2017-10-25 10:08:00

''പാരിസ്ഥിതിക പ്രശ്നങ്ങളോടു സത്വരപ്രതികരണമാവശ്യം'': പാപ്പാ


ഒക്ടോബര്‍ 23 മുതല്‍ 25 വരെ തീയതികളില്‍ റോമില്‍ വച്ചു നടക്കുന്ന ''ജലവും കാലാവസ്ഥയും'' എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കിയ സന്ദേശത്തിലാണ്, പാരിസ്ഥിതികപ്രശ്നങ്ങളോടു സത്വരമായി പ്രതികരിക്കുക അവശ്യമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചത്. 

വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍, പാപ്പായുടെ ഈ സന്ദേശം സമ്മേളനത്തിന്‍റെ ആദ്യദിനമായ 23-ാംതീയതി വായിച്ചു. സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു:  നിങ്ങളുടെ സംയുക്തമായ ഈ പ്രതിബദ്ധത  ഭൗമികജലസംഭരണികളെ സംരക്ഷിക്കുക വഴി ഇന്നത്തെ  ശുദ്ധജലദൗര്‍ലഭ്യത്തിന് ഒരു പ്രായോഗികപരിഹാരം തേടുക എന്നതിനെക്കാള്‍, പരിസ്ഥിതി പരിപാലനയുടെ ഒരു സംസ്ക്കാരത്തിനും, വികസനത്തിനും പ്രോത്സാഹനമേകുന്ന ഒരു സമഗ്രസമീപനം അവശ്യമാണ് എന്ന അവബോധം അന്താരാഷ്ട്രസമൂഹത്തിനു നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയോടുകൂടിയതാകണം (LS. 231).

തകര്‍ച്ചയിലായിരിക്കുന്ന ദരിദ്രരായ നമ്മുടെ സഹോദരീസഹോദരന്മാരെയാണ്  ശുദ്ധജലദൗര്‍ലഭ്യത്തിന്‍റെയും പരിസ്ഥിതി വ്യതിയാനത്തിന്‍റെയും ദുരന്തം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നത് പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട്, സത്വരവും ഫലപ്രദവുമായ പ്രത്യുത്തരം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പാപ്പാ തന്‍റെ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍വശക്തനായ ദൈവം ഈ ഉച്ചകോടിയെ നയിക്കട്ടെ എന്നും, ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കും ഇതിനായി പ്രതിബദ്ധതയോടെ അധ്വാനിക്കുന്ന എല്ലാവര്‍ക്കും നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള വിജ്ഞാനവും അതിനായി അധ്വാനിക്കുന്നതിനുള്ള ദീര്‍ഘക്ഷമയും നല്‍കട്ടെ എന്നുമുള്ള പ്രാര്‍ഥനാശംസയോടെയാണ് പാപ്പായുടെ സന്ദേശം അവസാനിക്കുന്നത്.

23 മുതല്‍ 25 വരെ റോമില്‍ വച്ചു നടക്കുന്ന ഈ ഉച്ചകോടിയു‌ടെ ആദ്യദിനത്തിലാണ് പാപ്പായുടെ സന്ദേശം വായിക്കപ്പെട്ടത്. സന്ദേശം വായിച്ചതിനെത്തുടര്‍ന്ന് കര്‍ദിനാള്‍ പ്രഭാഷണം നടത്തി.  ജലത്തെയും കാലാവസ്ഥയെയും അധികരിച്ചുള്ള ഈ ഈ ഉച്ചകോടിയില്‍ ലോകത്തിലെ മഹാനദികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണു മുന്‍തൂക്കം കൊടുക്കുക.  ഐക്യരാഷ്ട്രസംഘടനയുടെ വിവിധ ഘടകങ്ങളുടെയും മറ്റ് യൂറോപ്യന്‍ സംഘടനകളുടെയും സംയുക്തസംരംഭമായ ഈ ഉച്ചകോടിക്ക്, പരിസ്ഥിതിക്കുവേണ്ടിയുള്ള  ഇറ്റാലിയന്‍ മന്ത്രാലയമാണ് ആതിഥ്യമരുളുന്നത്.

 








All the contents on this site are copyrighted ©.