2017-11-03 10:52:00

പ്രാര്‍ത്ഥനയ്ക്കിടയില്‍ ചിലപ്പോള്‍ ഉറങ്ങിപ്പോകാറുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്


പാപ്പായുടെ ഫ്രാന്‍സിസിന്‍റെ ദൈവശാസ്ത്രചിന്തകള്‍ ടിവി പരമ്പരയില്‍
https://youtu.be/-aztO4FYgP0 
ഇറ്റലിയന്‍ ടെലിവിഷന്‍ ചാനല്‍ ‘ദുവെമീലെ’ TV Duemile നവംബര്‍ ഒന്നിന് സംപ്രേക്ഷണംചെയ്ത Padre Nostro  ‘നമ്മുടെ പിതാവ്’ എന്ന പരമ്പരയുടെ രണ്ടാം ഭാഗത്താണ് വ്യക്തിഗത പ്രാര്‍ത്ഥനയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പരാമര്‍ശിച്ചത്.

ദൈവത്തിന്‍റെ മുന്നില്‍ നാം കുഞ്ഞുങ്ങളെപ്പോലെയാണ്. കുട്ടികള്‍ ഉറങ്ങുന്നത് പിതാവായ ദൈവത്തിന് ഇഷ്ടമാണ്. 130-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെയും, ഒപ്പം വിശുദ്ധ കൊച്ചുത്രേസ്യയുടെയും വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രാര്‍ത്ഥനയ്ക്കിടയിലെ ഉറക്കത്തെക്കുറിച്ച് പാപ്പാ ഇങ്ങനെ വ്യാഖ്യാനിച്ചത്. സ്നേഹമുള്ള പിതാവിന്‍റെ മുന്നില്‍ മക്കളുടെ പ്രാര്‍ത്ഥനപോലെ തന്നെ ഉറക്കവും മനോഹരമായ ദൈവസ്തുതിയും മഹത്വീകരണവുമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ദൈവം നമ്മുടെ സ്നേഹമുള്ള പിതാവും നാം അവിടുത്തെ മക്കളുമെന്നത് ക്രൈസ്തവരുടെ തനിമയാര്‍ന്ന വീക്ഷണവും വിശ്വാസവുമാണ്. പലപ്പോഴും നാം ഇക്കാര്യം മറന്ന് ജീവിക്കാറുണ്ട്. എന്നിട്ട് മനുഷ്യന്‍ മനുഷ്യനെ അവഗണിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥതയില്‍ മനുഷ്യര്‍ പരസ്പരം കീറിമുറിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ നാം വിശ്വാസമില്ലാത്തവരെപ്പോലെ തിന്മയ്ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നുണ്ട്. ഓരേ പിതാവിന്‍റെ മക്കളെപ്പോലെ സ്നേഹത്തില്‍ ജീവിക്കേണ്ടവര്‍ മത്സരത്തിലും, വെറുപ്പിലും യുദ്ധത്തിലുമാണ് കഴിയുന്നത്. ദൈവം വിശുദ്ധീകരിച്ചു നല്കിയ ജീവിതങ്ങള്‍ നമുക്കെങ്ങനെ അശുദ്ധമാക്കാനാകും? മനുഷ്യര്‍ പരസ്പരം ആദരിച്ചു ജീവിക്കുമ്പോള്‍ മക്കളായ നാം ദൈവത്തെ മഹത്വപ്പെടുത്തുകയും ദൈവിക വിശുദ്ധിയുടെ മാറ്റു തെളിയിക്കുകയും ചെയ്യുന്നു. പാപ്പാ വ്യക്തമാക്കി.  

ഇറ്റലിയില്‍ പാദുവായിലുള്ള ദേശീയ ജയിലിലെ അന്തേവാസികളുടെ ശുശ്രൂഷകനായി സേവനംചെയ്യുന്ന വൈദികന്‍, മാര്‍ക്കൊ പൊസ്സോയുമായിട്ടുള്ള ആമുഖസംഭാവണത്തോടെയാണ് ‘നമ്മുടെ പിതാവ്’ എന്ന ടി.വി. പരമ്പര ആരംഭിക്കുന്നത്. ഇറ്റലിയുടെ പ്രശസ്ത സാഹിത്യകാരന്‍ എറി ദെ ലൂക്കയാണ് (Erri de Luca) നവംബര്‍ ഒന്നിന്‍റെ രണ്ടാമത്തെ പരമ്പരയില്‍ പാപ്പായുടെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചിന്തകളോട് തന്‍റെ വ്യാഖ്യാനങ്ങളും കൂട്ടിച്ചേര്‍ത്തത്.

ബുധനാഴ്ചകളില്‍ രാത്രി 9 മണിക്കാണ് പാപ്പായുടെ പരമ്പര. ലളിതമായും രസകരമായും പാപ്പാ ഫ്രാന്‍സിസ് അവതരിപ്പിക്കുന്ന ദൈവശാസ്ത്രപരമായ ചിന്തകള്‍ അറിയപ്പെട്ട വ്യക്തികള്‍ സ്വാംശീകരിച്ച് പിന്നെയും പങ്കുവച്ചുകൊണ്ടാണ് പരമ്പര അരമണിക്കൂര്‍ സമയം തുടരുന്നത്.  പരമ്പര ഡിസംബര്‍ 20-വരെ തുടരും.








All the contents on this site are copyrighted ©.