2017-10-25 11:34:00

''സുവിശേഷാനന്ദത്തിന്‍റെ പ്രളയം തീര്‍ക്കുവിന്‍'': യുവതയോടു പാപ്പാ


2018-ല്‍ നടക്കാനിരിക്കുന്ന യുവജനങ്ങളെ കേന്ദ്രമാക്കിയുള്ള സിനഡിനൊരുങ്ങുന്ന കനേഡിയന്‍ മെത്രാന്മാരുടെ സഹായാര്‍ഥം നടത്തിയ ടെലിവിഷന്‍ പരിപാടിയോടനുബന്ധിച്ച്, കാനഡയിലെ യുവജനങ്ങള്‍ക്കായി ഒക്ടോബര്‍ 23-ാം തീയതി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ അവരോട് ഇങ്ങനെ അഭ്യര്‍ഥിച്ചത്.  

''അറ്റ്ലാന്‍റിക് മുതല്‍ പസഫിക് വരെയുള്ള ദേശത്തിന്‍റെ കഥാനായകരായ നിങ്ങളോടുകൂടി അല്പസമയം സംവാദത്തിനായി ചെലവഴിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്'' എന്നുപറഞ്ഞു കൊണ്ടാരംഭിക്കുന്ന വീഡിയോ സന്ദേശത്തില്‍, സാങ്കേതിക ജ്ഞാനവും ആധുനികമാധ്യമങ്ങളും നന്മയ്ക്കായി ഉപയോഗിക്കാനും, ദൈവത്തിനു അവരെക്കുറിച്ചുള്ള പദ്ധതി തിരിച്ചറിഞ്ഞു പൂര്‍ത്തിയാക്കാനും അവരോടു ആഹ്വാനം ചെയ്തു. മെത്രാന്‍ സിനഡിന്‍റെ പ്രമേയം അനുസ്മരിപ്പിച്ചുകൊണ്ട്, പാപ്പാ തുടരുന്നു: ''നിങ്ങള്‍ ഇതാ ഞാന്‍ എന്നു പറയുന്നതു കേള്‍ക്കാനാഗ്രഹിച്ചുകൊണ്ട്, യേശു നിങ്ങളെ വീക്ഷിക്കുകയാണ്, നിങ്ങളുടെ ശബ്ദത്തിനായി കാതോര്‍ക്കുകയാണ്''.

ക്രിസ്തുവുമായി കണ്ടുമുട്ടുന്നതിലൂടെ കൈവരുന്ന ''സുവിശേഷാനന്ദത്തിന്‍റെ ഒരു പ്രളയം'' ഈ ഭൂവില്‍ തീര്‍ക്കുവാനുള്ള ആഹ്വാനത്തോടെ, അവര്‍ക്ക് പ്രത്യേകമായ ആശീര്‍വാദം നല്‍കി, ''നിങ്ങളെ ആലിംഗനം ചെയ്യുന്നു'' എന്ന വാത്സല്യപൂര്‍വമായ വാക്കുകളോടെയാണ് പാപ്പായുടെ എട്ടുമിനിട്ടുള്ള ഈ വീഡിയോ സന്ദേശം അവസാനിക്കുന്നത്.  വീഡിയോ സന്ദേശം വിവിധ ഭാഷകളില്‍ നല്‍കിയിട്ടുണ്ട്.  ഇംഗ്ലീഷിലുള്ള സന്ദേശം ഈ ലിങ്കില്‍ ലഭ്യമാണ്. https://youtu.be/SzAxy6DQhTQ

 








All the contents on this site are copyrighted ©.