2017-11-03 16:40:00

''യേശു ജീവന്‍റെ വാതില്‍ നമുക്കായി തുറന്നു'': മാര്‍പ്പാപ്പാ


വത്തിക്കാനില്‍ വി. പത്രോസിന്‍റെ ബസിലിക്കയില്‍, ഈ വര്‍ഷം മരണപ്പെട്ട കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമായി അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പാ യേശുവിന്‍റെ രക്ഷാകര്‍മത്തിലുള്ള നമ്മുടെ പ്രത്യാശയെ വിശദീകരിച്ചത്.

ദാനിയേലിന്‍റെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു: ''ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്നവര്‍ ഉണരും.  എന്നാല്‍ ചിലര്‍ നിത്യജീവനായും ചിലര്‍ നിത്യ നിന്ദയ്ക്കുമായും. നിത്യജീവിതത്തിനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന യേശുവിന്‍റെ രക്തത്താല്‍ രക്ഷിക്കപ്പെട്ടവരാണ്....  സുവിശേഷത്തില്‍ യേശു നമ്മുടെ പ്രതീക്ഷയെ ഇപ്രകാരം പറഞ്ഞുകൊണ്ടു ശക്തിപ്പെടുത്തുന്നു. സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന ജീവന്‍റെ അപ്പം ഞാനാണ്. ഈ അപ്പം ഭക്ഷി ക്കുന്നവര്‍ എന്നേയ്ക്കും ജീവിക്കും (യോഹ 6:51).  ഈ വാക്കുകള്‍ യേശുവിന്‍റെ കുരിശിലെ ബലിയെക്കുറിച്ചാണ്... മരണംവരെ നമ്മുടെ മാനുഷികതയില്‍ പങ്കുചേര്‍ന്നുകൊണ്ട് യേശു നമ്മുടെ സഹോദരനായി മാറി. അവിടുത്തെ സ്നേഹത്താല്‍, മരണത്തിന്‍റെ നുകം തകര്‍ത്തുകൊണ്ട് ജീവ ന്‍റെ വാതില്‍ നമുക്കായി തുറന്നു... അവിടുത്തെ ശരീരരക്തങ്ങളില്‍ പങ്കുകാരാകുമ്പോള്‍ അവിടു ത്തെ വിശ്വസ്തസ്നേഹത്തില്‍ നാം ഐക്യപ്പെടുകയാണ്.  അതിലൂടെ തിന്മയെ, സഹനത്തെ, മരണത്തെ, നന്മയിലൂടെ വിജയിച്ച കര്‍ത്താവിന്‍റെ നിശ്ചിതവിജയത്തെ പുണരുകയാണു നാം...''

പ്രത്യാശയുടെ വാക്കുകളില്‍ പാപ്പാ തന്‍റെ വചനസന്ദേശം തുടര്‍ന്നു: ''ഉത്ഥാനത്തെക്കുറിച്ചു നാം ഏറ്റു പറയുന്ന വിശ്വാസം നമ്മെ പ്രത്യാശയുടെ സ്ത്രീപുരുഷന്മാരാക്കുകയാണ്. അതു നിരാശ യുടേതല്ല... ഉത്ഥിതനായ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ നമുക്കു ലഭിച്ചിരിക്കുന്ന വാഗ്ദാന മാണ് നിത്യജീവന്‍... പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമ 5:5). സത്യമായും അതു നമ്മെ നിരാശരാക്കുന്നില്ല.  ദൈവം വിശ്വസ്തനാണ്, അതിനാല്‍ അവിടുന്നിലുള്ള നമ്മുടെ പ്രതീക്ഷ വ്യര്‍ഥമാവുകയില്ല...   

മരണമല്ല അവസാനവാക്കെന്ന് യേശു കാണിച്ചുതരുന്നു.  പിതാവിന്‍റെ കരുണാര്‍ദ്രസ്നേഹം നമ്മെ രൂപാന്തരപ്പെടുത്തുകയും നിത്യമായി തന്നോട് ഐക്യപ്പെടുത്തുകയും ചെയ്യും. ദൈവവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചുള്ള ഈ അവബോധം ഒരു ക്രിസ്ത്യാനിയുടെ പ്രതീക്ഷയുടെ അടിസ്ഥാനപരമായ മുദ്രയാണ്...

ഇന്നു നാം അനുസ്മരിക്കുന്ന കര്‍ദിനാള്‍മാരും മെത്രാന്മാരും... സഭയെ സ്നേഹിച്ച്, തനിക്കു ഭരമേല്‍പ്പിക്കപ്പെട്ടവരെ ശുശ്രൂഷിച്ചു നിത്യതയിലേക്കു കടന്നുപോയവരാണ്.  അവരും നിത്യവി രുന്നില്‍ പങ്കുചേരുന്നതിന് ഏറ്റവും പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കു യാചിക്കാം'' എന്ന വാക്കുകളോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

നവംബര്‍ മൂന്നാം തീയതി രാവിലെ 11.30-ന് അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പായോടൊത്ത് നിരവധി കര്‍ദിനാള്‍മാര്‍, പാത്രിയര്‍ക്കീസുമാര്‍, മെത്രാന്മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.








All the contents on this site are copyrighted ©.