2017-11-04 12:41:00

സിക്സ്റ്റ് വ്യവസായ പ്രസ്ഥാനത്തിന് പാപ്പായുടെ അനുമോദനം


ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹത്തിലുള്ള ബോധ്യത്തില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ മുന്നേറാന്‍ പാപ്പാ സിക്സ്റ്റ് അന്താരാഷ്ട്ര വ്യവസായ പ്രസ്ഥാനത്തിന് പ്രചോദനം പകരുന്നു.

കാര്‍ വാടകയ്ക്ക്കൊടുക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ജര്‍മ്മനിയില്‍ ജന്മംകൊണ്ടതുമായ ഈ പ്രസ്ഥാനത്തിന്‍റെ 300 ഓളം പ്രതിനിധികള്‍ക്ക് ശനിയാഴ്ച (04/11/17) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ച അവസരത്തിലാണ്, ഫ്രാന്‍സീസ് പാപ്പാ, ഈ പ്രസ്ഥാനം  പൊതുനന്മ ലക്ഷ്യം വച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഈ പ്രോത്സാഹനവചസ്സുകള്‍ പറഞ്ഞത്.

സിക്സ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ഉപാദ്ധ്യക്ഷയായ റെജിന്‍ സിക്സ്റ്റ് സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കുന്നതിന് രണ്ടായിരാമാണ്ടില്‍ വ്യക്തിപരമായി തുടങ്ങിയതും 2011 ല്‍ ഒരു ഉപവിപ്രവര്‍ത്തന ഫൗണ്ടേഷനായിത്തീര്‍ന്നതുമായ “ഡ്രയിംഗ് ലിറ്റില്‍ ടിയേഴ്സ്” (DRYING LITTLE TEARS) അഥവാ, “ചെറു അശ്രുകണങ്ങള്‍ ഒപ്പിയെടുക്കല്‍” എന്ന സേവനപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തെ ശ്ലാഘിച്ച പാപ്പാ വ്യക്തിപരമായ നേട്ടത്തിനും ധനസമ്പാദനത്തിനും ഉപരിയായി നിലകൊണ്ടുകൊണ്ട് ജീവിതത്തിന്‍റെ വിശാലമായ അര്‍ത്ഥത്തിലേക്ക് സ്വയം തുറന്നിടുകയെന്ന ഉന്നതമായ ഒരു വിളി പൊതുനന്മയ്ക്കായി യത്നിച്ചുകൊണ്ട് പിന്‍ചെല്ലാനുള്ള അവസരം ഇത് സിക്സ്റ്റ് എന്ന വ്യവസായസംരഭത്തില്‍ ഭാഗഭാക്കുകളായ എല്ലാവര്‍ക്കും നല്കുന്നുവെന്ന് അനുസ്മരിച്ചു.

സമൂര്‍ത്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ട് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പുന്നതിന്‍റെ അര്‍ത്ഥം പാഴ്വസ്തുവായി വലിച്ചെറിയുന്നതായ ഒരു  സംസ്കൃതിയെ ചെറുക്കുകയും ഉപരി മാനുഷികമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭാവനചെയ്യുകയും ചെയ്യുക എന്നാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.  








All the contents on this site are copyrighted ©.