭവിക്കുമ്പോള്‍.. ആ വികാരങ്ങള്‍ ഉള്‍ക്കൊള്ളുവാനും വ്യക്തിപരമായി പ്രതികരിക്കുവാനും, അങ്ങനെയുള്ളവരെ സഹായിക്കുവാനും തുണയ്ക്കുവാനും നമുക്കു സാധിക്കണം. പ്രത്യാശയുടെ പാത അവര്‍ക്കായ് തുറന്നുകൊടുക്കാന്‍ സാധിക്കണം.

ജീവിതനൈരാശ്യത്തില്‍ അമര്‍ന്നു പോകുന്നവര്‍ നിരവധിയാണ്. ജീവിതവ്യഥകളിലും ദുഃഖത്തിലും മുങ്ങിപ്പോകുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ‘നീര്‍ച്ചാലിനായി ദാഹിക്കുന്ന മാന്‍പേടയെപ്പോലെ...’ ഈശ്വരസാന്നിദ്ധ്യത്തിനായും അവിടുത്തെ കൃപയ്ക്കായും ജീവിക്കുവാനും കാത്തിരിക്കുവാനും, ജീവിതത്തില്‍ ദൈവികജീവന്‍റെ ചക്രവാളങ്ങള്‍ പ്രത്യാശയോടെ തേടി മുന്നേറുവാനുമുള്ള കരുത്തും, കൃപയും തരണമേ, എന്ന് പ്രാര്‍ത്ഥിക്കാം! ഈ ചിന്തയോടെ നമുക്കീ എളിയ അവലോകനം ഉപസംഹരിക്കാം!

Musical Version of Ps. 42
ചേരാന്‍ വിളിച്ചു കടലേ നീര്‍ചൂഴുമാവിയതുപോല്‍
തിരയേറ്റി ദേവ എന്നില്‍ ഭാരിച്ചധാര ചൊരിയൂ
ജീവന്‍ തരുന്നൊരധിപാ കൃപാകടാക്ഷമരുളൂ
സ്തുതിപാടിടുന്നു നാഥാ രാവിന്‍റെ യാമത്തികവില്‍...








All the contents on this site are copyrighted ©.