2017-10-26 09:34:00

കുര്‍ബ്ബാനക്രമത്തിലെ തെറ്റുകള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുത്തല്‍


കൂദാശകളുടെ പരിഭാഷ സംബന്ധിച്ച തെറ്റുകള്‍ തിരുത്തേണ്ട ഉത്തരവാദിത്ത്വം ചൂണ്ടിക്കാണിക്കുന്ന
പാപ്പായുടെ  പ്രത്യേക കത്തിനെക്കുറിച്ച്...

1. തിരുത്തലിനുള്ള  കാരണം
കൂദാശകള്‍ക്കും ആരാധനക്രമകാര്യങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തില്‍നിന്നും പ്രസിദ്ധിപ്പെടുത്തിയ പാപ്പായുടെ പ്രബോധനം ‘മഹത്തായ തത്വ’ത്തെ സംബന്ധിച്ച (Magnum Principium)  വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊണ്ടാണ് പാപ്പാ കത്തയച്ചത്. ഒക്ടോബര്‍ 21-Ɔ൦ തിയതി ശനിയാഴ്ചയാണ് കത്തെഴുതിയത്. സഭയുടെ ആരാധനക്രമകാര്യാലയത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട് സറായ്ക്കാണ് തിരുത്തല്‍-കത്ത് അയച്ചത്. കത്ത് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയും വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തും വ്യാഖ്യാനത്തില്‍ വന്നിരിക്കുന്ന പിഴവുകള്‍ മാറ്റിയെടുക്കാണമെന്ന് പാപ്പാ കത്തിലൂടെ ആവശ്യപ്പെട്ടു.

ദിവ്യപൂജാക്രമംപോലുള്ള സഭയുടെ ആരാധാനക്രമ ഗ്രന്ഥങ്ങളുടെ പരിഭാഷയും അവയുടെ ഭാഷാസമഗ്രതയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളാണ് പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ തിരുത്തിയത്. പാപ്പായുടെ സ്വാധികാരപ്രബോധനത്തിന്‍റെ (Magnum Principium)  പൊരുള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെയും, അല്ലെങ്കില്‍ അത് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടും വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തില്‍നിന്നും  മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ പത്രികയാണ് ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണര്‍ത്തിയിരിക്കുന്നത്.

2. തെറ്റുചൂണ്ടിക്കാണിക്കുന്ന കത്തിന്‍റെ പൊരുള്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്കിയ സ്വാതന്ത്ര്യമാണ് തദ്ദേശവത്ക്കരണം. അതുപ്രകാരം സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളും കൂദാശകളും പ്രാദേശിക ദേശീയ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. അതില്‍പ്പിന്നെ 50 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പരിഭാഷകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്ത്വം മെത്രാന്‍ സമിതികളില്‍ നിക്ഷിപ്തമായിരുന്നെങ്കിലും, അതിന്‍റെ ശരി തെറ്റും, ഭാഷാശുദ്ധിയും സംബന്ധിച്ച ഉത്തരവാദിത്തം പൂര്‍ണ്ണമായും
പരിശുദ്ധ സിംഹാനത്തിനായിരുന്നു ഇക്കാലമാത്രയും (cf. Doc. Liturgiam Authenticam).

 എന്നാല്‍ 2017 ഒക്ടോബര്‍ 1-ന് പാപ്പാ ഫ്രാന്‍സിസ് പ്രസിദ്ധപ്പെടുത്തിയ സ്വാധികാര പ്രബോധനംവഴി  (Magnum Principium)  ഭാഷയുടെ പരിശുദ്ധി, സംസ്ക്കാരത്തനിമ, മൂലകൃതിയോടുള്ള വിശ്വസ്തത എന്നിവയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്ത്വം ദേശീയ പ്രാദേശിയ മെത്രാന്‍ സമിതികളില്‍ നിക്ഷിപ്തമാണെന്ന് പ്രബോധനം വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച നടത്തിപ്പുകളുടെ കാര്യക്ഷമതയ്ക്കായി സഭയുടെ കാനോന നിയമത്തിലും (കാനന്‍. 838, Para.2, 3) വേണ്ട മാറ്റങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് വരുത്തുകയുണ്ടായി. അതുപ്രകാരം, പരിഭാഷയുടെ അംഗീകാരം പരമമായും പരിശുദ്ധ സിംഹാസനത്തിനാണെങ്കിലും, ഭാഷാപരമായി മൂലകൃതിയോടുള്ള വിശ്വസ്തതയ്ക്കും ശുദ്ധിക്കും, അതിന്‍റെ ശരിതെറ്റിനുമുള്ള പൂര്‍ണ്ണ ഉത്തരവാദിത്ത്വം മെത്രാന്മാരില്‍ നിക്ഷിപ്തമാണെന്ന കാര്യം കാനോന നിയമത്തിലെ ഭേദഗതി നിജപ്പെടുത്തിയിട്ടുള്ളതാണ്. “മഹത്തായ തത്വം” (Magnum Principium)  എന്ന പ്രബോധനംവഴി മെത്രാന്മാരില്‍ നിക്ഷിപ്തമാകുന്ന പരിഭാഷയുടെ ഉത്തരവാദിത്ത്വത്തെ അവഗണിച്ചപോലെ, വീണ്ടും അത് പഴയ സഭാപ്രബോധനത്തിന്‍റെ അധികാരത്തില്‍ (Liturgiam Authenticam) പരിശുദ്ധസിംഹാനത്തിന്, അല്ലെങ്കില്‍ ആരാധനക്രമത്തിനായുള്ള വത്തിക്കാന്‍ സംഘത്തില്‍ നിക്ഷിപ്തമാണെന്നു വ്യാഖ്യാനിച്ച് പ്രസിദ്ധപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് വഴിതെളിച്ചത്.

3. മൊഴിമാറ്റത്തില്‍ പാലിക്കേണ്ട മൂന്നു പ്രമാണങ്ങള്‍ 
ലത്തീന്‍ ഭാഷയിലുള്ള മൂലകൃതിയെ (Typical Latin Text) ആധാരമാക്കിയായിരിക്കണം പരിഭാഷ. ഏതു ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെടുന്നുവോ ആ ഭാഷയുടെ പരിശുദ്ധി (ഭാഷാശൈലി, ഒഴുക്ക് താളാത്മകത എന്നിവ) മാനിക്കേണ്ടതാണ്. സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയുടെ ഘടന മാനിച്ചായിരിക്കണം വിശ്വസ്തമായ തര്‍ജ്ജിമ (fidelter) നടത്തേണ്ടതെന്നും പാപ്പാ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 








All the contents on this site are copyrighted ©.