2017-11-06 12:50:00

യുദ്ധം പരിസ്ഥിതിക്ക് വിനാശകരം - പാപ്പായുടെ ട്വീറ്റ്


യുദ്ധം എന്നും പരിസ്ഥിതിക്ക് ഗുരുതരമായ ഹാനിവരുത്തുന്നുവെന്ന് മാര്‍പാപ്പാ.

ഈ തിങ്കളാഴ്ച (06/11/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇത് പറഞ്ഞിരിക്കുന്നത്.

“യുദ്ധം എന്നും പരിസ്ഥിതിയ്ക്ക് ഗുരുതര ഹാനിയുളവാക്കുന്നു. നാം നമ്മുടെ പൊതുഭവനത്തെ ദുരുപയോഗിക്കരുത്, പ്രത്യുത, ഭാവിതലമുറകള്‍ക്കായി അതിനെ കാത്തുപരിപാലിക്കുക” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

യുദ്ധം, സായുധസംഘര്‍ഷം എന്നിവയില്‍ പരിസ്ഥിതി ചൂഷണംചെയ്യപ്പെടുന്നത് തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി 2001 മുതല്‍  അനുവര്‍ഷം നവമ്പര്‍ 6 ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പരിസ്ഥിതിസംരക്ഷ​ണത്തെ അധകരിച്ചുള്ള ഈ ആശയം പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളുമായി പങ്കുവച്ചത്.

ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം കാണിക്കുന്നത് കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലെ സായുധസംഘര്‍ഷങ്ങളില്‍ 40 ശതമാനവും പ്രകൃതിവിഭവങ്ങളുടെ, അത് സ്വര്‍ണ്ണം   രത്നം, എണ്ണ തുടങ്ങിയ വിലയേറിയ വസ്തുക്കളോ ഫലസമൃദ്ധിയുള്ള മണ്ണ്, വെള്ളം തുടങ്ങിയ ദുര്‍ല്ലഭവസ്തുക്കളോ ആകാം, ചൂഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

പാപ്പാ ഞായറാഴ്ച (05/11/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി പങ്കുവച്ച സന്ദേശം ഇപ്രകാരമായിരുന്നു: “ക്രിസ്തു മരണത്തെ ജയിച്ചു. നമ്മുടെ പുനരുത്ഥാനവും ജീവനും അവിടന്നാണ്. പ്രത്യാശയുടെ ഈ സന്ദേശത്തിന് നിങ്ങള്‍ സാക്ഷികളായിരിക്കുക.”

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.