2017-10-31 16:53:00

സഭൈക്യം: ലൂതറന്‍ കത്തോലിക്കാസഭകളുടെ സംയുക്തപ്രസ്താവന


ലൂതറന്‍ നവീകരണത്തിന്‍റെ 500-ാം വാര്‍ഷികസമാപനദിനമായ ഒക്ടോബര്‍ 31-ാംതീയതി, ലൂതറന്‍ സഭകളുടെ ലോക ഫെഡറേഷനും ക്രൈസ്തവസഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവന പ്രസിദ്ധപ്പെടുത്തി.  ഈ അഞ്ഞുറുവര്‍ഷക്കാലം ക്രൈസ്തവരായ തങ്ങള്‍ ഇന്നുവരെയുള്ള യാത്രയില്‍ ക്രിസ്തുവി ന്‍റെ ശരീരത്തെ മുറിപ്പെടുത്തിയതിനും, പരസ്പരം ഉതപ്പിനിടയാക്കിയതിനും മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഈ പ്രസ്താവനയില്‍ അടുത്ത കാലത്തുണ്ടായ ഐക്യത്തെ പ്രത്യേകം അനുസ്മരിക്കുന്നു:

''ലൂതറന്‍ സഭയിലും കത്തോലിക്കാസഭയിലും ഉള്‍പ്പെട്ട നാം കഴിഞ്ഞ അമ്പതുവര്‍ഷങ്ങളിലായി നടത്തിയ സഭൈക്യയാത്രയില്‍ ഏറെ കൃതജ്ഞതാഭരിതരാണ്. ഈ തീര്‍ഥാടനം, നമ്മുടെ പൊതു പ്രാര്‍ഥനകളാലും, സഭൈക്യസംവാദങ്ങളാലും പോഷിപ്പിക്കുകയും തല്‍ഫലമായി, മുന്‍വിധികളെ നീക്കുന്നതിനും, പരസ്പരധാരണയെ വളര്‍ത്തുന്നതിനും, നിശ്ചിത ദൈവശാസ്ത്രങ്ങളിലെ തനിമ തിരിച്ചറിയുന്നതിനും ഇടയായിട്ടുണ്ട്...  ഈ വഴികളില്‍ ചൊരിയപ്പെട്ട അനേക നന്മകള്‍ക്കുമുമ്പില്‍,   ത്രിയേകദൈവത്തിന്‍റെ കാരുണ്യത്തിന്, അവിടുത്തെ സ്തുതിച്ചു കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ ഉയരുകയാണ്...''

ഒന്നിച്ചുള്ള യാത്രയില്‍, പ്രതിജ്ഞാബദ്ധതയോടെ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട്, ക്രിസ്തുവിന്‍റെ ഹിതത്തിനൊത്തവണ്ണം, കൂടുതലായ ഐക്യത്തിലേയ്ക്കു നീങ്ങാമെന്നുള്ള പ്രതീക്ഷയോടെ, ഇനിയും നിലനില്‍ക്കുന്ന വ്യത്യസ്തതകളെ മറികടക്കുന്നതിനുളള ആഗ്രഹം വ്യക്തമാക്കി, ''നിങ്ങളില്‍ സല്‍പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ ദിനത്തിലേയ്ക്ക് അതു പൂര്‍ത്തിയാക്കും'' എന്നുള്ള (Phil 1:6) പ്രത്യാശ ഏറ്റുപറഞ്ഞു കൊണ്ടാണ് പ്രസ്താവന അവസാനിച്ചിരിക്കുന്നത്.

 








All the contents on this site are copyrighted ©.