2017-10-27 12:39:00

തൊഴില്‍രാഹിത്യം മാനവ ഔന്നത്യത്തെ ഹനിക്കുന്നു-പാപ്പാ


തൊഴിലിന്‍റെ അഭാവമുള്ളിടത്ത് മാനവന്തസ്സ് അപ്രത്യക്ഷമാകുന്നുവെന്നും എന്നാല്‍ എല്ലാ തൊഴിലും ഔന്നത്യപ്രദായകമല്ലെന്നും മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കാല്യരിയില്‍ വ്യാഴാഴ്ച( 26/10/17) തുടക്കം കുറിക്കപ്പെട്ട നാല്പ്പത്തിയെട്ടാം ദേശീയ കത്തോലിക്ക സാമൂഹ്യവാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്  അന്നു നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.

മനുഷ്യവ്യക്തിയുടെ ഔന്നത്യത്തെ ഹനിക്കുന്ന തൊഴിലുകളും ഉണ്ടെന്ന് പാപ്പാ യുദ്ധത്തെ പരിപോഷിപ്പിക്കുന്ന ആയുധോല്‍പ്പാദനം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് മുന്നറിയിപ്പുനല്കി.

അതുപോലെതന്നെ വേശ്യാവൃത്തിക്കായി  മനുഷ്യക്കടത്തുനടത്തുന്നതും കുട്ടികളെ ലൈംഗികചൂഷണത്തിനായി വില്‍ക്കുന്നതും, ശരിയായ ആനുകൂല്യങ്ങളും കൂലിയും നല്‍കാത്ത അനധികൃതമായ തൊഴിലും മാനവാന്തസ്സിന് നിരക്കാത്തതാണെന്നും പാപ്പാ വ്യക്തമാക്കി.

അനേകം തൊഴിലാളികളില്‍ തുറന്ന മുറിവുണ്ടാക്കിയിരിക്കുന്ന തൊഴില്‍പരമായ അനിശ്ചിതാവസ്ഥയെയും പാപ്പാ ശക്തമായി വിമര്‍ശിക്കുന്നു.

നാളെ ജോലിയുണ്ടാകുമോ എന്ന ആശങ്കയില്‍ കഴിയേണ്ടിവരികയെന്നത് അധാര്‍മ്മികമാണെന്നും അത് മാനവാന്തസ്സിനെ, ആരോഗ്യത്തെ, കുടുംബത്തെ, സമൂഹത്തെ ഇല്ലായ്മചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.

സാമ്പത്തികവും തൊഴില്‍പരവുമായ പ്രതിസന്ധിയായി ക്രമേണ പരിണമിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ മനുഷ്യവ്യക്തിയുടെ നന്മയ്ക്കും പൊതുഭവനത്തിന്‍റെ പരിപാലനത്തിനും മുന്‍തൂക്കം നല്കുന്നതായിരിക്കണം പൊതു അധികാരികള്‍ ആസൂത്രണം ചെയ്യുന്ന എല്ലാ പദ്ധതികളും എന്ന് ഓര്‍മ്മപ്പെടുത്തി.  

ഇറ്റലിയിലെ കത്തോലിക്കരുടെ സാമൂഹ്യവാരചരണ സമ്മേളനം ഞായറാഴ്ച സമാപിക്കും.

 








All the contents on this site are copyrighted ©.