2017-11-03 16:14:00

ലൂതറന്‍സഭയുടെ അഞ്ചാംശതാബ്ദിയും സഭൈക്യ നീക്കങ്ങളും


നവോത്ഥാന പ്രസ്ഥാനത്തിന് മാര്‍ട്ടില്‍ ലൂതര്‍ തുടക്കമിട്ടതിന്‍റെ  500-Ɔ൦ വാര്‍ഷികം ലോകമെമ്പാടും ആചരിക്കപ്പെട്ടു.

ഒരുവര്‍ഷം നീണ്ട ജൂബിലി   മാര്‍ട്ടില്‍ ലൂതര്‍ നവോത്ഥാന പ്രസ്ഥാനം ആരംഭിച്ചതിന്‍റെ അഞ്ചാം ശതാബ്ദി ആഘോഷങ്ങള്‍ ലോകമെമ്പാടും സംഘടിപ്പിക്കപ്പെട്ടത് ഓക്ടോബര്‍ 31-Ɔ൦ തിയതിയായിരുന്നു. ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ സമാപിച്ചു. ഇതര ക്രൈസ്തവ സഭകളോടുള്ള കൂട്ടായ്മയില്‍ തെളിഞ്ഞുനിന്ന സഭൈക്യഭാവമുള്ള ആഘോഷങ്ങള്‍ 500-Ɔ൦ വാര്‍ഷികത്തിന്‍റെ പ്രത്യേകതയായിരുന്നു. ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട സ്വീഡനിലെ ലുന്‍റില്‍ നടന്ന പരിപാടികളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തത് ലൂതറന്‍-കത്തോലിക്കാ സഭൈക്യ നീക്കങ്ങളുടെ നാഴികക്കല്ലായിരുന്നു. സഭകള്‍ തമ്മിലുള്ള “സംഘട്ടനങ്ങളില്‍നിന്ന് കൂട്ടായ്മയിലേയ്ക്ക്…” എന്ന ആപ്തവാക്യം 500-Ɔ൦ വാര്‍ഷികത്തിന്‍റെ മുഖമുദ്രയായിരുന്നു.

സഭൈക്യമാനമുള്ള ആഘോഷങ്ങള്‍    ലുന്‍റില്‍ തുടക്കമിട്ട ജൂബിലി വേദിയില്‍ ലൂതറന്‍സഭയും കത്തോളിക്കാസഭയും സംയുക്തമായി നടത്തിയ പ്രഖ്യാപനം മാനവികതയുടെ ഇന്നിന്‍റെ അടിയന്തിര ആവശ്യമായ  കുടിയേറ്റത്തിന്‍റെ മേഖലയില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാമെന്നതായിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണം ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഇറ്റലിയില്‍   ലൂതറന്‍-കത്തോലിക്കാ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്രാപിച്ചിട്ടുണ്ട്.  ദൈവശാസ്ത്രപരമായ അഭിപ്രായ ഭിന്നതകള്‍ നിലനില്ക്കേ ഇരുസഭകളും, മറ്റു  ക്രൈസ്തവസമൂഹങ്ങളോടു കൈകോര്‍ത്തു മനുഷ്യകുലത്തിന്‍റെ അടിയന്തിര ആവശ്യങ്ങളുടെ മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന നിലപാടു സ്വീകരിക്കുകയുണ്ടായി.  നവമാനവികതയുടെ സുസ്ഥിതിക്കായി പാപ്പാ ഫ്രാന്‍സിസ് ഇന്നു പ്രബോധിപ്പിക്കുന്ന ഐക്യത്തിന്‍റെ പ്രമാണത്തിനു കാതോര്‍ത്തുകൊണ്ടുള്ള നീക്കമാണിത്.

സ്നേഹക്കൂട്ടായ്മയുടെ  ചുവടുവെയ്പ്പുകള്‍    ഈ ജൂബിലി നാളില്‍ ഇറ്റലിയിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയും (Cei) ലൂതറന്‍ സഭാകൂട്ടായ്മയും (Celi) സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ചിന്തകള്‍ സഭൈക്യ സംരംഭത്തിന്‍റെ സമകാലീന നിലപാടുകള്‍ വെളിപ്പെടുത്തുന്നു :

അനുഷ്ഠാനപരവും ചിലപ്പോള്‍ ദൈവശാസ്ത്രപരവുമായ സംഘട്ടനങ്ങളുടെ ഗതകാല ചിന്തകള്‍ കൈവെടിഞ്ഞ് ഐക്യത്തിനായി പരിശ്രമിക്കുക. മാര്‍ട്ടിന്‍ ലൂതറിനെ അടുത്തു പഠിച്ചുകൊണ്ട് ക്രൈസ്തവ ജീവിതത്തിന്‍റെ ആത്മീയതയും, ദൈവശാസ്ത്രവും, ആരാധനക്രമ രീതികളും മെച്ചപ്പെടുത്തുക. അങ്ങനെ പരസ്പര വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും ഉതപ്പുകള്‍ ഒഴിവാക്കുക. ലൂതറന്‍-കത്തോലിക്ക കൂട്ടായ്മയെ പിന്‍തുണയ്ക്കുന്ന വിധത്തില്‍ മാമോദീസ, വിവാഹം എന്നീ കൂദാശകളെ കേന്ദ്രീകരിച്ചുള്ള സഭൈക്യ മതബോധനത്തിന് തുടക്കം കുറിക്കുക. കൂട്ടായ്മയും സാഹോദര്യവും വെളിപ്പെടുത്തുന്ന വിധത്തില്‍ ഇരുസഭകളും പാവങ്ങളെയും അഭയാര്‍ത്ഥികളെയും തുണയ്ക്കുന്ന കാലികമായ പദ്ധതികളില്‍ ഒത്തുചേരുക.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ റോമില്‍ പ്രസിദ്ധപ്പെടുത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ അക്കമിട്ടു പ്രസ്താവിക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ കുരിശില്‍ ചുവട്ടില്‍ ബലപ്പെടുത്തപ്പെടുന്ന സാഹോദര്യവും സുഹൃദ്ബന്ധവും അനുദിന ക്രൈസ്തവ ജീവിതത്തെ ശാക്തീകരിക്കുന്ന സുവിശേഷസാക്ഷ്യമായി വളര്‍ന്നുവരുമെന്ന പ്രത്യാശയിലാണ് ഇരുസഭകളുടെയും ദേശീയ കൂട്ടായ്മകളുടെ അദ്ധ്യക്ഷന്മാര്‍ ഒപ്പുവച്ച പ്രഖ്യാപനം ഉപസംഹരിക്കുന്നത്.

From the Joint Declaration of Lutheran Evangelical Church in Italy and Italian Episcopal Conference on 31st October 2017. 








All the contents on this site are copyrighted ©.